എസ്.എസ്.എല്‍.സി വിജയം 98 ശതമാനമുള്ള വയനാട് ജില്ലയില്‍ ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റുകള്‍ ലഭ്യമാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 11518 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി വിജയിച്ച ജില്ലയില്‍ ആകെ 6795 ഗവ/എയ്ഡഡ് മെറിറ്റ് സീറ്റുകളാണുള്ളത്. ഗവ/എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്മ്യൂണിറ്റി സീറ്റുകള്‍ എന്നിവ കൂടി പരിഗണിച്ചാലും 3568 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പ്ലസ് വണ്‍ പഠിക്കാനുള്ള സൗകര്യം ജില്ലയിലില്ല. സര്‍ക്കാര്‍ പോളിടെക്നിക്/ഐ.ടി.ഐകളും സ്വാശ്രയ സ്കൂളുകളും പരിഗണിച്ചാലും പിന്നെയും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കണക്കിന് പുറത്താണ്. കാലങ്ങളായി വിദ്യാഭ്യാസപരമായും സാമൂഹികമായും പുറംതള്ളപ്പെട്ട ആദിവാസി ജനവിഭാഗങ്ങളടക്കമുള്ളവര് അധിവസിക്കുന്ന ജില്ലയില്‍, പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് കൂടുതല്‍ പേരെ പഠനം നിര്‍ത്താന്‍ പ്രേരിപ്പിക്കും. ഇത് അടിസ്ഥാന ജനവിഭാഗങ്ങളുടെ പുരോഗതിയെ പിന്നോട്ടുവലിക്കും. ജില്ലയിലെ പ്രസ്തുത പ്രതിസന്ധിക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ അധിക പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കലാണ് പരിഹാരം. പ്രസ്തുത ആവശ്യമുന്നയിച്ചുകൊണ്ട് മുഴുവന്‍ എം.എല്‍.എ മാര്‍ക്കും ഫ്രറ്റേണിറ്റി മൂവ്മെന്റ് നിവേദനം നല്‍കുമെന്നും ദ്രുതഗതിയിലുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും ജില്ലാ പ്രെസിഡന്റ് ദിവിന ഷിബു പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് ഷഫീക് ടി, നഈമ ആബിദ്, വൈസ് പ്രെസിഡന്റ്മാരായ ഹിഷാം പുലിക്കോടന്, നാദിയ ഷാഹിദ്, സെക്രട്ടറിമാരായ ദില്‍ബര്‍ സമാന് ഇ.വി, മുസ്ഫിറ ഖാനിത, ശുഐബ് മുഹമ്മദ് ആര്.വി എന്നിവര്‍ പങ്കെടുത്തു.
Share this post