ലോക്ക്ഡൗണ്‍ കാലയളവില്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പോലീസും കേന്ദ്രഭരണകൂടവും നടത്തുന്ന മുസ്ലിം വേട്ടക്കെതിരെ ഡേ നൈറ്റ് പ്രധിഷേധ പരിപാടി സംഘടിപ്പിച്ചു. ‘ഡിഫ്യൂസിങ് സ്റ്റേറ്റ് നരേറ്റീവ്സ്, വോയിസ് ദി സൈലന്‍സ്’ എന്ന തലക്കെട്ടില്‍ രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനത്തെയും ദേശീയ തലത്തിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ ഫേസ്ബുക് ലൈവിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. സി എ എ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണി പോരാളികളായ ആയിഷ റെന്ന, ലദീദ ഫര്‍സാന, ദി ക്വിന്റ് സീനിയര്‍ എഡിറ്റര്‍ ആദിത്യ മേനോന്, ഫ്രറ്റേണിറ്റി നാഷണല്‍ പ്രസിഡന്റ് ഡോ. അന്‍സാര്‍ അബൂബക്കര്‍, ഫ്രറ്റേണിറ്റി ദേശിയ സെക്രട്ടറിയും സി എ എ വിരുദ്ധ പോരാളിയുമായ ഷര്‍ജീല്‍ ഉസ്മാനി, ജെ ന് യു വിലെ ഗവേഷക വിദ്യാര്‍ത്ഥിയും ബാപ്സയുടെ കണ്‍വീനറുമായ ജിതേന്ദ്ര സുന, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി നേതാവ് തസീന്‍ ജുനൈദ്, മാധ്യമം സീനിയര്‍ കറസ്പോണ്ടന്റ് ഹസനുല്‍ ബന്ന, മീഡിയ വണ്‍ ചീഫ് ബ്രോഡ്കാസ്റ് ജേര്ണലിസ്റ് ജസീം പി പി. തുടങ്ങിയവര്‍ ഫേസ്ബുക് ലൈവിലൂടെ സംസാരിച്ചു.
കോവിഡ് 19 ന്റെ ലോക്കഡോണിന്റെ മറവില്‍ ഭരണകൂടം നടത്തുന്ന മുസ്ലിം വേട്ടയില്‍ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം പി മാര്‍ക്ക് പ്രതിഷേധക്കാര്‍ ഇ-മെയിലുകള്‍ അയച്ചു.ഫ്രറ്റേര്‍ണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എസ് നിസാര്‍ ഉത്ഘാടനം ചെയ്തു. സി എ എ വിരുദ്ധ സമര പ്രവര്‍ത്തകയും ഗര്‍ഭിണിയുമായ സഫൂറ സര്‍ഗറിനെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ചു കൊണ്ട് ഗര്‍ഭിണികളായ സമരപ്രവര്‍ത്തകരുടെ പ്രധിഷേധ പരിപാടി നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗര്‍ഭിണികളായ പോരാളികള്‍ ഫേസ്ബുക് ലൈവിലൂടെയാണ് പങ്കെടുത്തത്. ഡേ നൈറ്റ് പ്രതിഷേധത്തിന്റെ ഭാഗമായുള്ള കാന്‍ഡില്‍ ലൈറ്റ് പ്രതിഷേധത്തില്‍ നിരവധി വിദ്യാര്‍ത്ഥി യുവജങ്ങള്‍ ഭാഗമായി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് രാത്രി 10 മണിക്ക് വീടുകളിലാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹീം ഫേസ്ബുക് ലൈവിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു.