തിരുവനന്തപുരം: സര്‍വകലാശാലകളില്‍ തുടര്‍ക്കഥയാകുന്ന മാര്‍ക്ക് ദാന തട്ടിപ്പു കേസുകളില്‍ കുറ്റകരമായ അനാസ്ഥ പുലര്‍ത്തുകയും അട്ടിമറിക്ക് പലപ്പോഴും നേരിട്ട് പങ്കുവഹിക്കുകയും ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ.കെ ടി ജലീലിന് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രാജിവച്ച് പുറത്തുപോകണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് പാറമ്പുഴ. കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പ് വിഷയത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്ക് തട്ടിപ്പുകേസില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കുക, സര്‍വകലാശാലയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്. എം ജി സര്‍വകലാശാലയില്‍ മന്ത്രി തന്നെ നേരിട്ട് മാര്‍ക്ക് ദാനം നടത്തുകയും ഫ്രറ്റേണിറിയടക്കമുള്ള സംഘടനകളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് നടപടി പിന്‍വലിക്കുകയും ചെയ്തത് ഈയിടെയാണ്. കെ ടി യു വിലും സമാന സംഭവമുണ്ടായി. മാര്‍ക്ക് ദാനവും മാര്‍ക്ക് തട്ടിപ്പും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതകളും മൂലം സംസ്ഥാനത്തെ സര്‍വകലാശാലകള്‍ കുത്തഴിഞ്ഞതായി മാറിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇത്രമേല്‍ മലീമസമാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന് വകുപ്പ് മന്ത്രിക്കാവില്ല. സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും സര്‍വകലാശാലയുടെ വിശ്വാസ്യത വീണ്ടെടുക്കാനും വി.സി.യും സര്‍ക്കാരും തയ്യാറാകണം. ചാന്‍സിലറായ ഗവര്‍ണര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് നജ്ദ റൈഹാന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദില്‍ എ, കൊല്ലം ജില്ലാ പ്രസിഡന്റ് എസ് എം മുഖ്താര്‍, റഹ്മാന് ഇരിക്കൂര്‍ എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ മേയില്‍ നടന്ന ബി.എ, ബി.കോം, ബി.ബി.എ, ബി.സി.എ പരീക്ഷകളില്‍ സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ കൃത്രിമം കാണിച്ചു മോഡറേഷന് മാര്‍ക്ക് കൂട്ടി നല്കി തോറ്റ വിദ്യാര്‍ഥികളെ ജയിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ക്ക് തട്ടിപ്പുകേസില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കുക, സര്‍വകലാശാലയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ മാര്‍ച്ചില്‍ ഉന്നയിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ സര്‍വകലാശാലക്കു കീഴിലെ വിവിധ കാമ്പസുകളില്‍ നിന്നുളള വിദ്യാര്‍ഥികള്‍ അണിനിരന്നു. സംസ്ഥാന അസി. സെക്രട്ടറി വസീം അലി, ജില്ലാ നേതാക്കളായ നൗഫ, റസീം ഷാജഹാന് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. മാര്‍ച്ച് യൂണിവേഴ്സിറ്റി ഗേറ്റിന് മുന്‍വശത്ത് പോലീസ് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദില്‍ എ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നജ്ദ റൈഹാന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഫ്രറ്റേണിറ്റി കേരള യൂണിവേഴ്സിറ്റി കണ്‍വീനര്‍ റഹ്മാന് ഇരിക്കൂര്‍, ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊല്ലം ജില്ല പ്രസിഡന്റ് എസ്.എം മുഖ്താര്‍ എന്നിവര്‍ സംസാരിച്ചു.