തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ഒന്നായ അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ വിദൂരവിദ്യാഭ്യാസത്തിനുള്ള അംഗീകാരം റദ്ദ് ചെയ്തു കൊണ്ട് യുജിസി പുറത്തിറക്കിയ സർക്കുലർ പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്തിലാക്കുന്ന നടപടിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറിയേറ്റ്.
2015 മുതൽ വിവിധ കാരണങ്ങൾ കൊണ്ട് അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന് അനുമതിയില്ലെന്നാണ് യുജിസിയുടെ വാദം. എന്നാൽ അതിന് ശേഷം കോടതി നൽകിയ സ്റ്റേയുടെ പിൻബലത്തിൽ വിദൂര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നാണ് സർവകലാശാല വിശദീകരണം.
2015 മുതലുള്ള അണ്ണാമലൈ വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് പരിഗണിക്കില്ലെന്ന യുജിസിയുടെ സർക്കുലർ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയും തൊഴിൽ സാഹചര്യങ്ങളും ഒരുപോലെ ആശങ്കയിലാക്കുന്നതാണ്. സമയബന്ധിതമായി വിഷയത്തിൽ ഇടപെടൽ നടത്താത്ത യു ജി സി യും അനുമതിയില്ലാതെ കോഴ്സ് സർവകാലയുമാണ് വിഷയത്തിൽ കുറ്റക്കാർ. അധികൃതരുടെ പിഴവുകൾ കൊണ്ട് വിദ്യാർത്ഥികളുടെ ഭാവി പിഴയൊടുക്കേണ്ടിവരുന്ന സാഹചര്യം അനീതിയും ദ്രോഹവുമാണ്. വിഷയത്തിൽ യുജിസി നിർദ്ദേശം കർശനമായി നടപ്പിലാക്കുമെന്നാണ് എംജി സർവകലാശാല വൈസ് ചാൻസിലർ പറയുന്നത്.
കേരളത്തിലെ ഓരോ ജില്ലകളിലും സെൻസറുകൾ ഉള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ് അണ്ണാമലൈ സർവകലാശാല.
പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികളുടെ ഭാവിയും തൊഴിലുമെല്ലാം ഒരുപോലെ അനിശ്ചിതത്തിലാക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടുകയും വിദ്യാർഥികളുടെ ആശങ്കകൾക്ക് ഉടൻ പരിഹാരം കാണുകയും വേണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സെക്രട്ടറിയേറ്റ് യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് കെ.എം ഷെഫ്റിൻ അധ്യക്ഷത വഹിച്ചു. എസ് മുജീബുറഹ്മാൻ,അർച്ചന പ്രജിത്ത്, അഷ്റഫ്, കെ.കെ, മഹേഷ് തോന്നയ്ക്കൽ, അമീൻ റിയാസ്, തശരീഫ് കെ.പി, ഫാത്തിമ നൗറീൻ, ഫസ്ന മിയാൻ, ലത്തീഫ് പി.എച്ച് എന്നിവർ സംസാരിച്ചു.