കോഴിക്കോട്: ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിവേചനം നേരിടുന്ന ജില്ലയിലെ വ്യത്യസ്ത പ്രദേശങ്ങളിലൂടെ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍ നയിക്കുന്ന സമരയാത്ര സമാപിച്ചു.
രണ്ടു ദിവസം നീണ്ടു നിന്ന സമരയാത്ര സംഘം കോഴിക്കോട് ജില്ലയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രതിസന്ധി നേരിടുന്ന ഇരുപതോളം സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. അമ്പലക്കുന്നു എസ്. ടി കോളനി, മുതുകാട് കോളനി, അഴിയൂര്‍, കാവിലുംപാറ തുടങ്ങിയ പ്രദേശങ്ങളാണ് സംഘം യാത്രയുടെ രണ്ടാം ദിനം സന്ദര്‍ശിച്ചത്. യാത്ര ക്യാപ്റ്റന്‍ മുനീബ് എലങ്കമല്‍ ഓരോ പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികളുമായും സംസാരിക്കുകയും, വിദ്യാഭ്യാസ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ആവശ്യമായ ശക്തമായ ഇടപെടലുകള്‍ ഉടന്‍ നടത്തുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്കി.
ഫ്രറ്റേണിറ്റി തിരുവമ്പാടി മണ്ഡലം കമ്മിറ്റി സമാഹരിച്ച ആറു മൊബൈല്‍ ഫോണുകള്‍ യാത്രക്കിടയില്‍ മുനീബ് എലങ്കമല്‍ മാട്ടുമുറി കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി കൈമാറി. കാവിലുംപാറയിലെ പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
തീരപ്രദേശങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ കോളനികള്‍ മലയോര മേഖലകള്‍ തുടങ്ങിയ പ്രദേശങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ ഇപ്പോഴും ഓണ്‍ലൈന്‍ വിദ്യാഭ്യാസ ഭൂപടത്തില്‍ നിന്നും പുറത്തു നില്‍ക്കുന്നത്. ഈ വിദ്യാര്‍ത്ഥികളുടെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും ജാഥ ക്യാപ്റ്റന്‍ മുനീബ് എലങ്കമല്‍ ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി ഫ്രറ്റേണിറ്റി തെരുവില്‍ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ക്യാപ്റ്റന്‍ ആയിഷ മന്ന, ജനറല്‍ സെക്രട്ടറി ലബീബ് കായക്കൊടി, വൈസ് പ്രസിഡന്റ്റുമാരായ അഫീഫ് ഹമീദ്, സജീര്‍ ടി.സി സെക്രട്ടറിയേറ്റ് അംഗങ്ങളായ മുജാഹിദ് മേപ്പയ്യൂര്‍,മുബഷിര്‍ ചെറുവണ്ണൂര്‍, ആദില്‍ മടപ്പള്ളി എന്നിവര്‍ സംസാരിച്ചു.