കോഴിക്കോട്: ജില്ലയിലെ ഹയർസെക്കന്ററി സീറ്റുകളിലെ അപര്യാപ്തതക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധം സംഘടിപ്പിച്ചു. ഈ വർഷം എസ്. എസ്. എൽ. സി വിജയിച്ച വിദ്യാർത്ഥികളിൽ 9958 പേർക്ക് പഠിക്കാൻ നിലവിൽ ജില്ലയിൽ പ്ലസ് വൺ സീറ്റുകളില്ല. വർഷങ്ങളായി ഭരണകൂടം മലബാർ മേഖലയോട് തുടരുന്ന അവഗണന ഇപ്പോഴും നിലനിൽക്കുയാണ്. ഇനിയും ഈ അവസ്ഥ തുടരാൻ ഫ്രറ്റേണിറ്റി അനുവദിക്കില്ല എന്ന് ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു.
പ്ലസ് വൺ സീറ്റുകളിലെ അപര്യാപ്തത ഉടൻ പരിഹരിക്കുക, മുഴുവൻ വിദ്യാർത്ഥികൾക്കും ഹയർസെക്കന്ററി പഠനത്തിനു അവസരം ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഫ്രറ്റേണിറ്റി എസ്. എസ്. എൽ. സി വിദ്യാർത്ഥികളുടെ പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലയിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് പ്രതിഷേധത്തിൽ പങ്ക് ചേർന്നു.
എല്ലാ വർഷവും പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ താൽകാലിമയി മലബാർ മേഖലയിൽ സീറ്റുകൾ വർധിപ്പിക്കാറാണ് പതിവ്. അതിനി തുടരാൻ അനുവദിക്കില്ല. പുതിയ ബാച്ചുകൾ അനുവദിക്കൽ മാത്രമാണ് ഹയർസെക്കന്ററി സീറ്റുകളിലെ പ്രതിസന്ധി പരിഹരിക്കാനുള്ള പരിഹാരമെന്നും എത്രയും പെട്ടെന്ന് ആവശ്യമായ നടപടികൾ സർക്കാർ തലത്തിൽ നിന്ന് ഉണ്ടാകണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറിമാരായ ലബീബ് കായക്കൊടി, തബ്ഷീറ സുഹൈൽ എന്നിവർ സംസാരിച്ചു.