കോഴിക്കോട്: ഇടതുപക്ഷ സർക്കാർ തുടർന്നുകൊണ്ടിരിക്കുന്ന പിന്നാക്ക സമൂഹ വിരുദ്ധനിലപാടുകളിൽ നിന്ന് പിന്മാറണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ‘മുന്നാക്ക സംവരണം; ഭരണഘടനാ വിരുദ്ധം, അശാസ്ത്രീയം, സാമൂഹ്യനീതി നിഷേധം’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. ജനസംഖ്യയിൽ 20 ശതമാനം മാത്രം വരുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുക വഴി അധികാര പങ്കാളിത്തത്തിലും വിദ്യാഭ്യാസത്തിലും പിന്നാക്കവിഭാഗങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ കുറവ് വരുത്തുകയാണ്. സംവരണത്തിന്റെ ഭരണഘടന മൂല്യങ്ങളെയും സംവരണത്തിന്റെ തന്നെ അന്തസത്തയെയും തകർക്കുന്ന നടപടി കൂടിയാണിത്. വിദ്യാഭ്യാസ വിവേചനത്തിന്റെ ഇരകളായി മലബാറിൽ ഉൾപ്പെടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ തുടർപഠനത്തിന് അവസരങ്ങളില്ലാതെ പുറത്ത് നിൽക്കുന്ന സാഹചര്യത്തിൽ മുന്നാക്ക വിഭാഗങ്ങൾക്ക് അർഹതയിൽ കൂടുതൽ സീറ്റ് സംവരണം ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ല. അതിൽ തന്നെ കൂടുതൽ സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജവാദ് കോട്ടയം, ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, സെക്രട്ടറി മുസ്ലിഹ് പെരിങ്ങൊളം, നസീൽ എന്നിവർ നേതൃത്വം നൽകി.
Share this post