അനന്യാകുമാരി അലക്സിന്റെ മരണം വ്യവസ്ഥാപിത കൊലപാതകമാണ്, കുറ്റക്കാരെ ശിക്ഷിക്കുക.
ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും അറിയപ്പെടുന്ന അവതാരകയും മേക്കപ്പ് ആർട്ടിസ്റ്റുമായ അനന്യ കുമാരി അലക്സിന്റെ മരണം വ്യവസ്ഥാപിത കൊലപാതകമാണ്. എറണാകുളം റിനൈ മെഡിസിറ്റിയിൽ നടന്ന അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുണ്ടടായ ഗുരുതരമായ ചികിത്സാ പിഴവിനെതിരെ അനന്യ അതിശക്തമായി പ്രതികരിച്ചിരുന്നു. ആശുപത്രി അധികൃതരോട് പ്രസ്തുത വിഷയം ചൂണ്ടിക്കാണിച്ച് നിരവധി തവണ സമീപിച്ചെങ്കിലും കൃത്യമായ തുടർ ചികിത്സാ സംവിധാനം ഒരുക്കുകയോ അവരുടെ പരാതി പരിഗണിക്കുകയോ ചെയ്യാതെ വീണ്ടും വൻ തുക ഈടാക്കി പുനർ ശസ്ത്രക്രിയ നടത്തുകയാണുണ്ടായത്. റിനൈ മെഡിസിറ്റിയിൽ വെച്ച് കയ്യേറ്റം ചെയ്യപ്പെട്ട അനന്യ ആശുപത്രി അധികൃതർക്കെതിരെയും ഡോ. അർജ്ജുൻ അശോക്, ആശുപത്രി പി ആർ ഓ എന്നിവർക്കെതിരെയും പാലാരിവട്ടം പോലീസിൽ പരാതിയും നൽകിയിരുന്നു. പ്രസ്തുത വിഷയങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് ആരോഗ്യ മന്ത്രിക്ക് അനന്യ പരാതി നൽകിയിരുന്നുവെങ്കിലും ഒരു തരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ല.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതുമുതൽ കടുത്ത ശാരീരിക, മാനസിക പ്രയാസങ്ങൾ നേരിട്ടിരുന്നതായും ശാരീരിക പ്രശ്നങ്ങൾ മൂലം ജോലി ചെയ്യാനോ പ്രാഥമിക കൃത്യങ്ങൾ പോലും നിർവ്വഹിക്കാൻ പോലും കഴിയാത്ത അവസ്ഥയാണുണ്ടായിരുന്നതെന്നും സാമൂഹിക മാധ്യമങ്ങൾ വഴി അനന്യ വെളിപ്പെടുത്തിയിരുന്നു. കോവിഡിനെ തുടർന്ന് ട്രാൻസ് ക്ലിനിക്കുകൾ ഇപ്പോൾ പ്രവർത്തന ക്ഷമമല്ല. സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടുന്ന സാഹചര്യം സാമ്പത്തിക ചൂഷണങ്ങളും അശാസ്ത്രീയ ചികിത്സകളും നിരവധി ട്രാൻസ്ജെൻഡർ മനുഷ്യരുടെ ജീവിതങ്ങളെ ആത്മഹത്യയിലേക്കും കടുത്ത ശാരീരിക, മാനസിക പ്രയാസങ്ങളിലേക്ക് തള്ളി വിട്ടിട്ടുണ്ട്. കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെയുള്ള മെഡിക്കൽ പ്രോട്ടോകോൾ സർക്കാർ തലത്തിൽ ഇതുവരെയും കേരളത്തിൽ നിലവിൽ വന്നിട്ടില്ല. സർക്കാർസംവിധാനങ്ങളിൽ വന്നിട്ടുള്ള വീഴ്ച്ചകളിൽ സർക്കാർ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയോട് മാപ്പുപറയുകയും അനന്യയുടെ മരണത്തിൽ മുഴുവൻ കുറ്റക്കാരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടു വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുന്നു.