മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാൻ പൊതുജനങ്ങളിൽ നിന്ന് പിരിവെടുക്കാനുള്ള കേരള സർക്കാറിന്റെയും ജില്ല ഭരണകൂടത്തിന്റെയും നടപടികളിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി പ്രവർത്തകർ ഭിക്ഷാടന സമരം നടത്തി. മറ്റു ജില്ലകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ ഫണ്ടുകൾ ലഭ്യമാവുമ്പോൾ മലപ്പുറത്തിന് അത് അന്യമാവുന്നത് പ്രതിഷേധാർഹമാണെന്നും മലപ്പുറത്തുകാരെ ചൂഷണം ചെയ്ത് രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്ന ഇടത്-വലത് മുന്നണികളുടെ ശ്രമം പൊതു ജനങ്ങൾ ചോദ്യം ചെയ്യണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് പി.കെ ഷബീർ പറഞ്ഞു.
കോവിഡ് വാക്സിൻ വിതരണത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും സർക്കാറിന്റെയും ജില്ല ഭരണകൂടത്തിന്റെയും വീഴ്ചകൾ മറച്ച് വെക്കാനുള്ള തന്ത്രം മാത്രമാണ് പ്രാണവായു പദ്ധതി എന്നും അദ്ദേഹം പറഞ്ഞു. കെ.എം. ജസീം സയ്യാഫ്, നസീഹ അക്ബർ, നിഹ് ല പൂക്കോട്ടൂർ, ഡാനിഷ് , അനസ് നസീർ, ജസീം അലി,നദ മൊറയൂർ, എൻ.കെ മുബശ്ശീർ, സി.എച്ച് റിസ് വ തുടങ്ങിയവർ നേതൃത്വം നൽകി.