പാലക്കാട്: വാളയാർ കേസിൽ പുനരന്വേഷണം നടത്തുക, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് വാളയാറിൽ നിന്നും പാലക്കാട് കളക്ട്രേറ്റിലേക്ക് ലോങ്ങ് മാർച്ച് നടത്തി. സംസ്ഥാന നേതാക്കളുടെ സംഘം രാവിലെ കൊലചെയ്യപ്പെട്ട സഹോദരിമാരുടെ അമ്മയെ വീട്ടിൽ സന്ദർശിച്ചു കൊണ്ടാണ് മാർച്ച് ആരംഭിച്ചത്. അട്ടപ്പള്ളം സെൻററിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി മതി അംബേദ്കർ സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹീമിന് പതാക കൈമാറി. തുടർന്ന് കടുത്ത ചൂടിനെ അവഗണിച്ചു കൊണ്ട് ദേശീയപാതയിലൂടെ 23 കിലോമീറ്റർ ദൂരം കാൽനടയായി നീങ്ങിയ മാർച്ചിന് സത്രപ്പടി, പുതുശ്ശേരി, ചന്ദ്രനഗർ എന്നിവിടങ്ങളിൽ പ്രവർത്തകർ സ്വീകരണം നൽകി. വാളയാർ സഹോദരിമാരുടെ നീതിക്കായുള്ള പോരാട്ടത്തെ ആവേശപൂർവം ഏറ്റെടുത്ത് കേരളത്തിലെ വിവിധ കാമ്പസുകളിൽ നിന്നും മറ്റുമായി ആയിരത്തോളം വിദ്യാർത്ഥി-യുവജനങ്ങൾ മാർച്ചിൽ അണിനിരന്നു. വിവിധ കേന്ദ്രങ്ങളിലായി നടന്ന പൊതു യോഗങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നക്കൽ, വൈസ് പ്രസിഡന്റുമാരായ ഫസ്ന മിയാൻ, അനീഷ് പാറമ്പുഴ, നജ്ദ റൈഹാൻ സംസ്ഥാന സെക്രട്ടറിമാരായ സാന്ദ്ര എം ജെ, അജീഷ് കിളിക്കോട്ട്, ഷെഹിൻഷിഹാബ്, ആദിൽ എ, കെ.കെ അഷ്റഫ്, നഈം ഗഫൂർ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അമീൻ റിയാസ് , സനൽ കുമാർ, അർച്ചനാ പ്രജിത്ത്, ബിബിതാ വാഴച്ചാൽ പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി സാബിർ അഹ്സൻ തുടങ്ങിയവർ സംസാരിച്ചു.
വൈകുന്നേരം നാലു മണിയോടെ പാലക്കാട് കളക്ട്രേറ്റിലേക്ക് എത്തിച്ചേർന്ന മാർച്ച് ഗേറ്റിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ കലക്ടറേറ്റിനു മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. മാർച്ചിന് സമാപനം കുറിച്ചു കൊണ്ട് കളക്ട്രേറ്റിന് മുന്നിൽ നടന്ന പൊതുയോഗം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം, ജനറൽ സെക്രട്ടറി കെ.എസ്. നിസാർ, വെൽഫെയർ പാർട്ടി തമിഴ്നാട് ഘടകം സംസ്ഥാന വൈസ് പ്രസിഡൻറ് മണിമാരൻ,
പ്ലാച്ചിമട സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ, മുതലമട അംബേദ്കർ കോളനി സമര നേതാവ് ശിവരാജൻ മുതലമട, ഫ്രറ്റേണിറ്റി വൈസ് പ്രസിഡന്റ് എസ് മുജീബ് റഹ്മാൻ, വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.സി. നാസർ, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി തമന്ന സുൽത്താന എന്നിവർ സംസാരിച്ചു.
വിദ്യാർഥി – യുവജന സമര ചരിത്രത്തിൽ പുതിയൊരധ്യായമായി മാറിയ ലോങ്ങ് മാർച്ചിന് കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, വിവിധ കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥി നേതാക്കൾ തുടങ്ങിയവർ നേരത്തേ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.