കണ്ണൂര്‍: പട്ടികജാതി വിഭാഗങ്ങളോടുള്ള ഇടത് വഞ്ചനക്കെതിരെ പട്ടിക ജാതി വികസന ഓഫീസിലേക്ക് ഫ്രറ്റേണിറ്റി കണ്ണൂര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന പട്ടികജാതി വിഭാഗത്തോട് വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി മാറിമാറി വന്ന സര്‍ക്കാറുകള്‍ നടത്തിയ അനീതിക്കെതിരെയാണ് ഫ്രറ്റേണിറ്റി മാര്‍ച്ച് സംഘടിപ്പിച്ചത്.
വിവിധ മേഖലകളില്‍ പിന്നാക്കാവസ്ഥ തുടരുന്ന ഇത്തരം സമൂഹങ്ങളെ ഉയര്‍ത്തി കൊണ്ടുവരുന്നതിന് ഭരണഘടന വിഭാവനം ചെയ്ത സംവരണവും ഇതര ആനുകൂല്യങ്ങളും ഭരണകൂടം തന്നെ അട്ടിമറിക്കുകയാണ്. 2019-20 കാലയളവില്‍ പട്ടിക ജാതി പുരോഗതിക്കു വേണ്ടി നീക്കിവെച്ച തുക ചിലവഴിക്കാതെ നഷ്ടപെടുത്തിയിരിക്കുകയാണ്. ലൈഫ് മിഷന് പദ്ധതിയിലെ 400 കോടി, വിവിധ കേന്ദ്ര- സംസ്ഥാന ആനുകൂല്യങ്ങള്‍ ഒന്നും ചിലവഴിച്ചിട്ടില്ല. ഇത്തരം ഫണ്ടുകള്‍ പട്ടിക ജാതി വിഭാഗത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പട്ടിക ജാതി ഓഫീസര്‍ക്ക് നിവേദനം നല്കി.
ഫ്രറ്റേണിറ്റി സംസ്ഥാന സമിതിയംഗം റഹ്മാന് ഇരിക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ലുബൈബ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം മിസ്അബ് ഷിബിലി, നിദാല്‍ സിറാജ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.