പാലക്കാട്: പ്ലസ്.ടു, ഡിഗ്രി പ്രവേശനത്തില്‍ പാലക്കാട് ജില്ലയോട് അധികാരികള്‍ പുലര്‍ത്തുന്ന വിവേചനത്തില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി കലക്ട്രേറ്റ് പടിക്കല്‍ രാപ്പകല്‍ സമരം ആരംഭിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് ഉമര്‍ തങ്ങള്‍, ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം,ജനറല്‍ സെക്രട്ടറി കെ.എം സാബിര്‍ അഹ്സന് എന്നിവര്‍ സമര പന്തലില്‍ നിരാഹാരമിരിക്കുന്നുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് പി.എസ് അബൂഫൈസല്‍ സമരം ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലയില്‍ എസ്.എസ്.എല്‍.സി വിജയിച്ച 20,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്ണിന് പഠിക്കാന്‍ സീറ്റില്ല, എസ്.സി/എസ്.ടി ഉന്നമനത്തിനായുള്ള ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സംവരണ അട്ടിമറിയും ഭൂമി തിരിമറിയും,ജില്ലയില്‍ പുതുതായി അനുവദിക്കപ്പെട്ട കോളേജുകള്‍ പലതും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടങ്ങങ്ങളില്‍,മിക്ക പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും ജില്ലയില്‍ അവസരങ്ങള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകേണ്ടിവരുന്നു,ആലത്തൂര്‍,മലമ്പുഴ മണ്ഡലങ്ങളില്‍ ഗവ/എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ പോലുമില്ല,ജില്ലയിലെ ആദിവാസി, ഭാഷ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാറിന്റെ വിദ്യാഭ്യാസ ഭൂപടത്തിന് പുറത്ത്,ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തില്‍ തന്നെ ഏറ്റവും വലിയ വിവേചനം പാലക്കാട് നേരിടുന്നു തുടങ്ങിയ വിഷയങ്ങള്‍ സമരത്തിന്റ ഭാഗമായി ഉയര്‍ത്തുന്നുണ്ട്. ജില്ലയിലെ സാമൂഹിക പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി സംഘടന നേതാക്കളും സമരത്തെ അഭിസംബോധന ചെയ്യും.വ്യത്യസ്തമായ ആവിഷ്ക്കാരങ്ങള്‍ സമരത്തിനോടാനുബന്ധിച്ച് നടക്കുന്നുണ്ട്.
Share this post