തൊടുപുഴ: ജൂൺ 5 ” നമുക്ക് സാഹോദര്യ തണൽ വിരിക്കാം ” പരിസ്ഥിതി കാമ്പയിനിൻ്റെ ഭാഗമായി മുതിയാമല പാറമട വിരുദ്ധ സമരപന്തൽ സന്ദർശിച്ച് ഫ്രറ്റേണിറ്റിയുടെ ഐക്യദാർഡ്യം രേഖപ്പെടുത്തി. സംസ്ഥാന സെക്രട്ടറി അമീൻ റിയാസ് പാറമട വിരുദ്ധ സമരസമിതി അംഗം ഷിജു കെ ജോസഫിന് ഫലവൃക്ഷ തൈ കൈമാറി സംസാരിച്ചു.
കാലങ്ങളായി പാറമട ഖനനത്തിനെതിരെ കൈപ്പയിലെ പ്രദേശവാസികൾ സമരത്തിലാണ്. അതിൻ പ്രകാരം പാറമടയിൽ ഖനനം നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേയും ഉണ്ടായിരുന്നു. എന്നാൽ കൊറോണ മാരിയുടെയും തിരഞ്ഞെടുപ്പിൻ്റെയും മറവിൽ പഞ്ചായത്ത് അധികൃതരും കുടയത്തൂർ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ളവർ ഇതുവരെ പ്രവർത്തിക്കാത്ത പാറമടക്ക് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്ന് കാണിച്ച് എൻ.ഒ.സി കൊടുത്തത് അന്യായമാണെന്നും ,അത് പിൻവലിക്കണമെന്നും , പ്രദേശവാസികളുടെ ആശങ്കയകറ്റുകയും ഖനന ശ്രമങ്ങൾ തടയുവാനും വേണ്ട ഇടപെടലുകൾ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി ഇടുക്കി ജില്ലാ പ്രസിഡൻറ് അൻഷാദ് അടിമാലി സമര പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു.. സമരസമിതി നേതാക്കളായ അജീഷ് സെബാസ്റ്റിൻ, ജിൻസ് അഗസ്റ്റിൻ, ജോൺസൺ തോമസ് എന്നിവർ നേതൃത്വം നൽകി.