തിരുവനന്തപുരം: കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ച ഹൈക്കോടതി വിധി ഭരണഘടനയോടും ഭരണഘടന നല്കുന്ന സംഘടിക്കാനുള്ള ജനാധിപത്യവകാശങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം.ഷെഫ്റിന്‍. കോടതി വിധിയില്‍ പ്രതിഷേധിച്ച്ഫ്രറ്റേണിറ്റി മൂവ്മെന്റ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷകരാകേണ്ട നീതിപീഠങ്ങളില്‍ നിന്ന് ഇത്തരത്തില്‍ ജനാധിപത്യ ധ്വംസനങ്ങളുടെ വിധി വരുന്നത് അതീവ ഗുരുതരമാണ്. സാമൂഹ്യനീതിയിലധിഷ്ഠിതമായ നവജനാധിപത്യ സാമൂഹിക -രാഷ്ട്രീയ ക്രമത്തില്‍ വിശ്വസിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ ഈ വിധി ഫ്രറ്റേണിറ്റിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്. കാമ്പസുകളില്‍ നിന്ന് എന്നത്തേക്കാളും സജീവമായ ജനാധിപത്യ ശബ്ദങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതും രാജ്യത്തെ പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ നേതൃപരമായ പങ്കുവഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ നാളുകളില്‍ കോടതികളില്‍ നിന്നു പുറത്തു വരുന്ന ജനാധിപത്യവിരുദ്ധമായ വിധികള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.
മാനേജ്മെന്റുകളുടെ താല്പര്യങ്ങള്ക്കനുസൃതമായി മാത്രം കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യങ്ങളും പൗരാവകാശങ്ങളും അനുവദിക്കപ്പെടുക എന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ഉചിതമല്ല. കാമ്പസുകള്ക്കകത്തു പോലും എല്ലാ ഭരണകൂട അതിക്രമങ്ങളും നടക്കുകയും എന്നാല്‍ അതിനെ തിരെയോ തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയോ ജനാധിപത്യ രീതികളിലൂടെപ്പോലും പ്രതികരിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് കടിഞ്ഞാണിടുകയും ചെയ്യുന്നത് തികഞ്ഞ അനീതിയാണ്. ഇത്തരം നിരോധങ്ങളെ ശക്തമായ പ്രതിഷേധങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും മറികടക്കണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥി സമൂഹത്തോട് ആഹ്വാനം ചെയ്തു. ഈ കോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്തി വിദ്യാര്‍ത്ഥികളുടെ ജനാധിപത്യവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കോടതി വിധി പരിശോധിച്ച് തുടര്‍ നിയമ പോരാട്ടത്തെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ഷാഹീന്‍ ശിഹാബ്,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ.അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് സെക്രട്ടറിയേറ്റിന്റെ കവാടത്തില്‍ പൊലീസ് തടഞ്ഞു.പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.പോലീസ് ജലപീരങ്കി ഉപയോഗിച്ചു.സംഘര്‍ഷത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നഈം ഗഫൂറിന് പരിക്കേറ്റു.അദ്ദേഹത്തെ ജില്ലാ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ചിന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം അമീന് റിയാസ്, സംസ്ഥാന കാമ്പസ് സമിതിയംഗങ്ങളായ സബീല്‍ ,ശരീഫ്,മുര്‍ശിദ,മുനീബ് തുടങ്ങിയവര്‍ നേതൃത്വം നല്കി.