കണ്ണൂര്‍: വിദ്യാഭ്യാസ മേഖലയിലെ കണ്ണൂര്‍ ജില്ലയോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ വിദ്യാഭ്യാസ അവകാശ സമരത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാര്‍ച്ച് നടത്തി. നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പരിസരത്തുനിന്ന് ആരംഭിച്ചു.കളക്ട്രേറ്റ് പരിസരത്തു പോലീസ് ബാരിക്കേഡ് കെട്ടി തടയുകയും പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റംഗം
തഷ്രീഫ് കെ പി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
സര്‍ക്കാര്‍ എന്തെങ്കിലും തരുന്നത് കാത്തു നില്ക്കാന് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത് ഭിക്ഷയല്ല മറിച്ചു അവകാശമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമരങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു അവഗണന തുടരാനാണ് സര്‍ക്കാര്‍ ഭാവമെങ്കില്‍ നീതി ലഭിക്കും വരെ ഫ്രറ്റേണിറ്റി സമരരംഗത്തു തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയില്‍ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പോലീസിന്റെ ജലപീരങ്കി പ്രയോഗത്തെ വിമര്‍ശിച്ച അദ്ദേഹം ഗുണ്ടായിസം കൈമുതലാക്കിയ മന്ത്രി ഭരിക്കുന്ന വകുപ്പില്‍നിന്നും നീതി ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കാണിക്കുന്ന നിയമലംഘനങ്ങള്‍ തെറ്റല്ല എന്നും അഭിപ്രായപ്പെട്ടു. ഗുണ്ടായിസങ്ങളുടെ അപ്പോസ്തലന് മന്ത്രിയായിരിക്കുന്നിടത്ത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ച് നേരിടുന്നതിനെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. കെ എസ് ടി എം ജില്ലാ പ്രസിഡന്റ് നൗഷാദ് ചേലേരി ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ലുബൈബ് ബഷീര്‍ ഈ സമരം ഒരു തുടക്കം മാത്രമാണെന്നും പ്രശ്നം പരിഹരിക്കപെടാത്തിടത്തോളം കൂടുതല്‍ ശക്തമായി സമരമുഖത്ത് ഉണ്ടാകുമെന്നും ജനപ്രതിനിധികളെയും മന്ത്രിമാരെയും അടക്കം വേണ്ടി വന്നാല്‍ സമ്മര്‍ദം ചെലുത്താനും ഉപരോധിക്കുന്നതിനെ കുറിച്ചും ആലോചിക്കുമെന്ന് അദ്ധ്യക്ഷ ഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.യോഗത്തില്‍ ജവാദ് അമീര്‍ സ്വാഗതവും ആരിഫ മെഹബൂബ് നന്ദിയും പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ നേതാക്കളായ ആദില്‍ സിറാജ്, ഷബീര്‍ എടക്കാട്, മഷൂദ് കെ പി, ഫാത്തിമ എസ് ബി എന്‍, സഫൂറ നദീര്‍, മിസ്അബ് ഷിബിലി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.