കേരളത്തിലെ സർക്കാർ, സ്വാശ്രയ ലോ കോളജുകളിലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി, ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് എൻട്രൻസ് പരീക്ഷാ കമ്മീഷണർക്ക് നിവേദനം നൽകി. ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് കെ.കെയാണ് നിവേദനം നൽകിയത്.
ജൂലൈ 19, 20 തിയതികളിലായാണ് അപേക്ഷ ക്ഷണിച്ച് കൊണ്ട് പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നത്. എന്നാൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 28 ആണ്. അപേക്ഷാർത്ഥികൾക്ക് യഥാക്രമം 8 ഉം 9 ഉം (തിവത്സര എൽ.എൽ.ബി, പഞ്ചവത്സര എൽ.എൽ.ബി) ദിവസം മാത്രമാണ് അപേക്ഷ സമർപ്പിക്കുവാൻ വേണ്ടി ലഭിക്കുന്നത്.
ആകെ അനുവദിച്ചിട്ടുള്ള കുറഞ്ഞ സമയത്തിൽ തന്നെയാണ് ബക്രീദ് ഉൾപ്പെടെ വരുന്നത്. കോവിഡ് ലോക് ഡൗൺ നില നിൽക്കുന്ന സാഹചര്യത്തിൽ അക്ഷയ, ജന സേവന കേന്ദ്രങ്ങൾ മിക്കയിടങ്ങളിലും എല്ലാ ദിവസവും തുറക്കുന്നില്ല. അത് കൊണ്ട് തന്നെ അപേക്ഷ നൽകുന്നതിനും ആവശ്യമായ രേഖകൾ ലഭിക്കുന്നതിനും വിദ്യാർഥികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇത് മൂലം ഉണ്ടാവുക. ഇത്തരം പ്രശ്നങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി നൽകണം എന്നാവശ്യപ്പെട്ടാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് എൻട്രൻസ് പരീക്ഷ കമ്മീഷണർക്ക് നിവേദനം നൽകിയത്.