ഒറ്റനോട്ടത്തില്‍ തെന്നെ പരിസ്ഥിതി വിരുദ്ധവും കോര്‍പറേറ്റ്- നവലിബറല്‍ സാമ്പത്തിക താല്പര്യങ്ങള് ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനിരിക്കുന്ന ഇ.ഐ.എ ഡ്രാഫ്റ്റ് 2020 (Environment Impact Assessment Draft 2020). 1984 ഇല് ആയിരത്തിലധികം മനുഷ്യരുടെ ജീവന് നഷ്ടപ്പെട്ട ഭോപാല്‍ ഗ്യാസ് ദുരന്തത്തിന് ശേഷം രാജ്യത്ത് പരിസ്ഥിതിയെ കുറിച്ചും വ്യവസായങ്ങള്‍ ഉയര്‍ത്തുന്ന സുരക്ഷ പ്രശ്നങ്ങളെ കുറിച്ചും വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു.
അങ്ങനെയാണ് 1986 ഇല് പരിസ്ഥിതി സംരക്ഷണ നിയമം നിലവില്‍ വരുന്നത്. അതിലെ സുപ്രധാനമായ വകുപ്പ് ആണ് പരിസ്ഥിതി ആഘാത പഠനം (EIA). ഒരു വ്യവസായ സ്ഥാപനമോ വികസന പദ്ധതിയോ ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന പരിസ്ഥിതി ആഘാത പഠനമോ പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറന്‍സോ ഒന്നുമില്ലാതെ തോന്നിയപോലെ ഏത് തരത്തിലുമുള്ള പദ്ധതിയും ആരംഭിക്കാം എന്നതാണ് പുതിയ ഡ്രാഫ്റ്റിന്റെ സവിശേഷത. ഇതിലെ ഏറ്റവും വലിയ വിരോധാഭാസം നിയമങ്ങളോ ചട്ടങ്ങളോ ലംഘിക്കുന്ന വ്യവസായങ്ങള്‍ക്കോ പദ്ധതികള്‍ക്കോ എതിരെ രാജ്യത്തെ ഒരു പൗരനും പരാതി നല്കാന് സാധിക്കുകയില്ല എന്നതാണ്. സര്‍ക്കാറിനോ പ്രോജക്ട് അംഗങ്ങള്‍ക്കോ മാത്രമേ നിയമലംഘനങ്ങള്‍ക്കെതിരെ പരാതി ഉന്നയിക്കാന്‍ സാധിക്കുകയുള്ളൂ. അതായത് കള്ളന് തന്നെ പോലീസിനോട് താന്‍ നടത്തിയ കളവിനെ കുറിച്ച് പരാതി നല്‍കണമെന്നാണ് പുതിയ ഡ്രാഫ്റ്റ് പറയുന്ന നിര്‍ദ്ദേശങ്ങളെന്ന് സാരം.
ഇ.ഐ.എ ക്ലിയറന്‍സ് ആവശ്യമില്ലാത്ത പ്രൊജക്ടുകളുടെ പട്ടികയിലേക്ക് ദേശീയപാത വിപുലീകരണം, ജലസേചനപദ്ധതി നവീകരണം പോലുള്ള പ്രൊജക്ടുകള്‍ കൂടി ഉള്‍ക്കൊള്ളിച്ചു. നേരത്തെ ഇ.ഐ.എ നടപ്പിലാക്കാന്‍ ഉണ്ടായിരുന്ന പദ്ധതി പ്രദേശത്തിന്റെ വിസ്തൃതി 20,000 ചതുരശ്ര മീറ്റര്‍ എന്ന പരിധിയില്‍ നിന്ന് 1,50,000 ചതുരശ്ര മീറ്റര്‍ ആക്കി വര്‍ധിപ്പിച്ചു. അതോടെ ഒരു വിമാനത്താവള നിര്‍മ്മാണം പോലും ഇ.ഐ.എയുടെ പരിധിക്ക് പുറത്താവുന്നു. പദ്ധതി പൂര്‍ത്തിയായ ശേഷം മാത്രം ഇ.ഐ.എ ക്ലിയറന്‍സ് എടുത്താല്‍ മതി എന്ന ഗുരുതരമായ നിര്‍ദേശവും ഈ ഡ്രാഫ്റ്റില്‍ ഉണ്ട്. ഒരു പദ്ധതി തുടങ്ങുന്നതിന് മുമ്പ് ഉണ്ടായിരുന്ന പബ്ലിക് ഹിയറിങിന്റെ സമയം 30 ദിവസത്തില്‍ നിന്ന് ഇരുപത് ദിവസമാക്കി മാറ്റിയതും ഈ ഡ്രാഫ്റ്റിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നാണ്. ഇങ്ങനെ നിലവില്‍ ഉണ്ടായിരുന്ന നിയമത്തെ എങ്ങിനെ ഒക്കെ ദുര്ബലമാക്കാമെന്നതും പരിസ്ഥിതിയെ തകര്‍ത്ത് കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പ് വരുത്താം എന്നതിനെ കുറിച്ചുള്ള ഗവേഷണ റിപ്പോര്‍ട്ട് ആണ് യഥാര്‍ത്ഥത്തില്‍ EIA Draft 2020.
കോവിഡിന്റെ മറവില്‍ കഴിഞ്ഞ മാര്‍ച്ച് 23 ന് ആണ് EIA കരട് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം പുറത്തിറക്കിയത്. ദുരന്തങ്ങളും മഹാമാരിയുമൊക്കെ തങ്ങളുടെ നിഗൂഡ അജണ്ടകള്‍ നടപ്പിലാക്കാന്‍ ഉപയോഗപ്പെടുത്തുക എന്നത് ലോകത്തിലെ എല്ലാ ഫാസിസ്റ്റ് ഗവണ്മെന്റുകളും അനുവര്‍ത്തിക്കുന്ന നയമാണ്. കോവിഡ് മഹാമാരിയുടെ മറവില്‍ സംഘ്പരിവാര്‍ സര്‍ക്കാര്‍ രാജ്യത്ത് തങ്ങളുടെ ഓരോ നിഗൂഡ അജണ്ടകളും ഒന്നൊന്നായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യ സമരം നയിച്ച വിദ്യാര്‍ത്ഥി നേതാക്കള്‍, പൗരാവകാശ പ്രവര്‍ത്തകര്‍,അക്കാദമിക രംഗത്തുള്ളവര്‍ എന്നിവരെല്ലാം ഈ മഹാമാരിയുടെ കാലത്ത് ക്രൂരമായി പോലീസ് വേട്ടക്ക് വിധേയമാക്കി ജയിലറകളിലാണ്. ദേശീയ വിദ്യാഭ്യാസ നയവും വേണ്ടത്ര ചര്‍ച്ചകള്‍ ഇല്ലാതെ നടപ്പിലാക്കുന്നതും ഇതേ ഗണത്തില്‍ വേണം മനസ്സിലാക്കാന്‍.
ഇ.ഐ. എ ഡ്രാഫ്റ്റ് ഏപ്രില്‍ 11 ന് ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണ്ട രീതിയില്‍ ഉള്ള ചര്‍ച്ചകള്‍ പോലും നടത്താതെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മാതൃകയില്‍, പാര്‍ലമെന്റില്‍ വെക്കാതെ പിന്‍വാതിലിലൂടെ നടപ്പിലാക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കാതെ തിടുക്കത്തില്‍ പാസാക്കി എടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഡല്‍ഹി ഹൈക്കോടതിയില്‍ നടത്തിയ നിയമ പോരാട്ടത്തിലൂടെ ആണ് ആഗസ്റ്റ് 11 വരെ ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ ഇമെയില്‍ വഴി അറിയിക്കാന്‍ അവസരം നല്‍കിയത്. രാജ്യത്തെ 22 ഭാഷകളിലേക്ക് ഡ്രാഫ്റ്റ് വിവര്‍ത്തനം നടത്തി പ്രസിദ്ധീകരിക്കാന്‍ കോടതി നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആവട്ടെ ഈ നിര്‍ദേശമെന്നും പൂര്‍ണാര്‍ഥത്തില്‍ നടപ്പിലാക്കാതെ നേപ്പാളി, മറാത്തി, ഒഡിയ ഭാഷകളില്‍ മാത്രമാണ് വിവര്‍ത്തനം നടത്തിയത്.
ഈ കടുത്ത അനീതിക്കെതിരെ സംഘ്പരിവാറിന്റെ കുഴലൂത്തുകാരായ ദേശീയ മാധ്യമങ്ങള്‍ അടക്കം പുലര്‍ത്തിയ മൗനം നമ്മുടെ രാജ്യത്തെ മാധ്യമങ്ങള്‍ സംഘ്പരിവാറിന് മുന്നില്‍ എത്രത്തോളം വിധേയപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. കേരളത്തില്‍ ആവട്ടെ ആഗസ്റ്റ് ആദ്യ വാരത്തോടെ മാത്രമാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ അടക്കം ഈ ഡ്രാഫ്റ്റിന് എതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടന്ന് കൊണ്ടിരിക്കുമ്പോഴും കേരളം വലിയ മൗനത്തില്‍ തന്നെയായിരുന്നു. ഒരു രാഷ്ട്രത്തില്‍ ജനങ്ങള്‍ എന്ത് കാണണം, പറയണം, വായിക്കണം എന്നതിലൊക്കെ ഭരണകൂടത്തിന്റെ അദൃശ്യമായ കരങ്ങള്‍ നമ്മെ നിയന്ത്രിച്ചത് കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നമ്മുടെ മുന്നില്‍ ഉള്ളത്. ഫാസിസ്റ്റ് ഭരണകൂടം നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ ഓരോ തൂണുകളെയും തങ്ങളുടെ വരുതിയില്‍ ആക്കി നിശബ്ദമാക്കി എന്നുമാത്രമാണ് നാം കരുതേണ്ടത്.
രാജ്യത്ത് ഈ കോര്‍പറേറ്റ് അനുകൂലമായ നിയമഭേദ?ഗതിക്ക് എതിരെ വലിയ തോതില്‍ പരാതികള്‍ പ്രവഹിച്ചു. വ്യക്തികളും സംഘടനകളും തങ്ങളുടെ പരാതികള്‍ ഇമെയിലിലൂടെ അറിയിച്ചു. കൗമാരക്കാരിയായ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റാ തന്‍ബര്‍ഗിന്റെ സംഘടനയുടെ ഇന്ത്യന്‍ ചാപ്റ്റര്‍ Friday for future India, Let India breath,There is no planet B പോലുള്ള സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായ മെയില്‍ കമ്പയിനുകള്‍ സംഘടിപ്പിച്ചു. എന്നാല്‍ കലിമൂത്ത കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സംഘനകളുടെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തും യു.എ. പി.എ അടക്കുമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയുമാണ് പരിസ്ഥിതി പ്രവര്‍ത്തകരെ നിശബ്ദരാക്കാന്‍ ശ്രമിച്ചത്.
സമീപകാലത്ത് രാജ്യത്ത് ഉണ്ടായ പ്രകൃതി ദുരന്തങ്ങളും വ്യാവസായിക ദുരന്തങ്ങളും ഭരണകൂടങ്ങളെ കണ്ണ് തുറപ്പിക്കുന്നിലെങ്കില്‍ ഒരുപാട് മനുഷ്യ ജീവനുകള്‍ ഇനിയും നാം വില കൊടുക്കേണ്ടിവരും. പരിസ്ഥിതി ക്ലിയറന്‍സ് വാങ്ങാതെ പ്രവര്‍ത്തിച്ച് നിരവധി പേരുടെ മരണത്തിന് കാരണമായ
വിശാഖപട്ടണത്തെ എല്‍.പി.ജി പോളിമര്‍ കമ്പനിയില്‍ ഉണ്ടായ വാതക ചോര്‍ച്ച, അസാമില്‍ വ്യവസായശാലയില്‍ ഉണ്ടായ തീപിടുത്തം,കേരളത്തില്‍ വര്‍ഷാവര്‍ഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയങ്ങള്‍, അനിയന്ത്രിതമായ മൈനിങ്ങും ഒരു നിയന്ത്രണമില്ലാതെ പാറപൊട്ടിക്കലുകളും മൂലമുണ്ടാവുന്ന ഉരുള്പൊട്ടലുകളുമൊന്നും നമ്മുടെ കണ്ണ് തുറപ്പിക്കുന്നിലെങ്കില്‍ അതിന്റെ പ്രത്യഘാതം വളരെ ഭീകരമായിരിക്കും.കഴിഞ്ഞ വര്‍ഷം നിലമ്പൂരിലെ കവളപാറ,ഈ വര്‍ഷം ഇടുക്കിയിലെ രാജമലയിലെ പെട്ടിപാറ തുങ്ങിയ പ്രദേശങ്ങളിലെ ദുരന്തങ്ങള്‍ മാത്രം എടുത്ത് നോക്കിയാല്‍ മനുഷ്യന്റെ ആര്‍ത്തിയോടെ ഉള്ള പ്രകൃതി ചൂഷണം ദുരന്തങ്ങള്‍ക്ക് കാരണമായി വര്‍ത്തിച്ചിട്ടുണ്ട് എന്ന് നമ്മുക്ക് കാണാം.
പശ്ചിമഘട്ടത്തിലെ കൈയേറ്റവും വനനശീകരണവും ഖനനവും അനിയന്ത്രിത നിര്‍മാണ പ്രവര്‍ത്തനങ്ങളുമെല്ലാം ചേര്‍ന്ന് കൊച്ചു കേരളത്തിന്റെ നെറുകയിലൊരുക്കിയ ജലബോംബുകള്‍ ദുരന്തമായി പതിച്ചതിന്റെയും പതിവില്ലാത്ത തരത്തില്‍ കേരളം കഴിഞ്ഞ കാലങ്ങളില്‍ പ്രളയക്കെടുതിയിലമര്ന്നതിന്റെയും കാരണങ്ങള്‍ ചര്‍ച്ചക്കെടുക്കേണ്ട സമയം കൂടിയാണ് ഇ.ഐ. എ ഡ്രാഫ്റ്റ് 2020 നടപ്പിലാവാന്‍ പോവുന്ന സന്ദര്‍ഭം. ഇല്ലെങ്കില്‍ നിലക്കാത്ത പേമാരിയില്‍ പൊങ്ങിയ വെള്ളമത്രയും പടിഞ്ഞാറ് അറബിക്കടലില്‍ പതിക്കുന്ന മുറക്ക് മലയാളിയുടെ മറവിയിലേക്ക് ഈ കെടുതിയും പോയിമറയും. പ്രളയക്കെടുതിയുടെ കണക്കെടുത്ത് കേന്ദ്രത്തില്‍നിന്നുള്ള നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നപോലെ നടക്കേണ്ട പ്രക്രിയയാണത്. ഇതിനൊന്നും ചെവികൊടുക്കാതെ കേരളത്തിന് ഇനിയും മുന്നോട്ടുപോകാനാകില്ല എന്നതാണ് ഗാഡ്ഗില്‍ കമ്മിറ്റി നമ്മോട് പറഞ്ഞത്.
പരിസ്ഥിതി പ്രവര്‍ത്തനം രാജ്യദ്രോഹമായി കാണുന്ന ഭരണകൂടങ്ങള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന രാജ്യത്ത് മണ്ണിനോടും മനുഷ്യനോടും ചേര്‍ന്ന് നില്ക്കുന്ന വികസനത്തിന്റെ പാഠങ്ങള്‍ വരും തലമുറയ്ക്ക് പകര്‍ന്നു നല്കാന് നമ്മുക്ക് സാധിക്കണം. പരിസ്ഥിതി വിരുദ്ധവും കോര്‍പറേറ്റ് താല്പര്യങ്ങളില് ഊന്നിയുമുള്ള വികസന കാഴ്ചപ്പാടുകള്‍ക്കെതിരെ ശക്തമായ ജനകീയ ചെറുത്ത് നില്പ്പിന് നാം മുന്നിട്ട് ഇറങ്ങേണ്ടതുണ്ട്.
– കെ കെ അഷ്റഫ്
സെക്രട്ടറി
ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള