കല്‍പ്പറ്റ: മലബാറിനോടുള്ള വിവേചനം ചൂണ്ടിക്കാണിക്കുന്നവരെ ലാത്തികൊണ്ടും കള്ളക്കേസുകൾ കൊണ്ടും തടഞ്ഞുനിർത്താമെന്നത് ഇടത് സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് വയനാട് ജില്ലാ പ്രെസിഡന്റ് ദിവിന ഷിബു അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയിൽ മുപ്പതിനായിരത്തോളം വിദ്യാർത്ഥികൾ പ്ലസ് വൺ സീറ്റില്ലാതെ പുറത്തു നിൽക്കുന്ന വിഷയം ഉയർത്തിക്കൊണ്ട് ഫ്രറ്റെണിറ്റി മൂവ്മെന്റ് മലപ്പുറം നടത്തിയ സമാധാനപരമായ മാർച്ചിന് നേരെ പോലീസ് നരനായാട്ട് നടത്തുകയും കള്ളക്കേസുകൾ ചുമത്തി നേതാക്കളെ റിമാൻഡ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. വയനാട് ജില്ലയിലും പതിനായിരത്തിലേറെ വിദ്യാർത്ഥികൾ പ്ലസ് വൺ സീറ്റ് ഇല്ലാതെ പുറത്തു നിൽക്കുന്ന സാഹചര്യമാണുള്ളത്. തെക്കൻ കേരളത്തിൽ പതിനായിരക്കണക്കിന് പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് മലബാറിനോടുള്ള സർക്കാരിന്റെ ഈ അവഗണന. എത്രയും വേഗം പ്രസ്തുത പ്രശ്നം പരിഹരിക്കാൻ സർക്കാർ മുന്നോട്ട് വരാത്ത പക്ഷം വയനാട് ജില്ലയും തീക്ഷ്ണമായ സമരങ്ങൾക്ക് സാക്ഷിയാവുമെന്നും അവർ പറഞ്ഞു. കല്പറ്റ നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഷഫീഖ് ടി, ജില്ലാ സെക്രട്ടറിമാരായ ദിൽബർ സമാൻ ഇ.വി, മുസ്ഫിറ ഖാനിത, ജില്ലാ കമ്മറ്റി അംഗങ്ങളായ ബിൻഷാദ് പി, ശൈസാദ് ബത്തേരി, മണ്ഡലം നേതാക്കളായ അജ്മൽ എ.പി, ഹുസ്സൈൻ തരുവണ എന്നിവർ പങ്കെടുത്തു.
Share this post