ആഗസ്റ്റ് 5 ന് കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നുള്ള കനത്ത നിയന്ത്രണങ്ങള്‍ കാരണം കശ്മീരിലുള്ള തങ്ങളുടെ കുടുംബവുമായി യാതൊരു ആശയ വിനിമയവും സാധ്യമാകാതെ വരികയും തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലകപ്പെടുകയും ചെയ്ത കൊച്ചിന് യൂണിവേഴ്സിറ്റിയിലെ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്.
സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് തോന്നയ്ക്കല്‍, വൈസ് പ്രസിഡന്റ് ഫസ്ന മിയാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫ്രറ്റേണിറ്റി സംസ്ഥാന നേതാക്കള്‍ യൂണിവേഴ്സിറ്റിയിലെ കശ്മീരി വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്തു. കുടുംബവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെയുള്ള പഠന – പഠനാനുബന്ധ ചെലവുകള്‍ സംഘടന ഏറ്റെടുക്കും. കശ്മീര്‍ ജനതയ്ക്കെതിരില് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അന്യായ നിയന്ത്രണങ്ങള്‍ക്കും പൗരാവകാശ ലംഘനങ്ങള്ക്കുമെതിരില് ആ ജനസമൂഹത്തോട് ഫ്രറ്റേണിറ്റി ഐക്യദാര്ഢ്യപ്പെടുന്നുവെന്നു നേതാക്കള്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.പി. ജുമൈല്‍, സി.ടി.സുഹൈബ്, കുസാറ്റ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് നസീഫ്, ജോ. സെക്രട്ടറി മുഹമ്മദലി കശ്മീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.