ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്നത് ആര്.എസ്.എസ് താല്പര്യങ്ങള് ആണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍. ലക്ഷദ്വീപില്‍ ആര്.എസ് എസ് ഏജന്റിനെ പോലെ പ്രവര്‍ത്തിക്കുന്ന പ്രഫുല്‍ പട്ടേലിനെ ലക്ഷദ്വീപില്‍ നിന്നും പിന്‍വലിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍ അവശ്യപ്പെട്ടു.ദേശീയ പൗരത്വ നിയമവും, പൗരത്വ രജിസ്റ്ററും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നതും സ്ഥാപിച്ചവരെ ജയിലില്‍ അടക്കുന്നതുമെല്ലാം ആര്.എസ്.എസ് അജണ്ടയുടെ ഭാഗമായാണ്. കുറ്റകൃത്യ രഹിതം,മദ്യ വിമുക്തം തുടങ്ങിയ നിലയിലെല്ലാം ശ്രദ്ധയാകര്‍ഷിച്ച ലക്ഷദ്വീപിന്റെ സ്വതന്ത്രമായ സംസ്കാരത്തെയും വൈവിധ്യത്തെയും ചരിത്രപരമായ പൈതൃകത്തെയും തകര്‍ക്കുന്ന നീക്കവുമായാണ് പ്രഫുല്‍ പട്ടേല്‍ മുന്നോട്ട് പോകുന്നത്. ഗുണ്ടാ ആക്ട് രൂപീകരിക്കുന്നതും ദ്വീപില്‍ മദ്യമൊഴുക്കാനുള്ള തീരുമാനവും ഗോവധ നിരോധനവും പുതിയ തീര സംരക്ഷണ നിയമവുമെല്ലാം പ്രസ്തുത അജണ്ടയുടെ തന്നെ ഭാഗമാണ്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ കൊണ്ടുവന്ന കരട് നിയമം ഹിന്ദുത്വവല്‍കരണ ശ്രമങ്ങളുടെ നേര് ഉദാഹരണമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്നായിരുന്നു കരട് നിയമത്തിലുണ്ടായിരുന്നത്. ജനങ്ങളുടെ ജനാധിപത്യപരവും മൗലികവുമായ അവകാശങ്ങളുടെ ധ്വംസനം കൂടിയാണിത്. 99% മുസ്ലിങ്ങള്‍ അധിവസിക്കുന്ന ഒരു പ്രദേശത്തിനും അവിടത്തെ ജനതക്കും നേരെ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുള്ളതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ ദ്വീപ് നിലപാടിന്റെ അടിസ്ഥാനമെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധങ്ങളുയരണമെന്നും അവര്‍ പറഞ്ഞു.