കല്പറ്റ: ‘ഉറപ്പാകണം വിദ്യാഭ്യാസം ഉറപ്പാക്കണം കവറേജ്’ എന്ന കാമ്പയിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് വയനാട് ജില്ലയില്‍ പ്രഖ്യാപിച്ച ‘സാഹോദര്യ ബിരിയാണി ചലഞ്ച്’ ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ദിവിന ഷിബുവില്‍ നിന്ന് അദ്ദേഹം ബിരിയാണിയുടെ ആദ്യ വിതരണം സ്വീകരിച്ചു. ജില്ലയില്‍ മാത്രം പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പുറത്തു നില്ക്കുന്ന സാഹചര്യത്തില്‍ ഇത്തരം പരിപാടികള്‍ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ പഠനത്തിന് സഹായിക്കുക എന്നതിനേക്കാള്‍ ഇത്രയേറെ വിദ്യാര്‍ഥികള്‍ പ്രതിസന്ധി അനുഭവിക്കുന്ന വിവരം പൊതുജനങ്ങളെയും സര്‍ക്കാരിനെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഫ്രറ്റേണിറ്റി മൂവ്മെന്റിനുള്ളതെന്ന് ജില്ലാ പ്രസിഡന്റ് ദിവിന ഷിബു പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാം അധ്യയന വര്‍ഷം ആരംഭിച്ചിട്ടും പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്തത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് ഷഫീഖ്, നഈമ ആബിദ്, ജില്ലാ വൈസ് പ്രസിഡന്റ് ഹിഷാമുദ്ധീന്‍ പുലിക്കോടന്, ജില്ലാ സെക്രട്ടറിമാരായ ദില്‍ബര്‍ സമാന്, മുസ്ഫിറ ഖാനിത, ശുഐബ് മുഹമ്മദ്, മണ്ഡലം നേതാക്കളായ നഈം ബത്തേരി, ഫറാഷ് മാനന്തവാടി, റനീബ് വെങ്ങളത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.