തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ മേഖലകളിൽ വ്യാപകമായി മുന്നാക്ക സംവരണം നടപ്പാക്കുന്ന ഇടതുപക്ഷ സർക്കാരിൻറെ പിന്നാക്കവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് 100 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. ഹയർസെക്കൻഡറി മുതൽ വിവിധ ഉന്നത വിദ്യാഭ്യാസ മേഖലകളിലും പിഎസ്സി വഴി ഉദ്യോഗ മേഖലയിലും വരെ സവർണ്ണ സംവരണം നടപ്പാക്കുന്ന ഇടതുസർക്കാർ സംഘപരിവാറിൻ്റെ പിന്നാക്ക വിരുദ്ധ, സംവരണ വിരുദ്ധ അജണ്ടയാണ് നടപ്പാക്കുന്നത്. സാമ്പത്തിക സംവരണം സംബന്ധിച്ച ഭരണഘടനാ ഭേദഗതി നിലവിൽ വന്ന ശേഷം അത് ആദ്യം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഇതിലൂടെ ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന അജണ്ടകൾക്ക് കുഴലൂത്തുകാരും നടത്തിപ്പുകാരുമായി മാറുകയാണ് പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ. അവ്യക്തതകൾ ഏറെയുള്ള ജസ്റ്റിസ് ശശിധരൻ കമ്മിറ്റി റിപ്പോർട്ട് വേണ്ട വിധം ചർച്ചകൾ പോലും നടത്താതെയാണ് സർക്കാർ നടപ്പിലാക്കിയത്.
കടുത്ത സംവരണ അട്ടിമറിയാണ് സംസ്ഥാന പട്ടികജാതി- പട്ടികവർഗ വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളേജിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിനു നേരേ കണ്ണടക്കുന്ന സംസ്ഥാന സർക്കാർ സവർണ സംവരണ വിഷയത്തിൽ പ്രകടിപ്പിക്കുന്ന വേഗതയും ആത്മാർത്ഥതയും സാമൂഹികനീതിയോടുള്ള വെല്ലുവിളിയാണ്. സാമ്പത്തികമല്ല, സാമൂഹികമായ പിന്നാക്കാവസ്ഥയാണ് ഇന്ത്യയിൽ സംവരണത്തിന് അടിസ്ഥാനം. അതിനെ അട്ടിമറിക്കുന്നത് ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്തപ്പെട്ട അടിസ്ഥാന മൂല്യങ്ങളോടും ഇന്ത്യൻ ചരിത്രത്തോളം ഉള്ള അവഗണനയും നീതികേടും ആണ്. സാമ്പത്തിക സംവരണം എന്ന സവർണ സംവരണം എത്രയും വേഗം റദ്ദാക്കുകയും ദളിത് ,ആദിവാസി, പിന്നാക്ക ജനവിഭാഗങ്ങൾക്ക് വിവിധ മേഖലകളിൽ അവകാശപ്പെട്ട സംവരണം നടപ്പാക്കുകയും സംവരണ അട്ടിമറികൾക്ക് തടയിടുകയുമാണ് സർക്കാർ ചെയ്യേണ്ടതെന്നും അല്ലാത്തപക്ഷം ആർഎസ്എസ് അജണ്ടകളുടെ കുഴലൂത്തുകാരായി മാറിയ സംസ്ഥാന സർക്കാറിനെതിരെ വിദ്യാർത്ഥി യുവജനങ്ങൾ പോരാട്ടത്തിന് ഇറങ്ങുമെന്നും അതിന് ഫ്രറ്റേണിറ്റി മൂവ്മെൻറ് നേതൃത്വം നൽകുമെന്നും പ്രതിഷേധ സംഗമങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.