കാലങ്ങളായി നിരവധി പരിഷ്കാരങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിട്ടുള്ളതാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖല. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് എന്ന് അവകാശപ്പെടുമ്പോഴും ഉന്നതവിദ്യാഭ്യാസരംഗത്ത് ഈ മുന്നേറ്റം സാധ്യമാക്കാന്‍ നാളിതുവരെയായി നടത്തിയ ശ്രമങ്ങള്‍കൊണ്ട് കേരളത്തിനു സാധിച്ചിട്ടില്ല എന്നതൊരു യാഥാര്‍ഥ്യമാണ്. നിരവധി വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി ഇതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത് എന്നതു തന്നെയാണ് ഇതിന്റെ മികച്ച ഉദാഹരണം. വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന മികച്ച അവസരങ്ങള്‍ ഇവിടെ വേണ്ടത്ര ഇല്ലാതിരിക്കെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്ന വിദ്യാര്‍ഥികളുടെ പ്രവണതയെ നമുക്ക് കുറ്റപ്പെടുത്താനാവില്ല. അതേസമയം, ഈ അവസരം കണ്ടെത്തല്‍ പ്രക്രിയ നമ്മുടേത് പോലെയുള്ള ഒരു സംസ്ഥാനത്ത് എത്ര പേര്‍ക്ക് സാധ്യമാവും എന്നത് പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്.
കേരളത്തിലെ ഈ അവസരമില്ലായ്മ പുറംതള്ളുന്നത് ആരെയാണ് എന്ന ഗൗരവമുള്ള ഒരു ചോദ്യത്തെയും നാം അഭിമുഖീകരിക്കേണ്ടതുണ്ട്. ചരിത്രപരമായി പിന്നാക്കം നിര്‍ത്തപ്പെട്ടു പോയ ജനവിഭാഗങ്ങളെയും സാമ്പത്തിക സുസ്ഥിതിയില്ലാത്തവരായ ഒരു സമൂഹത്തെയുമാണ് പ്രത്യക്ഷത്തില്‍ തന്നെ അത് ബാധിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. കോവിഡ് പ്രതിസന്ധികള്‍ മൂലം ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റപ്പെട്ട സന്ദര്‍ഭത്തില്‍ തന്നെ ഈ സാമൂഹിക യാഥാര്‍ഥ്യം ചര്‍ച്ചകളിലേക്ക് ഉയര്‍ന്നു വന്നിട്ടുള്ളതാണ്. സാമൂഹ്യനീതി അട്ടിമറിക്കപ്പെടുന്നു എന്ന ഈ അടിസ്ഥാന പ്രശ്നത്തിന്റെ പരിഹാരം കണ്ടെത്തുന്നതിലൂടെ മാത്രമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടം കൈവരിക്കാനാവുക എന്ന നിരീക്ഷണ പാഠങ്ങള്‍ നമുക്കു മുന്നിലുണ്ട്.
സാമൂഹ്യനീതി അടിസ്ഥാനപ്പെടുത്തി ഉന്നതവിദ്യാഭ്യാസമേഖലയില്‍ പരിഷ്കരണം കൊണ്ടുവരും എന്നത് പുതിയ മന്ത്രിസഭയുടെ ആദ്യ പ്രഖ്യാപനത്തില്‍ തന്നെ ഉണ്ടായിട്ടുള്ളതും ഇക്കാരണത്താല്‍ തന്നെയാവണം. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ കഴിഞ്ഞ തവണത്തേതുപോലെ ഇത്തവണയും അത് ആവര്‍ത്തിച്ചിട്ടുണ്ട് എന്നതാണ് ഏറെ രസകരം. അടിസ്ഥാന പ്രശ്നത്തെ വിലയിരുത്തുന്നതിലും പ്രഖ്യാപനം നടത്തുന്നതിലും പുലര്‍ത്തുന്ന കാര്യക്ഷമതയും ആര്‍ജവവും സാമൂഹ്യ നീതി ഉറപ്പുവരുത്തി ഉന്നതവിദ്യാഭ്യാസമേഖലയുടെ പുരോഗതി സാധ്യമാക്കുന്നതില്‍ കൂടി പുലര്‍ത്തണം.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ നല്കിയ നിരവധി വാഗ്ദാനങ്ങളിലൊന്നായിരുന്നു
ന്യൂനപക്ഷ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്.
ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അനുമതിയും ഉണ്ടായിരുന്നു. വാഴയൂര്‍ സാഫി കോളേജ് സ്ഥലം വിട്ടുനല്‍കിയിരുന്നുവെങ്കിലും ഇതുവരെയും അവിടെ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുവാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടില്ല. മറ്റൊരു വാഗ്ദാനമായ അറബിക് സര്‍വകലാശാലയും നിലവില്‍ പൂര്‍ണമായും ഒഴിവാക്കപ്പെട്ട അവസ്ഥയിലാണ്. സംഘ് പ്രീണനത്തിന് പേരുകേട്ട ഒരു സര്‍ക്കാരില്‍ നിന്നും അതിനി പ്രതീക്ഷിക്കുന്നതിലും അര്‍ത്ഥമില്ല. കാര്‍ഷിക സര്‍വകലാശാലയുടെ ഒരു സബ് സെന്റര്‍ പേരാമ്പ്രയില്‍ ആരംഭിക്കുമെന്ന് വകുപ്പ് മന്ത്രി തന്നെ പറഞ്ഞിരുന്നു. അതിന്റെ നടപടികളും ഇതുവരെയും ആരംഭിച്ചിട്ടില്ല. ഇങ്ങനെ പാഴായിപ്പോയ വാഗ്ദാനങ്ങള്‍ നിരവധിയുള്ളതുകൊണ്ടാണ് പുതിയ പ്രഖ്യാപനങ്ങളെ കുറിച്ചും സന്ദേഹങ്ങളുയരുന്നത്. ആശങ്കകളില്ലാതെ ഉന്നത വിദ്യാഭ്യാസ മേഖലയെ മുന്നോട്ടു നയിക്കുന്നതിന്
പുതിയ വകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ മുന്‍ഗണനയില്‍ തന്നെയുണ്ടാവേണ്ടത് അനിവാര്യമാണ്.
പുതിയ മന്ത്രിസഭ അധികാരമേറ്റതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്കുന്ന പ്രധാന മേഖലകളിലൊന്നാണ് ഉന്നത വിദ്യാഭ്യാസ മേഖല എന്ന് പറഞ്ഞിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യനീതിയും പ്രാദേശിക സന്തുലിതാവസ്ഥയും ഉറപ്പുവരുത്തുന്ന ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഇത്തരം പരാമര്‍ശങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് അക്കാദമിക സമൂഹം വീക്ഷിക്കുന്നത്. സാമൂഹ്യനീതി പാലിക്കപ്പെടാത്ത നയങ്ങളും വികസനത്തിലെയും വിഭവ വിതരണത്തിലെയും അസന്തുലിതാവസ്ഥയും പരിഹരിച്ച് മുന്നോട്ടു പോകാന്‍ മാറിമാറി സംസ്ഥാനം ഭരിച്ച സര്‍ക്കാരുകള്‍ക്ക് ഇക്കാലമത്രയും കഴിഞ്ഞിട്ടില്ല. മലബാര്‍ ജില്ലകളില്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിലനില്‍ക്കുന്ന അവഗണനകളും അവസരമില്ലായ്മയും ഈ അസന്തുലിതാവസ്ഥയെ ബോധ്യപ്പെടുത്തുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരേണ്ട സാഹചര്യം നിലനില്ക്കുമ്പോള് സന്തുലിതവും വിഭവ ലഭ്യത ഉറപ്പു വരുത്തുന്നതുമായ നയങ്ങളും ഇടപെടലുകളും കൂടുതല്‍ അനിവാര്യമാക്കുന്നുണ്ട്. അതിലേക്കുള്ള ചില സൂചനകളാണ് ചുവടെ.
– ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പുതിയ പദ്ധതികൾ
വിദ്യാഭ്യാസം കേവലം വിവര കൈമാറ്റ പ്രക്രിയ മാത്രമല്ല. വിദ്യാര്‍ഥികളുടെ വ്യക്തിപരമായ കഴിവുകള്‍ വികസിക്കപ്പെടുന്നതും പൊതു വിജ്ഞാനമാര്ജിക്കുന്നതും ക്ലാസ് മുറികളിലൂടെയാണ്. അധ്യാപകരും വിദ്യാര്‍ഥികളുമായി നടക്കുന്ന ആശയസംവാദങ്ങളിലൂടെയാണത് വികസിക്കുന്നത്. സ്കൂള്‍ തലത്തില്‍ നിന്നും വ്യത്യസ്തമായി കോളേജ് തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അത് നഷ്ടമാകുന്നുവെന്നത് ചെറിയ കാര്യമല്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വ്യാപകമായപ്പോള്‍ ഇത്തരം അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകുന്നു എന്നു മാത്രമല്ല, കേവലം യാന്ത്രികമായ ഒന്നായി അത് മാറുകയും ചെയ്തിട്ടുണ്ട്. പാഠഭാഗങ്ങള്‍ പറഞ്ഞു തീര്‍ത്ത് അവസാനിപ്പിക്കുന്ന രീതി മാത്രമാണ് നടക്കുന്നത്. ഇതൊരു പരിമിതിയാണ് എന്ന യാഥാര്‍ഥ്യം മനസ്സിലാക്കി അധ്യാപനം കൂടുതല്‍ സംവേദനക്ഷമതയുളളതാക്കുന്ന പുതിയ പദ്ധതികള്‍ ആവിഷ്കരിക്കണം. കഴിഞ്ഞ 14 മാസത്തെ ഓണ്‍ലൈന്‍ ക്ലാസുകളെ മുന്‍നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ സര്‍വേ/ഓഡിറ്റ് നടത്തുകയും പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുകയും അതു പ്രകാരം ആവശ്യമായ മാറ്റങ്ങളോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.
– വിതരണത്തിലെ നീതിയും അന്യായ പ്രചാരണങ്ങളും
ഉന്നത വിദ്യാഭ്യാസമേഖലയിലും മറ്റുമുള്ള ആനുകൂല്യങ്ങളും അവസരങ്ങളും
മുസ്ലിം സമൂഹം അന്യായമായും കൂടുതലായും നേടുന്നു എന്ന വംശീയവും മുന്‍വിധിയോടെയുമുള്ള
അസത്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ കോടതി വിധിയിലൂടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമായിരുന്ന പരിമിതമായ ആനുകൂല്യങ്ങള്‍ പോലും റദ്ദുചെയ്യപ്പെട്ടിരിക്കുന്നു. സാമൂഹ്യനീതിയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുന്ന വ്യാജമായ ഇത്തരം പ്രചരണങ്ങളുടെ വസ്തുതകള്‍ സര്‍ക്കാര്‍ പുറത്തുവിടുകയും പരിഹാര പദ്ധതികള്‍ യഥാവിധം നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാണിക്കുകയും ചെയ്യണം. ന്യൂനപക്ഷ പദ്ധതികളിലെ അനുപാതവുമായി ബന്ധപ്പെട്ടുണ്ടായ പുതിയ കോടതിവിധി മൂലം നഷ്ടം സംഭവിക്കുന്ന നിരവധി മുസ്ലിം വിദ്യാര്‍ഥികളുണ്ട്. സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്യപ്പെട്ടതിനെ പുന:സ്ഥാപിക്കുന്നതിനായി ക്രിയാത്മകമായ നിയമ ഇടപെടല്‍ നടത്താനും ഒപ്പം അടിയന്തിരമായിത്തന്നെ പ്രശ്ന പരിഹാരത്തിനായി നിയമനിര്‍മാണം നടത്താനും സര്‍ക്കാര്‍ തയ്യാറാവണം.
ഒപ്പം പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് പിന്നാക്ക ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ കൃത്യമായി പഠിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹമായ പദ്ധതികളും ആനുകൂല്യങ്ങളും നടപ്പാക്കുകയും വേണം. 1982 മുതല്‍ തന്നെ പരിവര്‍ത്തിത ക്രിസ്ത്യന്‍ വികസന കോര്പറേഷന് നിലവിലുണ്ടെങ്കിലും ഇപ്പോഴും സാമൂഹികമായും രാഷ്ട്രീയമായും വിദ്യാഭ്യാസപരമായുമെല്ലാം ഈ ജനത പിന്നാക്കം തന്നെയാണ്.
– ഓപണ്‍ സര്‍വകലാശാല
2020 ഒക്ടോബര്‍ രണ്ടിനാണ് കേരളത്തില്‍ ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ഓപണ്‍ സര്‍വകലാശാല പ്രഖ്യാപിക്കപ്പെട്ടത്. നിയമപരമായി സര്‍വകലാശാല പ്രാബല്യത്തില്‍ വന്നുവെങ്കിലും യുജിസിയുടെ അംഗീകാരം നേടുക, സര്‍വകലാശാലക്കു കീഴില്‍ ആരംഭിക്കുന്ന കോഴ്സുകളെ സംബന്ധിച്ചുള്ള തീരുമാനമെടുക്കുക എന്നീ പ്രാഥമിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കി അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട യാതൊരു പ്രഖ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല. ഈ അധ്യയന വര്‍ഷം മുതല്‍ ഓപണ്‍ കോഴ്സുകള്‍ ഈ സര്‍വകലാശാലയ്ക്ക് കീഴില്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും അതേക്കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ പോലും അതെക്കുറിച്ച് സൂചനകളൊന്നും തന്നെ ഇല്ലാതിരുന്നത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ അവ്യക്തതകള്‍ എത്രയും വേഗം നീക്കി ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍ ഉടന്‍ ആരംഭിക്കണം.
പി എസ് സി, യു പി എസ് സി തുടങ്ങിയ സ്ഥാപനങ്ങളിലും മറ്റ് സര്‍വകലാശാലകളിലും ഈ ഓപണ്‍ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മറ്റ് സര്‍വകലാശാലകളുമായും മലയാളികള്‍ ധാരാളമായി ജോലിയന്വേഷിച്ചു പോകുന്ന ഗള്‍ഫ് രാജ്യങ്ങളുമായും ഇത് സംബന്ധിച്ച ധാരണകള്‍ ഉണ്ടാക്കണം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിദൂരവിദ്യാഭ്യാസം വഴി പഠിക്കുന്ന ജില്ലകള്‍ എന്ന നിലയില്‍ മലബാര്‍ മേഖലയില്‍ യൂണിവേഴ്സിറ്റിക്ക് ഒരു റീജിയണല്‍ സെന്റര്‍ തുടക്കം മുതല്‍തന്നെ അനുവദിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. കൂടാതെ, ഓപണ്‍ സര്‍വകലാശാല നിലവില്‍ വരുന്നതിനൊപ്പം തന്നെ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നിലവിലുള്ള സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ നിലനിര്‍ത്തുകയും വേണം.
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റെഗുലറായി പഠിക്കാനാവശ്യമായ സ്ഥാപനങ്ങളോ സീറ്റുകളോ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയാത്തതിനാലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓപണ്‍ സര്‍വകലാശാലക്കു കീഴില്‍ പഠിക്കേണ്ടി വരുന്നത്. വസ്തുത ഇതായിരിക്കെ മറ്റു സര്‍വകലാശാലകളില്‍ നിന്ന് നേടുന്ന ബിരുദവും സംസ്ഥാന ഓപണ്‍ സര്‍വകലാശാല സര്‍ട്ടിഫൈ ചെയ്യുന്ന ബിരുദവും വ്യത്യസ്ത ഗ്രേഡിംഗ് ഉള്ളതാവുക എന്നത് നീതിയാവില്ല. അതിനാല്‍ത്തന്നെ കേവലം ഒരു ഓപണ്‍ സര്‍വകലാശാല എന്നതിനപ്പുറത്ത് ഇന്ദിരാഗാന്ധി ഓപണ്‍ സര്‍വകലാശാല പോലെ (ഇഗ്നോ) മികച്ച ഗുണനിലവാരവും മൂല്യവുമുള്ള സര്‍വകലാശാലയായി ഇതിനെ ഉയര്‍ത്താനാവശ്യമായ കര്‍മപദ്ധതികള്‍ക്ക് ആദ്യമേ രൂപം നല്കല് അനിവാര്യമാണ്.
– അനിവാര്യമാകുന്ന പുതിയ യൂണിവേഴ്സിറ്റികള്‍
ഒരു യൂണിവേഴ്സിറ്റിക്ക് കീഴില്‍ 100 കോളേജുകള്‍ എന്നതാണ് യുജിസി യുടെ ഇതു സംബന്ധിച്ച വിഭാവന. എന്നാല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ലഭ്യമായ വിവരമനുസരിച്ച് 477 കോളേജുകള്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ദൈനംദിനം യൂണിവേഴ്സിറ്റി പ്രവര്‍ത്തനങ്ങള്‍, മൂല്യനിര്‍ണയം, സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ കാര്യങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ കാലതാമസവും മറ്റു പ്രശ്നങ്ങളും സൃഷ്ടിക്കപ്പെടുന്നത് തുടര്‍ക്കഥയാണ്. എം ജി യൂണിവേഴ്സിറ്റിക്കു കീഴിലും 277 അഫിലിയേറ്റഡ് കോളേജുകളുണ്ട്. യൂണിവേഴ്സിറ്റികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റുന്നതിനും യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തന ഭാരം കുറക്കുക എന്നത് വളരെ അനിവാര്യമാണ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി, എം ജി യൂണിവേഴ്സിറ്റി എന്നിവയെ ക്രമീകരിച്ച് പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളെ കേന്ദ്രീകരിച്ച് പുതിയ യൂണിവേഴ്സിറ്റികള്‍ ആരംഭിക്കണം. സാം പിത്രോഡ ചെയര്‍മാനായിരുന്ന നോളജ് കമ്മിഷന് മുന്നോട്ടുവച്ച കൂടുതല്‍ ചെറിയ സര്‍വകലാശാലകള്‍ തുറക്കുക എന്ന നിര്‍ദേശം കൂടുതല്‍ സജീവവും ക്രിയാത്മകവുമായ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കും. സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പെടെ അഫിലിയേറ്റ് ചെയ്ത അഞ്ഞൂറിലധികം സ്ഥാപനങ്ങള്‍ അഞ്ചു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തന ഭാരം കുറക്കുക എന്നത് ഏറ്റവും അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടുന്ന ഒന്നാണ്.
കൂടാതെ, ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്ന ഉയര്‍ന്ന ഹയര്‍ സെക്കന്ററി വിജയികള്ക്കനുസൃതമായി ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ മേഖലയില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഇതിനു പരിഹാരമായി സംസ്ഥാനത്തുടനീളം സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളും കോഴ്സുകളും ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രഖ്യാപിക്കപ്പെട്ട ഓരോ മണ്ഡലത്തിലും മിനിമം ഒരു കോളേജ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച പല കോളേജുകളും സ്വന്തം കെട്ടിടത്തിലല്ല പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍ എല്ലാം വളരെ വേഗത്തില്‍ ഉറപ്പാക്കേണ്ടതുണ്ട്.
– ന്യൂജനറേഷന് കോഴ്സുകള്‍ അനുവദിക്കുക
പുതിയ കാലത്ത് ന്യൂജനറേഷന് കോഴ്സുകള്‍ നേടുന്നതിന് ധാരാളം സാധ്യതകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയവ തുടരുകയും പുതുതായി കൂടുതല്‍ ആരംഭിക്കേണ്ടതുമുണ്ട്. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ പ്രളയം, കാലാവസ്ഥാവ്യതിയാനങ്ങള്‍, മണ്ണിടിച്ചില്‍ തുടങ്ങിയവ മുന്‍നിര്‍ത്തി ഡിസാസ്റ്റര്‍ മാനേജ്മെന്റ് കോഴ്സുകള്‍ കൂടുതല്‍ സര്‍വകലാശാലകളിലും കോളേജുകളിലും അനുവദിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി/ പി ജി കോഴ്സുകള്‍ക്കൊപ്പം ഓപ്ഷണല്‍ പേപ്പറായി പ്രസ്തുത വിഷയം ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. അതേ സമയം NAAC എ പ്ലസ് ഗ്രേഡിംഗ് ലഭിച്ച കോളേജുകള്‍ക്ക് ആണ് പൊതുവെ ന്യൂജന്‍ കോഴ്സുകള്‍ അനുവദിക്കുക. അത്തരം കോളേജുകള്‍ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ ആയിട്ടുള്ളത്. അതിനാല്‍ മലബാര്‍ കേന്ദ്രീകരിച്ച് ന്യൂജന്‍ കോഴ്സുകള്‍ അനുവദിക്കാനുള്ള പ്രത്യേകം പദ്ധതി ഉണ്ടാവണം. ധാരാളം തൊഴിലധിഷ്ഠിത കോഴ്സുകളും ന്യൂജെന്‍ കോഴ്സുകളും ഓണ്‍ലൈന്‍ വഴിയായതിനാല്‍ അതിനുള്ള സംവിധാനങ്ങളടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും തീരദേശ ആദിവാസി പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകുന്നുണ്ട് എന്നുറപ്പ് വരുത്തുന്നതിലും അവരെ പ്രത്യേകം പരിഗണിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധയൂന്നേണ്ടതുണ്ട്.
– സേവനാവകാശ നിയമം
കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സേവനാവകാശ നിയമം ഫലപ്രദമായി നടപ്പിലാക്കണം. പരീക്ഷാ ഫലം, പുനര്‍മൂല്യനിര്‍ണയം, സര്‍ട്ടിഫിക്കറ്റുകളുടെയും മറ്റ് രേഖകളുടെയും വിതരണം തുടങ്ങിയവ സമയബന്ധിതമായി ലഭ്യമാക്കാന്‍ സേവനാവകാശ നിയമം നടപ്പാക്കുന്നതിലൂടെ സാധിക്കും. വിവരാവകാശ നിയമത്തിന്റേതിനു സമാനമായി സര്‍വകലാശാലകളില്‍ സേവനാവകാശ നിയമത്തിനും ഹെല്പ് ഡസ്ക് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ജാഗ്രത കാണിക്കണം.
– സംവരണ അട്ടിമറികള്‍ സാമൂഹ്യ നീതിയോടുള്ള വെല്ലുവിളി
ഉന്നതവിദ്യാഭ്യാസ മേഖലയിലെ സംവരണത്തില്‍ ധാരാളം അട്ടിമറികള്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്നിട്ടുണ്ട്. ബന്ധുനിയമനവും സംവരണ അട്ടിമറിയുമെല്ലാം സര്‍ക്കാര്‍ ഒത്താശയോടെ തുടരുന്നത് ജനവഞ്ചനയും സാമൂഹ്യ നീതിയോടുള്ള വെല്ലുവിളിയുമാണ്. ദലിത് – ആദിവാസി – പിന്നാക്ക സാമൂഹ്യ വിഭാഗങ്ങള്‍ പുറന്തള്ളപ്പെടുന്ന സംവരണത്തിലെ അനീതി അവസാനിപ്പിക്കേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്തമാണ്.
– സംഘപരിവാര്‍ ആസൂത്രിത ശ്രമങ്ങള്‍
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന കാവിവല്‍ക്കരണം നമ്മുടെ സംസ്ഥാനത്തും പ്രത്യക്ഷമായി നടപ്പിലാകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാസര്‍കോട് കേരള സര്‍വകലാശാലയിലെ അസി പ്രൊഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്റെ സസ്പെന്ഷന്. ക്ലാസ് മുറികള്‍ക്കകത്തും പുറത്തും ജനാധിപത്യാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ഇടപെടലുകള്‍ ഗൗരവമായി ഉണ്ടാവേണ്ടത്, ദേശീയതലത്തില്‍ നടപ്പാക്കുന്ന നയങ്ങള്‍ക്ക് ബദല്‍ സമീപനം മുന്നോട്ടുവെക്കുമെന്ന് അവകാശപ്പെടുന്ന
ഈ സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്.
– മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ പിന്നാക്കാവസ്ഥക്കുള്ള പരിഹാരം
മലബാറിലെ വിദ്യാഭ്യാസ മേഖലയനുഭവിക്കുന്ന അസന്തുലിതാവസ്ഥയും വിവേചനവും പരിഹരിക്കാനുള്ള ഇടപെടല്‍ വേണമെന്നത് വര്‍ഷങ്ങളായി നില നില്ക്കുന്ന ആവശ്യമാണ്. മാറിമാറിവരുന്ന സര്‍ക്കാരുകള്‍
നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ അവര്‍ക്കൊന്നും തന്നെ കഴിഞ്ഞിട്ടില്ല. ഹയര്‍ സെക്കന്ററി മുതല്‍ ഉന്നതവിദ്യാഭ്യാസരംഗം വരെ വിവേചനങ്ങള്‍ അനുഭവിക്കുന്ന മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് എല്‍.ഡി.എഫ് ഇലക്ഷന് മാനിഫെസ്റ്റോയില്‍ വാഗ്ദാനം നല്കിയിട്ടുള്ളതാണ്.
വര്‍ഷങ്ങളായി മലബാര്‍ മേഖല അനുഭവിക്കുന്ന വിദ്യാഭ്യാസ വിവേചനങ്ങള്‍ പരിഹരിക്കുന്നതിന് പാലോളി കമ്മീഷന് റിപ്പോര്‍ട്ട് മുതല്‍ നിരവധിയായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കോളേജുകളുടെയും കോഴ്സുകളുടെയും എണ്ണത്തിലുള്ള അപര്യാപ്തത പരിഹരിക്കുന്നതിനുള്ള ഇടപെടലിന് സര്‍ക്കാര്‍ അടിയന്തര പ്രാധാന്യം നല്‍കണം. വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു സമഗ്രമായ മലബാര്‍ പാക്കേജ് ഉണ്ടാക്കി ഉടന്‍ നടപ്പിലാക്കണം.
പ്ലാനിങ് കമ്മീഷന് അസാധുവാക്കപ്പെട്ടതോടു കൂടി വിദ്യാഭ്യാസമേഖലക്ക് പ്രത്യേകമായി യുജിസിയുടെ പ്ലാന്‍ അവതരിപ്പിക്കപ്പെടുന്നില്ല. എന്നാല്‍, വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റെ കീഴില്‍ പദ്ധതികള്‍ , ഫണ്ടുകള്‍ തുടങ്ങിയവക്ക് രൂപം നല്കുന്ന സാഹചര്യം ഉണ്ടാകണം. കൂടാതെ, പുതിയ കാലതൊഴില്സാധ്യതകള് മുന്‍നിര്‍ത്തി സ്കില്‍ സെന്ററുകള്‍/പാര്‍ക്കുകള്‍ എന്ന സ്വഭാവത്തില്‍ ജില്ലകളിലും യൂണിവേഴ്സിറ്റികള്‍ക്കു കീഴിലും സ്കില്‍ എജ്യുക്കേഷന്‍ പ്രോഗ്രാം നടപ്പാക്കാവുന്നതാണ്.