രാജ്യവ്യാപകമായി നടന്നു വരുന്ന പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിച്ചു. ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ എയർ പോർട്ടിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിച്ചു കൊണ്ടായിരുന്നു സമരം ആരംഭിച്ചത്. മേലങ്ങാടി, കുമ്മിണിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നും എയർപോർട്ടിലേക്കുള്ള രണ്ട് റോഡുകളും കോഴിക്കോട്-പാലക്കാട് ഹൈവേയിലെ കുളത്തൂർ റോഡും സമരക്കാർ പൂർണമായി ഉപരോധിച്ചു. ഉപരോധം മൂന്ന് മണിക്കൂറിലേറെ നേരം നീണ്ടു നിൽക്കുകയും എയർപോർട്ടി ലേക്കുള്ള ഗതാഗതം പൂർണമായി സ്തംഭിക്കുകയും ചെയ്തു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ഉപരോധം.
ഉപരോധസമരം പുരോഗമിക്കവെ എയർപോർട്ട് സ്തംഭനം രൂക്ഷമായതിനെ തുടർന്ന് പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതേത്തുടർന്ന് പോലീസും സമര പ്രവർത്തകരുമായി ചെറിയ തോതിൽ സംഘർഷമുണ്ടായി. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്റാഹിം, ജനറൽ സെക്രട്ടറി മഹേഷ് തോന്നക്കൽ, വൈസ് പ്രസിഡന്റുമാരായ നജ്ദ റൈഹാൻ, അനീഷ് പാറമ്പുഴ, വിവിധ ജില്ലാ നേതാക്കൾ ഉൾപ്പെടെ അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെട്ടവരെ വിട്ടയക്കാൻ വൈകിയതോടെ പ്രവർത്തകർ ഹൈവേ ഉപരോധിക്കുകയും തുടർന്ന് അറസ്റ്റിലായവർ വിട്ടയക്കപ്പെടുകയുമായിരുന്നു.
ഉപരോധസമരം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഏതാണ്ട് സമ്പൂർണമായി ആർ എസ് എസ് വൽക്കരിക്കപ്പെട്ട ഭരണകൂട സംവിധാനങ്ങളുടെ കാലത്ത് ഇത്തരം ജനകീയ സമരങ്ങളിലാണ് ഇനി പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്റാഹിം അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി എസ്. ഇർഷാദ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മഹേഷ് തോന്നക്കൽ, കെ.എം. ഷെഫ്രിൻ, വൈസ് പ്രസിഡൻറുമാരായ നജ്ദ റൈഹാൻ, അനീഷ് പാറമ്പുഴ, ഫസ്ന മിയാൻ, ഫ്രറ്റേണിറ്റി ദേശീയ കമ്മിറ്റിയംഗവും ഇഫ്ളു വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിയുമായ സമർ അലി, വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, സെക്രട്ടറിയറ്റംഗം നഈം ഗഫൂർ, എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നിസാർ സ്വാഗതവും മലപ്പുറം ജില്ലാ പ്രസിഡന്റ് കെ കെ അഷ്റഫ് നന്ദിയും പറഞ്ഞു.
മുദ്രാവാക്യങ്ങളും പ്രക്ഷോഭ ആവിഷ്കാരങ്ങളുമായി സമരക്കാർ എയർപോർട്ട് റോഡിൽ കുത്തിയിരുന്നു. പതിനായിരത്തോളം പ്രവർത്തകർ ഉപരോധത്തിൽ പങ്കെടുത്തു. സംസ്ഥാന-ജില്ലാ നേതാക്കൾ ഉപരോധസമരത്തിന് നേതൃത്വം നൽകി.