ഇന്ത്യന്‍ സാമൂഹികാവസ്ഥയുടെ വൈവിധ്യങ്ങളെ അഭിമുഖീകരിക്കുന്ന ഒരു വിദ്യാര്‍ഥി സംഘടനയെ കുറിച്ച് കേരളത്തിലെ വിദ്യാര്‍ഥി സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവര്‍, കേന്ദ്രസര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍, ജനകീയ സമരത്തിലും പൗരരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും മുഴുകിയിരുന്ന യുവാക്കള്‍ എന്നിവര്‍ക്കിടയില്‍ ഫലപ്രദമായ സാമൂഹ്യ-രാഷ്ട്രീയ ഇടപെടലുകളെ കുറിച്ച ആലോചനകള്‍ക്ക് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.
മന്മോഹന് സിങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന വര്‍ഷങ്ങളില്‍ കീഴാള-ന്യൂനപക്ഷ യുവാക്കളെ കേന്ദ്രീകരിച്ചുള്ള ഭരണകൂട വേട്ടകള്‍ വ്യാപകമായപ്പോള്‍ ഈ ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന് വെച്ചു. 2014-ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറി സംഘ്പരിവാര്‍ അജണ്ടകള്‍ ഒളിമറകളില്ലാതെ നടപ്പിലാക്കി തുടങ്ങിയപ്പോള്‍ വിദ്യാര്‍ഥി-യുവജനങ്ങളുടെ വിയോജിപ്പിന്റെ രാഷ്ട്രീയബോധം ശക്തിപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ് ഇര്‍ഷാദിന്റെ നേതൃത്വത്തില്‍ 2015-ഓടുകൂടി ഈ ആലോചനകള്‍ക്ക് വ്യവസ്ഥാപിത രൂപം കൈവന്നു. 2015 മെയ് മാസത്തോടുകൂടി വിദ്യാര്‍ഥി-യുവജന സംഘാടന പരിചയമുള്ള 16 പേരെ ഉള്‍പെടുത്തി എസ് ഇര്‍ഷാദ് കണ്‍വിനറും സഫീര്‍ ഷാ കെ.വി അസിസ്റ്റന്റ് കണ്‍വിനറുമായി ഒരു താല്കാലിക കമ്മിറ്റി രൂപീകരിക്കുകയും ഒരു പുതിയ വിദ്യാര്‍ഥി സംഘടനാ രൂപീകരണത്തിന് വേണ്ടിയുള്ള അഡ്ഹോക്ക് കമ്മിറ്റിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. വ്യത്യസ്ത കാമ്പസുകളിലെ വിദ്യാര്‍ഥികളുമായി പുതിയ വിദ്യാര്‍ഥി സംഘടനാ രൂപീകരണത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ആദ്യ ഘട്ടത്തില്‍ നടന്ന പ്രധാന പരിപാടി.
ചര്‍ച്ചകളിലൂടെ രൂപപ്പെട്ട പ്രാഥമിക ധാരണയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകര്‍, കീഴാളപക്ഷ എഴുത്തുകാര്‍, ദലിത് ആക്ടിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍, വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ തുടങ്ങിയവരുമായി വിശദമായ ചര്‍ച്ചകള്‍ നടന്നു.
2016 ജനുവരി 2-ന് ഈ ചര്‍ച്ചകളില്‍ വിവിധ സമയങ്ങളില്‍ ഭാഗമായിരുന്ന വിദ്യാര്‍ഥി-യുവജന നേതാക്കളുടെയും അക്കാദമിക രംഗത്തുള്ളവരുടെയും യോഗം എറണാകുളം ആശിര്‍ഭവനില്‍ എസ്. ഇര്‍ഷാദിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സാദിഖ് മമ്പാട് വിദ്യാര്‍ഥി-യുവജന രാഷ്ട്രീയത്തിലെ പുതുപ്രവണതകളെ കുറിച്ച് പേപ്പര്‍ അവതരിപ്പിച്ചു. 33 പേര് പങ്കെടുത്ത പരിപാടിയില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഒരു വിദ്യാര്‍ഥി സംഘടനയെ കുറിച്ച് കണ്‍സപ്റ്റ് പേപ്പര്‍ തയ്യാറാക്കാന്‍ എസ് ഇര്‍ഷാദ്, സഫീര്‍ ഷാ എന്നിവരെ ചുമതലപ്പെടുത്തി.
വിദ്യാര്‍ഥി സംഘടന സ്വഭാവം, ആശയങ്ങള്‍, നയനിലപാടുകള്‍, ഊന്നലുകള്‍ എന്നിവയുടെ ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് ഇന്ത്യന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പിന്‍കാല ചര്‍ച്ചകളെ നിര്‍ണായകമായി സ്വാധീനിച്ച ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ 5 ദലിത് വിദ്യാര്‍ഥികളെ പുറത്താക്കിയ സംഭവമുണ്ടായത്- 2016 ജനുവരി 16-ന് രോഹിത് വെമുല ചരിത്രത്തില്‍ മായ്ക്കാനാകാത്ത അടയാളങ്ങള്‍ ബാക്കിവെച്ച് കടന്ന്പോയത്.
രോഹിത്തിന്റെ സ്ഥാപനവല്‍കൃത കൊലപാതകത്തെ തുടര്‍ന്ന് ഹൈദരാബാദ് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് തുടര്‍ പ്രക്ഷോഭങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി അംബുജാക്ഷനോടൊപ്പം വിദ്യാര്‍ഥി സംഘടന അഡ്ഹോക്ക് കമ്മിറ്റി അസിസ്റ്റന്റ് കൺവീനര്‍ സഫീര്‍ ഷാ 2 ദിവസം പൂര്‍ണമായി നേരിട്ട് പങ്കെടുത്തു. അന്ന് കാമ്പസിൽ പോലീസ് നടത്തിയ അതിക്രമങ്ങളെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽവാസമനുഷ്ഠിച്ചവരിൽ മുഹമ്മദ് ഷാ, റമീസ് വേളം, മുൻസിഫ് വേങ്ങാട്ടിൽ തുടങ്ങിയവരുൾപ്പെടെയുള്ള മലയാളി വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.ഇവരുടെ ജയിൽ മോചനത്തിനായി അവിടെ പ്രവർത്തിച്ചത് അഡ്ഹോക് കമ്മിറ്റിയംഗം കെ എസ് നിസാർ, ലിംസീർ അലി എന്നിവരായിരുന്നു.
പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യയിലെ വ്യത്യസ്ത സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുമായി പുതിയ രാഷ്ട്രീയ സംഘടനയെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി. യൂനിവേഴ്സിറ്റിയിലെ മലയാളികളായ വിദ്യാര്‍ഥികള്‍, ഗവേഷകന് സാദിഖ് മമ്പാട്, രോഹിത് വെമുല ജോയിന്റ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ റമീസ് വേളം, കെ.കെ അലി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
എച്.സി.യുവിലെ മലയാളികളായ ദലിത് വിദ്യാര്‍ഥികളുടെ മുന്‍കയ്യില്‍ ‘ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല’ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി രൂപീകരണത്തിന് നേതൃപരമായ പങ്ക്നിര്വഹിക്കുകയും സാങ്കേതികമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുകയും ചെയ്തത് പ്രസ്തുത അഡ്ഹോക്ക് കമ്മിറ്റിയായിരുന്നു.
2016 ഏപ്രിലില്‍ എറണാകുളം ആശിര്‍ഭവനില്‍ കേരളത്തിലെ നവസാമൂഹിക പ്രസ്ഥാനങ്ങള്‍, സാമൂഹിക നീതിക്കായി പ്രവര്‍ത്തിക്കുന്നവര്‍, ദലിത്-മുസ്ലിം-ന്യൂനപക്ഷ സംഘടനാ നേതാക്കള്‍ എന്നിവരുടെ സംഗമം വിളിച്ചുചേര്‍ത്ത് ‘ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല ജോയിന്റ് ആക്ഷന്‍ കമ്മിറ്റി കേരള’യുടെ രൂപീകരണം നടത്തുകയും കേരള ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സിമി കോറോട്ട് കണ്‍വിനറും സഫീര്‍ ഷാ കെ.വി അസിസ്റ്റന്റ് കണ്വിനറുമായാണ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തിച്ചത്.
ഈ മാര്‍ച്ച് വിജയിപ്പിക്കുന്നതിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തിലെ വ്യത്യസ്ത സാമൂഹിക സംഘടനാ നേതാക്കളുമായി പ്രത്യേകിച്ച് കേരളത്തിലെ ഏകദേശം മുഴുവന്‍ ദലിത് സംഘടനാ നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ബുദ്ധി ജീവികള്‍ തുടങ്ങിയവരുമായി നേരിട്ട് സംസാരിച്ചു. പരിപാടികളില്‍ പങ്കാളികളാക്കാനും പുതുരാഷ്ട്രീയത്തെ കുറിച്ച് വിശദമായും സംവാദാത്മകമായും ചെറുതും വലുതും ഔദ്യോഗികവും അല്ലാത്തതുമായ ധാരാളം ചര്‍ച്ചകള്‍ നടത്താനും സാധിച്ചു. അസ്ലം അലി കൊല്ലം, ശിയാസ് പെരുമാതുറ, ജസീം പി.പി, എ.എസ്.എ നേതാക്കളായ അരുണ്‍ അശോകന്, സിമി കോറോത്ത്, മുന്‍ ഡി.എസ്.എം നേതാവ് കണ്ണന്, മുജീബ് റഹ്മാന് എസ്, സാദിഖ് മമ്പാട്, കെ.വി സഫീര്‍ ഷാ, എസ്. ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്കി. 2016 മെയ് മാസത്തില്‍ നടന്ന രാജ്ഭവന് മാര്‍ച്ച് ശ്രദ്ധേയവും മികവുറ്റതുമായിരുന്നു.
ഇതേ സമയത്ത് നടന്ന ജെ.എന്‍.യു പ്രക്ഷോഭവും രോഹിത് വെമുല പ്രസ്ഥാനവും കേരളത്തിലെ കാമ്പസുകളിലും ധാരളം അലയൊലികള്‍ സൃഷിടിച്ചു. ഇങ്ക്വിലാബ്, സ്റ്റുഡന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, ചീര്, സെല്‍ഫി, വോയ്സ് ഓഫ് ബ്രണ്ണന്‍ തുടങ്ങീ വിവിധ പേരുകളില്‍ കേരളത്തിലെ വിവിധ കാമ്പസുകളില്‍ രൂപപ്പെട്ട വിദ്യാര്‍ഥി കൂട്ടായ്മകള്‍ അഡ്ഹോക്ക് കമ്മിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.
ഇതിനെതുടര്‍ന്ന് അഡ്ഹോക്ക് കമ്മിറ്റി വിശദമായി യോഗം ചേര്‍ന്ന് സാമൂഹിക നീതി, ജനാധിപത്യം, ഇന്ത്യന്‍ സാമൂഹികാവസ്ഥയുടെ പ്രത്യേകതകള്‍, വിവേചനങ്ങള്‍, പ്രതീക്ഷകള്‍, പുതിയ ഭാവങ്ങള്‍ തുടങ്ങിയവയെ കുറിച്ച് ധാരാളം ചര്‍ച്ചകളും അന്വേഷണങ്ങളും നടത്തി. ഇതേ സമയത്ത് ഇത്തരം ചര്‍ച്ചകളെ വിപുലപ്പെടുത്തുന്നതിനും വ്യവസ്ഥാപിതമാക്കുന്നതിനുമായി ‘ഡെമോക്രസി ഡയലോഗ് ഫോറം’ എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥി സാമൂഹിക കൂട്ടായ്മയായി മാറാനുള്ള ചര്‍ച്ചകള്‍ നടത്തുകയും ഈ കൂട്ടായ്മ പ്രവര്‍ത്തിച്ച് തുടങ്ങുകയും ചെയ്തു. ഈ കാലയളവില്‍ എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലായി 2 ദിവസം നീണ്ടണ്ടണ്ടുനിന്ന ക്യാമ്പുകളും പല തവണയായി ഏകദിന ക്യാമ്പുകളും സംഘടിപ്പിച്ചു. ധാരാളം ചര്‍ച്ചകള്‍ക്കും സംവാദങ്ങല്ക്കും ഒടുവിലാണ് കണ്‍സപ്റ്റ് പേപ്പര്‍ തയ്യാറാക്കപ്പെട്ടത്.
ഇതേ സമയം ഈ പുതിയ വിദ്യാര്‍ഥി രാഷ്ട്രീയ മുന്നേറ്റങ്ങളോട് കേരളത്തിലെ പരമ്പരാഗത വിദ്യാര്‍ഥി സംഘടനകള്‍ പ്രതിലോമകരമായ നിലപാടുകളാണ് സ്വീകരിച്ചത്. കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന കാമ്പസുകളില്‍ പുലര്‍ത്തിയിരുന്ന ജനാധിപത്യവിരുദ്ധ ഏകാധിപത്യ പ്രവണതകളോട് എതിരിട്ടാണ് ഡി.ഡി.എഫ് പ്രവര്‍ത്തനമാരംഭിച്ചത്. ഡി.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ഥികളെ എസ്.എഫ്.ഐ ദുഷ്പ്രചരണങ്ങള്‍ നടത്തിയും നിരന്തരമായ കയ്യേറ്റങ്ങളിലൂടെയും ഇല്ലാതാക്കാന്‍ ശ്രമിച്ചു. മഹാരാജാസ് കോളേജില്‍ രോഹിതിനായി പോസ്റ്റര്‍ പതിച്ച ഇങ്ക്വിലാബ് പ്രവര്‍ത്തകരെ എസ്.എഫ്.ഐ മര്‍ദ്ദിച്ചു. ഈ കാരണത്താലാണ് ഹൈദരാബാദ് സര്‍വകലാശാലയില്‍ ജോയിന്റ് ആക്ഷന്‍ കൗണ്‍സിലില്‍ പങ്കാളിത്തമുണ്ടായിരുന്ന എസ്.എഫ്.ഐയെ കേരളത്തില്‍ രൂപീകരിച്ച ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.
കണ്‍സപ്റ്റ് നോട്ടിനെ മുന്‍നിര്‍ത്തി ധാരാളം വിദ്യാര്‍ഥി-യുവജന നേതാക്കളെയും കാമ്പസിലെ വിദ്യാര്‍ഥികളെയും സന്ദര്‍ശിച്ച് ഈ രൂപീകരണ പ്രക്രിയയില്‍ പങ്കാളികളാക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. ഇതിനായി ജില്ലാ തലത്തില്‍ അഡ്ഹോക്ക് കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടു. 2016 ഓഗസ്റ്റ് 21-ന് കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഡി.ഡി.എഫിന്റെ താല്കാലിക സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. പിന്നീട് സെപ്റ്റംബര്‍ 2-ന് തൃശൂര്‍ വനിതാ ഇന്റോര്‍ സ്റ്റേഡിയത്തില്‍ ഡി.ഡി.എഫ് രൂപീകരണ കണ്വെന്ഷന് നടത്തി. കണ്‍വെന്‍ഷനില്‍ 38 അംഗ അഡ്ഹോക്ക് കമ്മിറ്റിയെയും കണ്വിനറായി കെ.വി സഫീര്‍ ഷായെയും പ്രഖ്യാപിച്ചു.
2016-17 അധ്യയന വര്‍ഷത്തില്‍ കേരളത്തിലെ വിവിധ കാമ്പസുകളില്‍ വ്യത്യസ്ത പേരുകളില്‍ ഈ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്ക്കുന്ന ധാരാളം കൂട്ടായ്മകള്‍ രൂപപ്പെട്ടു. കണ്ണൂർ ജില്ലയിലെ ഗവ.ബ്രണ്ണൻ കോളേജിൽ ‘വോയ്സ് ഓഫ് ബ്രണ്ണൻ’, തിരുവനന്തപുരം ഗവൺമെൻറ് വിമൻസ് കോളേജിൽ ‘സെൽഫി’, കോഴിക്കോട് ഫറൂഖ് കോളേജിൽ ‘എസ് എസ് ജെ (സ്റ്റുഡൻസ് ഫോർ സോഷ്യൽ ജസ്റ്റിസ്)’, മടപ്പള്ളി ഗവൺമെൻറ് കോളേജ് കോഴിക്കോട് ലോ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കൊടുങ്ങല്ലൂർ അസ്മാബി കോളേജ് എന്നിവിടങ്ങളിൽ ‘ഇൻക്വിലാബ് മൂവ്മെൻ്റ്’ എന്നിവ അത്തരത്തിൽ രൂപം കൊണ്ട വിദ്യാർത്ഥി കൂട്ടായ്മകളായിരുന്നു. ഇതിൽ ‘വോയ്സ് ഓഫ് ബ്രണ്ണൻ’, ‘സെൽഫി’ എന്നിവ ഏതാനും സീറ്റുകൾ വിജയിക്കുകയും ചെയ്തു. ഇവ കൂടാതെ മാനന്തവാടി ഗവ.കോളേജിൽ ചെയർമാൻ സ്ഥാനത്തേക്കും വിജയിച്ചു.
മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ രൂപപ്പെട്ട ഇങ്കുലാബിനെതിരെയും അതിന് നേതൃത്വം നല്കിയ സല്‍വ, സുആദ, ആദില്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് നേരെയും നടന്ന കയ്യേറ്റങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍, കുസാറ്റിലെ അക്രമ രാഷ്ട്രീയത്തിനെതിരെ നടത്തിയ സ്റ്റുഡന്‍സ് എഗനിസ്റ്റ് ലെഫ്റ്റ് പൊലീസിംഗ് എന്ന പൊതുപരിപാടി, കോഴിക്കോട് ‘വേര് ഈസ് നജീബ്’ എന്ന പേരില്‍ നടത്തിയ യുവജന സംഗമം, കലാലയങ്ങളിലെ ദലിത് പീഡനങ്ങള്‍ തടയാന്‍ രോഹിത് ആക്ട് നടപ്പിലാക്കുക, എസ്.എഫ്.ഐയുടെ കാമ്പസ് പൊലീസിംഗ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പ്രതിഷേധ പരിപാടികള്‍, എം.ജി യൂനിവേഴ്സിറ്റിയില്‍ ദലിത് വിദ്യാര്‍ഥികള്‍ക്കെതിരെ നിരന്തരം നടന്ന മര്ദ്ദനങ്ങള്ക്കെതിരെ നടത്തിയ പ്രതിഷധ സംഗമം, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിലെ സൂര്യഗായത്രിക്കെതിരെ എസ്.എഫ്.ഐ നടത്തിയ അക്രമത്തിനെതിരായ പ്രതിഷേധ പരിപാടി, തിരുവനന്തപുരം ലോ അക്കാദമി സമരത്തിലെ സാന്നിദ്ധ്യം, രോഹിത് ദലിതനല്ലെന്ന് പറഞ്ഞ് പുറത്തിറങ്ങിയ രൂപന്‍വാള്‍ കമ്മീഷന് റിപ്പോര്‍ട്ട് കത്തിക്കല്‍, ദലിതര്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ എന്നിവ ആദ്യഘട്ടത്തിലെ ഇടപെടലുകളില്‍ ചിലതായിരുന്നു. ഈ സന്ദര്‍ഭത്തില്‍ തന്നെ കേന്ദ്ര സര്‍വകലാശാലകളിലുള്ള മലയാളി വിദ്യാര്‍ഥികള്‍ക്കിടയില്‍ സജീവമായിരുന്ന പുതുരാഷ്ട്രീയ ചര്‍ച്ചകള്‍ സംഘടന രൂപത്തിലേക്ക് വികസിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. ഇത്തരം ആലോചനകളെ തുടര്‍ന്ന് അന്‍സര്‍ അബൂബക്കര്‍ കണ്‍വീനറും എസ് ഇര്‍ഷാദ് അസിസ്റ്റന്റ് കണ്‍വീനറുമായി ദേശീയ അഡ്ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു. 2017 മാര്‍ച്ച് മാസത്തോടെ പുതിയ സംഘടനയുടെ രൂപീകരണ ചര്‍ച്ച ദേശീയ തലത്തില്‍ തന്നെ ശക്തമായി. പേര്, ഭരണഘടന, കൊടി തുടങ്ങിയ അവസാന ഘട്ട ചര്‍ച്ചകളിലേക്ക് പ്രവേശിച്ചു. 2017 ഏപ്രില്‍ 30-ന് ഡല്‍ഹിയില്‍ ഫ്രറ്റേണിറ്റി പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയും അതിനായി അഡ്ഹോക്ക് കമ്മിറ്റി നിലവില്‍ വരികയും ചെയ്തതോടെ കേരളത്തില്‍ പുതിയ മൂവ്മെന്റിലേക്ക് വിദ്യാര്‍ഥി-യുവജനങ്ങളെ ക്ഷണിച്ച് വ്യാപകമായ സന്ദര്‍ശനങ്ങള്‍ നടത്തി. സംസ്ഥാന ജില്ലാ തലങ്ങളില്‍ നടന്ന പ്രത്യേക സന്ദര്‍ശനങ്ങള്‍ക്കായി വിപുലമായ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. പുതിയ രാഷ്ട്രീയത്തോട് താല്പര്യമുള്ളവരെ പല തവണ കണ്ട് സംസാരിച്ചു. ദേശീയ പ്രഖ്യാപനത്തിന് ശേഷം മെയ് 13ാം തിയതി എറണാകുളത്ത് സംസ്ഥാന തല പ്രഖ്യാപനം നടന്നു.
അഖിലേന്ത്യ
‘ദ ന്യൂ ഡെസിഗ്നേഷന്‍ ഫോര്‍ സ്റ്റുഡന്‍സ് ആന്റ് യൂത്ത്’ എന്ന തലക്കെട്ടില്‍ ഡല്‍ഹി അംബേദ്കര്‍ ഭവനില്‍ 2017 ഏപ്രില്‍ 30-ന് നടന്ന യുവജന-വിദ്യാര്‍ഥി സംഗമത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് രൂപീകരിക്കപ്പെട്ടു. രാജ്യത്ത് സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന് ഊടുംപാവും നല്കാന് വിവധ കേന്ദ്രസര്‍വകലാശാലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ സംഗമിച്ചു. ഇന്ത്യയിലെ സാമൂഹികാവസ്ഥകള്‍ മനസ്സിലാക്കിയും വിലയിരുത്തിയും പുതിയ രാഷ്ട്രീയ സാധ്യതകള്‍ക്ക് അവര്‍ രൂപംനല്കി.
ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ആദ്യ ദേശീയ പ്രസിഡന്റായി അലിഗഢ് സര്‍വകലാശാലാ ഗവേഷക വിദ്യാര്‍ഥി ഡോ. അന്‍സര്‍ അബൂബക്കറിനെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ശാരിക് അന്‍സാര്‍ (ഝാര്‍ഖണ്ഡ്) തെരഞ്ഞെടുക്കപ്പെട്ടു. 37 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ജിനമിത്ര വൈസ് പ്രസിഡന്റായും വസീം ആര്.എസ് സെക്രട്ടറിയായും എസ് ഇര്‍ഷാദ് സെക്രട്ടറിയേറ്റ് അംഗമായും നിയമിക്കപ്പെട്ടു. നസ്റീനാ ഇല്യാസ്, ഗിരീഷ് കാവാട്ട്, കെ.വി സഫീര്‍ ഷാ എന്നിവരെ കേരളത്തില്‍ നിന്ന് കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
ഫ്രറ്റേണിറ്റിയുടെ പിറവിക്ക് സാക്ഷികളായി കേരളത്തില്‍ നിന്ന് നാല് വനിതകളടക്കം 23 പേര് ദേശീയ പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നുള്ള മീനു കൊല്ലം ഫ്രറ്റേണിറ്റിയുടെ ആദ്യ മെമ്പറായി ചേര്‍ന്നു.
കേരള ഘടകം പ്രഖ്യാപനം
എറണാകുളം ടൗണ്‍ഹാളില്‍ 2017 മെയ് 13ന് ഒരു പുതിയ ചരിത്രം പിറക്കുകയായിരുന്നു. രോഹിത് വെമുലയും നജീബും ജീവന് നല്കി പടുത്തുയര്‍ത്തിയ സാഹോദര്യ രാഷ്ട്രീയത്തിന്റെ ധ്വജവാഹക സംഘത്തിനു ഡല്‍ഹിയിലെ അംബേദ്കര്‍ ഭവനില്‍ 2017 ഏപ്രില്‍ 30ന് തുടക്കം കുറിക്കപ്പെട്ടപ്പോള്‍ ആ മഹാപ്രവാഹത്തെ ആദ്യമായി വരവേറ്റത് കേരള മണ്ണായിരുന്നു. മഹാത്മാക്കളായ അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും സഹോദരന് അയ്യപ്പനും ഉമര്‍ ഖാദിയും വാരിയന്‍ കുന്നത്തും മമ്പുറം തങ്ങളും വക്കം മൗലവിയും പൊയ്കയില്‍ അപ്പച്ചനും സാഹോദര്യ രാഷ്ട്രീയത്താല്‍ ഉഴുതിട്ട കേരളത്തിന്റെ രാഷ്ട്രീയ പ്രതലത്തില്‍ സാഹോദര്യ രാഷ്ട്രീയവുമായി ഫ്രറ്റേണിറ്റി മൂവ്മെൻറ് കേരളാ ഘടകം പ്രഖ്യാപിക്കപ്പെട്ടു. കേരള ഘടകത്തിന്റെ ആദ്യ അമരക്കാരനായി സഹോദരന് കെ.വി സഫീര്‍ ഷായെ സംസ്ഥാന ഉപദേശകസമിതി ചെയര്മാന് ഹമീദ് വാണിയമ്പലം പ്രഖ്യാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി പ്രദീപ് നെന്മാറ, നജ്ദ റൈഹാന്‍, കെ.എം ഷെഫ്രിന്‍ എന്നിവരെയും വൈസ്പ്രസിഡൻ്റുമാരായി ഷംസീര്‍ ഇബ്രാഹീം, ഗിരീഷ് കവാട്ട്, നസ്റീന ഇല്യാസ് എന്നിവരെയും സെക്രട്ടറിമാരായി ജംഷീല്‍ അബൂബക്കര്‍, റമീസ് വേളം, കെ.എസ് നിസാര്‍, അനാമിക, അജീഷ് കിളിക്കോട്ട്, തമന്ന സുല്‍ത്താന എന്നിവരെയും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍മാരായി പി.കെ.സാദിഖ്, കെ.കെ അഷ്റഫ്, മുജീബ് റഹ്മാന് എസ് എന്നിവരെയും സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.