തിരുവനന്തപുരം : 2020-21 അധ്യയന വർഷത്തെ പത്താം ക്ലാസ് റിസൾട്ട് വന്നു കഴിഞ്ഞ സാഹചര്യത്തിൽ മലപ്പുറത്തെ സീറ്റ് അപര്യാപ്തതയെ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. രണ്ടാം തരംഗത്തിന് ശേഷം വരുന്ന റിസൾട്ട് എന്ന നിലയിലും പ്ലസ് വൺ അഡ്മിഷനുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും വിദ്യാർത്ഥികളും വലിയ ആശങ്കയിലായിരിക്കുകയാണ്.
ഓരോ വർഷവും മലപ്പുറം ജില്ലയിലെ കാൽ ലക്ഷത്തിനടുത്ത് വിദ്യാർഥികളാണ് റഗുലർ പഠനസൗകര്യമില്ലാത്തതിൻ്റെ പേരിൽ പുറത്ത് നിൽക്കേണ്ടി വരുന്നത്. ഈ വർഷം 30,000 ത്തോളം വിദ്യാർത്ഥിക്കാണ് തുടർ പഠനം നിഷേധിക്കപ്പെടുന്നത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ വിവേചനത്തെ കൂടുതൽ ശക്തമായി ഉന്നയിക്കാനാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആഗ്രഹിക്കുന്നത്.-അധികാരികളുടെ ഈ അലംഭാവത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ നിയമസഭ ഉപരോധിച്ചു.
നിയമസഭ മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ സഫീർ എ.കെ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആദിൽ.എ, സൈദ് ഉമർ തങ്ങൾ, ഫയാസ് ഹബീബ്, സൽമാൻ താനൂർ, സി.പി ഷരീഫ്, ഹാദി ഹസൻ, അജ്മൽ കോഡൂർ, ഇൻസാഫ് കെ.കെ, പി.കെ.ഷബീർ, തുടങ്ങിയവർ സംസാരിച്ചു. മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.നിയമസഭക്ക് മുന്നിൽ ഭരണകൂടത്തിന്റെ മലബാർ വിവേചനത്തെ മുൻനിർത്തിയുള്ള വ്യത്യസ്ത ആവിഷ്കാരങ്ങളും അവതരിപ്പിച്ചു.