കോഴിക്കോട്: പ്ലസ് വൺ അഡ്മിഷൻ പ്രക്രിയയിൽ 2പോയിന്റ് വരെ ലഭ്യമാക്കുന്ന നീന്തൽ സർട്ടിഫിക്കറ്റ് നൽകാനുള്ള അനുമതി ജില്ലാ സ്പോർട്സ് കൗൺസിലിനു നൽകിയ തീരുമാനം അശാസ്ത്രീയമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ അശാസ്ത്രീയത നിരവധി തവണ കേരളം നേരിട്ട പ്രതിസന്ധിയാണ്. പ്ലസ് വൺ ഏക ജാലക അഡ്മിഷൻ അനുബന്ധിച്ച നീന്തൽ സർട്ടിഫിക്കറ്റ് വിഷയത്തിലൂടെ വിദ്യാർത്ഥികളുടെ ഭാവി ദുരിതത്തിലാക്കുന്ന നടപടി എടുക്കുകയാണ് അധികൃതർ. പ്ലസ് വൺ അഡ്മിഷൻ പ്രക്രിയയിൽ 2 പോയിന്റ് വരെ ലഭിക്കുന്ന നീന്തൽ സർട്ടിഫിക്കറ്റിനായി ജില്ലയുടെ നാനാ ഭാഗങ്ങളിൽ നിന്നുള്ളവരും ജില്ലാ സ്പോർട്സ് കൗൺസിലിൽ ഏർപ്പെടുത്തിയ ഈസ്റ്റ് നടക്കാവ് നീന്തൽ കേന്ദ്രത്തിൽ എത്തിച്ചേരുകയും ഒരേ ജലാശയത്തിൽ നീന്തുകയും ചെയ്യുന്നത് തികച്ചും അശാസ്ത്രീയമാണ്. സീറ്റുകളുടെ പേരിലുള്ള വിവേചനങ്ങൾക്കും പ്രയാസങ്ങൾക്കും പുറമെയാണ് അധികൃതരുടെ ഇത്തരത്തിലുള്ള നിലപാടുകൾ .
ജില്ലയിലെ 40000 ഓളം വരുന്ന വിദ്യാർത്ഥികളിൽ നിന്ന് 25 രൂപ രെജിസ്റ്ററേഷൻ ഫീസ് ഈടാക്കി , ജില്ലയിലെ വിദൂര പ്രദേശങ്ങളിൽ നിന്നടക്കം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലേക്ക് എത്തിക്കുകയാണ് ഈ തീരുമാനത്തിലൂടെ ഉണ്ടാകുന്നത്. ജനങ്ങളെ പ്രയാസപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണ് അധികാരികൾക്ക് ഉള്ളതെന്ന വിധമാണ് നിലവിൽ സംസഥാനത്ത് നടക്കുന്ന നടപടികളും .
മുൻ വർഷങ്ങളിൽ നടന്നത് പോലെ ഗ്രാമപഞ്ചായത്ത് പോലെ ജനങ്ങൾക്ക് എത്തിപെടാൻ എളുപ്പമുള്ള സ്ഥലങ്ങളിലേക്ക് ഈ പ്രക്രിയ മാറ്റണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ല പ്രസിഡന്റ് മുനീബ് എലങ്കമൽ, ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, വൈസ് പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ, സെക്രട്ടറിയേറ്റ് അംഗം ആദിൽ അലി എന്നിവർ സംസാരിച്ചു.