തിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് കെ ടി യു സിന്‍ഡിക്കേറ്റ് മാര്‍ച്ച് നടത്തി. സി എ എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 17 ന് ഹര്‍ത്താല്‍ ദിവസം നടന്ന കെ ടി യു പരീക്ഷകള്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും എഴുതാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പുന: പരീക്ഷ നടത്തുക, സീരീസ് ടെസ്റ്റുകള്‍ പുന:ക്രമീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. സി ഇ ടി ഗേറ്റിനു മുന്നില്‍ നിന്നാരംഭിച്ച് കെ ടി യു സിന്‍ഡിക്കേറ്റിലേക്ക് നടന്ന മാര്‍ച്ച് സര്‍വകലാശാലാ ഗേറ്റിനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഗേറ്റ് ഉപരോധിച്ചു. ഉപരോധം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മുജീബ് റഹ്മാന് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദില്‍ എ, സംസ്ഥാന കമ്മിറ്റിയംഗം അമീന് റിയാസ്, കെ ടി യു കൗണ്‍സിലംഗം ഫര്ഹാന് എന്നിവര്‍ സംസാരിച്ചു. ഉപരോധം നീണ്ടതിനെ തുടര്‍ന്ന് നേതാക്കളുള്‍പ്പെടെയുള്ള സമര പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മുജീബ് റഹ്മാന്, സംസ്ഥാന കമ്മിറ്റിയംഗം അമീന് റിയാസ്, കെ ടി യു കൗണ്‍സിലംഗം ഫര്ഹാന്, ജില്ല സെക്രട്ടറി ഇമാദ് വക്കം, ഫായിസ് ശ്രീകാര്യം, റസീം, നജീബ്, ഫൈസല്‍, സാജിദ്, അജ്ഹദ് എന്നിവരാണ് അറസ്റ്റിലായത്. നൗഫ, അര്‍ഷദ്, നാസിഹ തുടങ്ങിയവര്‍ മാര്‍ച്ചിനും ഉപരോധത്തിനും നേതൃത്വം നല്കി.
കഴിഞ്ഞ ദിവസം ആദില്‍. എ, ഫ്രറ്റേണിറ്റി മൂവ്മെന്റ് കെ ടി യു കൗണ്‍സില്‍ അംഗം ഫര്ഹാന് എ.സി എന്നിവരുടെ നേതൃത്വത്തില്‍ കെ ടി യു സിന്‍ഡിക്കേറ്റ് അംഗങ്ങളായ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഡീന്‍ എന്നിവരെ കാണുകയും സിന്‍ഡിക്കേറ്റ് മീറ്റിംഗില്‍ ഹര്‍ത്താല്‍ കാരണം നഷ്ടപ്പെട്ട പരീക്ഷ സംബന്ധിച്ചും സീരീസ് ടെസ്റ്റുകളുടെ പുന:ക്രമീകണം സംബന്ധിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.