കോഴിക്കോട്: എസ്. എസ്. എൽ. സി വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠന സൗകര്യമൊരുക്കുക, ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി. ഡി. ഇ ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. കെ. എസ്. ആർ. ടി. സി. ബസ് സ്റ്റാൻഡിനു സമീപത്ത് നിന്നാരംഭിച്ച മാർച്ച് ഡി. ഡി. ഇ ഓഫീസിനു മുന്നിൽ പോലീസ് ബാരികേഡ് വെച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ആറോളം തവണ ജലപീരങ്കി പ്രയോഗിച്ചും, ഗ്രനേഡ് എറിഞ്ഞും പോലീസ് പ്രവർത്തകരെ പിരിച്ചു വിടാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോയില്ല.
പ്രതിഷേധ മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ അഷ്റഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ, ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, സെക്രട്ടറി ആയിഷ മന്ന, സജീർ ടി. സി, റഹീസ് കുണ്ടുങ്ങൽ എന്നിവർ സംസാരിച്ചു. ജില്ലയോടുള്ള ഭരണകൂട വിവേചനം അവസാനിപ്പിക്കുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ലാ വ്യാപകമായി നടത്തുന്ന വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാർച്ച് സംഘടിപ്പിച്ചത്.