കോഴിക്കോട്: വർഷങ്ങളായി ജില്ലയോട് ഭരണകൂടം തുടർന്ന് കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണമെന്നും, ജില്ലയിലെ പ്ലസ്ടു, ഡിഗ്രി, പിജി സീറ്റുകളിലെ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ വർഷം എസ്. എസ്. എൽ. സി വിജയിച്ചവരിൽ 9958 വിദ്യാർത്ഥികൾക്ക് പഠിക്കാൻ ജില്ലയിൽ സീറ്റുകളില്ല. അതുപോലെ തന്നെ ഡിഗ്രി, പിജി സീറ്റുകളിലും ഗുരുതരമായ പ്രതിസന്ധിയാണ് ജില്ല നേരിട്ട്കൊണ്ടിരിക്കുന്നതു. വസ്തുത ഇതായിരിക്കെ നിയമസഭയിൽ ഹയർസെക്കന്ററി സീറ്റുമായി ബന്ധപ്പെട്ട ചർച്ചയിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കുറ്റപ്പെടുത്തി.
ജില്ലയോടുള്ള ഭരണകൂടത്തിന്റെ വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കുക എന്ന ആവശ്യമുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഒരു മാസം നീണ്ടു നിൽക്കുന്ന ‘വിദ്യാഭ്യാസ അവകാശ പ്രക്ഷോഭം’ സംഘടിപ്പിക്കും. ജില്ലയിൽ പുതിയ ബാച്ചുകൾ അനുവദിക്കുക, ഹൈസ്കൂളുകൾ ഹയർസെക്കന്ററി ആയി ഉയർത്തുക,പുതിയ സർക്കാർ കോളേജുകൾ അനുവദിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫ്രറ്റേണിറ്റി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
ജില്ലയിലെ വിത്യസ്ത പ്രദേശങ്ങളിലായി തെരുവ്ക്ലാസുകൾ, DDE ഓഫിസ് മാർച്ച്, AEO,DEO ഓഫീസ് ധർണ, രക്ഷിതാക്കളുടെ ഓൺലൈൻ പെറ്റീഷൻ സമർപ്പണം, പ്രതിഷേധ സംഗമങ്ങൾ തുടങ്ങിയ പ്രതിഷേധ പരിപാടികൾ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും ജില്ലാ കമ്മിറ്റി പറഞ്ഞു.
ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ, ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, സെക്രട്ടറിമാരായ ആയിഷ മന്ന, മുജാഹിദ് മേപ്പയ്യൂർ, എന്നിവർ സംസാരിച്ചു.