ഫ്രറ്റേണിറ്റി മൂവ്മെന്റ് മൂന്നാമത് സ്ഥാപകദിനം ഏപ്രില്‍ 30 ന് ആചരിച്ചു. തിരുവനന്തപുരത്തെ സംസ്ഥാന ഓഫീസില്‍ ജനറല്‍ സെക്രട്ടറി മഹേഷ് തോന്നയ്ക്കല്‍ പതാക ഉയര്‍ത്തി. വിവിധ ജില്ലാകേന്ദ്രങ്ങളിലും മണ്ഡലം കേന്ദ്രങ്ങളിലും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തകരും നേതാക്കളും പതാക ഉയര്‍ത്തുകയും മറ്റിടങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വന്തം വീടുകളില്‍ തന്നെ പതാക ഉയര്‍ത്തിയും സ്ഥാപക ദിന പ്രതിജ്ഞ പുതുക്കിയും ആണ് പതാക ദിനം ആചരിച്ചത്. കോവിഡ് 19 ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിപുലമായ പരിപാടികള്‍ ഒഴിവാക്കി പകരം മാസ്ക്, സാനിറ്റൈസര്‍ വിതരണം പോലെയുള്ള സേവന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് അന്‍സാര്‍ അബൂബക്കര്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പ്രശസ്ത സൂഫി ഗായകന് ഇര്ഫാന് എരൂത്ത്, പുല്ലാങ്കുഴല്‍ വാദകനും കവിയുമായ ബിനു എം പള്ളിപ്പാട്, ഗായിക ദാന റാസിക് എന്നിവര്‍ ഫ്രറ്റേണിറ്റി ഫേസ് ബുക്ക് പേജ് ലൈവില്‍ കലാപ്രകടനങ്ങളുമായി പ്രവര്‍ത്തകരോടൊപ്പം സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുത്തു. കീരംകുന്ന് കലാ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ നാടന്‍പാട്ടും ലൈവായി അവതരിപ്പിച്ചു.