സവർണ പുരുഷന്മാരുടെ പീഡനത്തിനിരയായി കൊല്ലപ്പെടുകയും മരണ ശേഷവും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘ്ഭരണകൂടത്താൽ നീതി നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഉത്തർപ്രദേശ് ഹഥ്റാസിലെ മനീഷ വാല്മീകിയ്ക്ക് നീതി ലഭ്യമാക്കാനാവശ്യപ്പെട്ടുകൊണ്ട് അംബേദ്കറൈറ്റ് സംഘടനകളുടെ ജോയിന്റ് ആക്ഷൻ കൗൺസിൽ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന് കേരളത്തിലെ വിദ്യാർത്ഥി-യുവജനങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള പ്രതിഷേധസംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായാണ് ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്.
എറണാകുളം ജില്ലയിൽ ഹൈക്കോർട്ടിൽ നടന്ന പ്രതിഷേധ സംഗമത്തിൽ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി കെഅംബുജാക്ഷൻ, കെ.കെ ബാബുരാജ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് അൻസാർ അബൂബക്കർ, റാസിഖ് റഹീം എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിഅർച്ചന പ്രജിത്ത് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലയിൽ നടന്ന പ്രതിഷേധ സംഗമത്തില്‍ ദലിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി, ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രമേശ് നന്മണ്ട, മാധ്യമ പ്രവര്ത്തകന് ഷഫീക് സുബൈദ ഹക്കീം, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നഈം ഗഫൂര്‍ അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്പില് നടന്ന പ്രതിഷേധ സംഗമത്തില്‍ മ്യുസീഷനും ആക്ടിവിസ്റ്റുമായ എ.എസ് അജിത്കുമാര്‍ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ വിനീത വിജയന്, ഭീം ആര്‍മി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രഞ്ജിനി സുഭാഷ് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നജ്ദ റൈഹാന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആദില്‍ എ അധ്യക്ഷത വഹിച്ചു.