തേഞ്ഞിപ്പാലം : വിദ്യാർത്ഥികളുടെ ചോദ്യങ്ങളെ നേരിടാൻ ഭയപ്പെടുന്ന മുഖ്യമന്ത്രി നവകേരളം – യുവകേരളം ബാനറും തൂക്കി സർവകലാശാലകൾ സന്ദർശിക്കുന്നത് കാപട്യമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. എസ്. നിസാർ. ‘ചോദ്യങ്ങളെ പേടിയുള്ള മുഖ്യമന്ത്രിയോട് ചിലത് ചോദിക്കാനുണ്ട്’ എന്ന തലക്കെട്ടിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എം@കാമ്പസ് പരിപാടിയുടെ വേദിയിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന മുഖ്യമന്ത്രിക്ക് മുമ്പാകെ വിദ്യാർത്ഥികൾ ഉന്നയിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങൾക്ക് നിരോധനമേർപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. ഉത്തരങ്ങളില്ലാത്തവരാണ് ചോദ്യങ്ങളെ ഭയപ്പെടുന്നത്. പി ആർ ഗിമ്മിക്കുകൾ മാത്രമാണ് ഉദ്ദേശം, അതിനപ്പുറം വിദ്യാർത്ഥികളുമായി നേർക്കുനേർ സംവദിക്കാൻ സർക്കാറിന് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി അഷ്റഫ് കെ കെ അധ്യക്ഷത വഹിച്ചു. കേരളത്തിലെ സർവ്വകലാശാലാ നിയമനങ്ങളിൽ യോഗ്യതയും ചട്ടങ്ങളും സംവരണതത്വങ്ങളും മറികടന്ന് തങ്ങളുടെ പാർട്ടിനേതാക്കളെയും അവരുടെ ഭാര്യമാരെയും ഉറ്റബന്ധുക്കളെയും തിരുകിക്കയറ്റുന്നത് വിദ്യാർത്ഥി -യുവജനങ്ങളോടുള്ള പ്രത്യക്ഷ വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ
”നവകേരളം – യുവകേരളം ബാനറും തൂക്കി സർവകലാശാലകൾ സന്ദർശിക്കുന്ന മുഖ്യമന്ത്രിയോട്” എന്ന പേരിൽ പത്ത് ചോദ്യങ്ങൾ ഫ്രറ്റേണിറ്റി മൂവ്മെൻറ് ഉന്നയിച്ചിരുന്നു.
പിൻവാതിൽ നിയമനം, സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ മലബാർ വിവേചനം, മുന്നാക്ക സംവരണം, ഓപൺ സർവകലാശാല തുടങ്ങിയ വിഷയങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു.യൂണിവേഴ്സിറ്റി aഅങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് യൂണിവേഴ്സിറ്റി പ്രധാന കവാടത്തിനു മുമ്പായി ദേശീയപാതയിൽ തേഞ്ഞിപ്പലം സി ഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരേ പോലീസ് അതിക്രമം അഴിച്ചുവിടുകയായിരുന്നു. പോലീസ് അക്രമത്തിൽ ഫ്രറ്റേണിറ്റി സംസ്ഥാന കാമ്പസ് സെക്രട്ടേറിയറ്റ് അംഗം സബീൽ ചെമ്പ്രശ്ശേരി,പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി സാബിർ അഹ്സൻ, മലപ്പുറം ജില്ല സെക്രട്ടറി ശരീഫ് സി പി, നാദിർ വള്ളിക്കുന്ന്, അംജദ് ഹനാൻ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സബീൽ ചെമ്പ്രശ്ശേരിയെ അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.മലപ്പുറം ജില്ല പ്രസിഡന്റ് ഡോ സഫീർ എ.കെ, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, മലപ്പുറം ജില്ല വൈസ് പ്രസിഡൻ്റ് സൽമാൻ താനൂർ, മലപ്പുറം ജില്ലാ കമ്മിറ്റിയംഗം ഹിബ പാലക്കാട് എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുനീബ് പേരാമ്പ്ര, മലപ്പുറം ജില്ല വൈസ് പ്രസിഡൻ്റ് സനൽ കുമാർ, മലപ്പുറം ജില്ല സെക്രട്ടറി സുമയ്യ ജാസ്മിൻ, പാലക്കാട് ജില്ലാ സെക്രട്ടറി ആബിദ് വല്ലപ്പുഴ, കലിക്കറ്റ് യൂണിവേഴ്സിറ്റി കമ്മറ്റി സെക്രട്ടറി ഹാദി ഹസ്സൻ തുടങ്ങിയവർ മാർച്ചിനു നേതൃത്വം നൽകി.