പ്രീഡിഗ്രി പൂര്‍ണ്ണമായി നിര്‍ത്തലാക്കിയ രണ്ടായിരം മുതല്‍ മലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന മുഖ്യ വിദ്യാഭ്യാസ പ്രതിസന്ധിയാണ് ഹയര്‍ സെക്കന്ററി സീറ്റുകളുടെ അപര്യാപ്തത. ഇരുപത് വര്‍ഷം പിന്നിട്ട് 2020 ലെത്തിയിട്ടും പ്രശ്നം ഇനിയും പരിഹരിക്കപ്പെടാതെ തുടരുകയാണ്. ഇക്കാലത്തിനിടയില്‍ മാറിമാറി അധികാരത്തിലേറിയ ഇടതുവലതു സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ മലപ്പുറത്തുകാര്‍ ഈ വിഷയം നിരന്തരം ഉന്നയിച്ചിട്ടും സ്ഥിരം പരിഹാരമുണ്ടാകും വിധം നടപടികളെടുക്കാന്‍ ഇരുകൂട്ടരും ശ്രമം നടത്തിയിട്ടില്ല. അതിന്റെ ഫലമായി 70 ശതമാനത്തിലധികം മാര്‍ക്ക് നേടി എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ക്ക് പോലും മലപ്പുറം ജില്ലയില്‍ പ്ലസ് വണ്ണിന് പ്രൈവറ്റ് രജിസ്ട്രേഷന് സംവിധാനങ്ങളെ ആശ്രയിക്കേണ്ട ഗതികേട് വരുന്നു. മലബാറിന് പുറത്തുള്ള ജില്ലകളില്‍ പത്താം ക്ലാസ് പാസാകുന്ന വിദ്യാര്ഥികളെക്കാള് പ്ലസ് വണ്‍ സീറ്റുകള്‍ നിലനില്‍ക്കുമ്പോഴാണ് മലപ്പുറത്ത് ജനിച്ചു പോയതിന്റെ പേരില്‍ മാത്രം ഈ കുട്ടികള്‍ അനീതിക്കിരയാവുന്നത്. ഈ വര്‍ഷത്തെ കണക്കനുസരിച്ച് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാംകുളം ജില്ലകളില്‍ എസ്.എസ്.എല്‍.സി പാസായവരേക്കാള്‍ പ്ലസ് വണ്‍ സീറ്റുകളുണ്ട്. മറ്റ് ഉപരിപഠന സാധ്യതകളായ വി.എച്ച്.എസ്.ഇ ,ഐ.ടി.ഐ, പോളിടെക്നിക് എന്നിവ വേറെയും ആ ജില്ലകളിലുണ്ട്. കഴിഞ്ഞ വര്‍ഷം ഈ ജില്ലകളില്‍ പല ബാച്ചുകളും കുട്ടികളില്ലാതെ ഒഴിഞ്ഞുകിടന്നത് വാര്‍ത്തയായിരുന്നു. സംസ്ഥാനത്തിന്റെ ഒരു ഭാഗത്ത് ആവശ്യത്തിലേറെ പ്ലസ് വണ്‍ ബാച്ചുകളും സീറ്റുകളും ഉണ്ടാവുകയും മലപ്പുറമടക്കമുള്ള മലബാര്‍ ജില്ലകളില്‍ പതിനായിരങ്ങള്‍ പുറത്തിരിക്കുകയും ചെയ്യുന്ന വിവേചന ഭീകരാവസ്ഥയാണ് സംസ്ഥാനത്ത് കുറച്ച് വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്.
ഈ വര്‍ഷം മലപ്പുറം ജില്ലയില്‍ 77685 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. അതില്‍ 76633 വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിനര്‍ഹരായി. എന്നാല്‍ 41200 പ്ലസ് വണ്‍ സീറ്റുകള്‍ മാത്രമാണ് മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ നിലവിലുള്ളത്. 85 ഗവണ്മെന്റ് ഹയര്‍ സെക്കന്ററികളില്‍ 50 സീറ്റുകള്‍ വീതം 435 ബാച്ചുകളിലായി 21750 സീറ്റുകള്‍. എയ്ഡഡ് മേഖലയില്‍ 84 ഹയര്‍ സെക്കന്ററി സ്കൂളുകളിലായി 389 ബാച്ചുകളില്‍ 19450 സീറ്റുകളും. സര്‍ക്കാര്‍ സ്കൂളും എയ്ഡഡും ചേര്‍ത്താല്‍ 21750 + 19450 = 41200 സീറ്റുകള്‍.
ഗവണ്മെന്റ് എയ്ഡഡ് മേഖലയിലെ വി.എച്ച്.എസ് ഇ, പോളിടെക്നിക്, ഐ.ടി.ഐ എന്നിവയാണ് മറ്റ് ഉപരിപഠന സാധ്യതകള്‍. ഇവയിലെ മുഴുവന്‍ സീറ്റും കൂട്ടിയാല്‍ അയ്യായിരത്തിനടുത്ത് മാത്രമാണുള്ളത്. 27 വി.എച്ച്.എസ്.ഇകളാണ് മലപ്പുറം ജില്ലയിലുള്ളത്. 24 എണ്ണം ഗവണ്മെന്റും മൂന്നെണ്ണം എയ്ഡഡും. 77 ഗവണ്മെന്റ് ബാച്ചുകളിലും ഏഴ് എയ്ഡഡ് ബാച്ചുകളിലുമായി ആകെ 2820 സീറ്റുകള്‍. ഗവണ്മെന്റ് – എയ്ഡഡ് പോളിടെക്നിക്കുകളിലായി വെറും 1150 സീറ്റുകള്‍ മാത്രമാണ് ജില്ലയിലുള്ളത്. ഐ.ടി.ഐ കളില്‍ 1087 സീറ്റും. എല്ലാം ചേര്‍ന്നാല്‍ 5057. ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ എന്നിവയിലെ എല്ലാ സീറ്റുകള്‍ കൂട്ടിയാലും 46257 സീറ്റുകളാണ് ഗവണ്മെന്റ്, എയ്ഡഡ് മേഖലയില്‍ മലപ്പുറം ജില്ലയിലുള്ളത്. പത്താം ക്ലാസ് പാസായ 30376 വിദ്യാര്‍ഥികള്‍ക്ക് ഗവണ്മെന്റ്, എയ്ഡഡ് മേഖലയില്‍ ഒരു സ്കീമിലും ഉപരി പഠനത്തിന് അവസരമില്ലെന്നര്ഥം. പൊതുവിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമിടുന്ന സര്‍ക്കാര്‍ മലപ്പുറത്തെ വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ഫീസ് കൊടുത്ത് അണ് എയ്ഡഡ് സ്കൂളുകളില്‍ ചേര്‍ന്ന് പഠിച്ചോട്ടേ എന്ന് തീരുമാനിച്ചാല്‍ പോലും 23408 വിദ്യാര്‍ഥികള്‍ പുറത്തുതന്നെയായിരിക്കും. 12025 പ്ലസ് വണ്‍ സീറ്റുകളാണ് ജില്ലയില്‍ അണ്‍എയ്ഡഡ് മേഖലയിലുള്ളത്.
സി.ബിഎസ്.ഇ, ഐ.സി.എസ്.ഇ സ്കീമുകളില്‍ എസ്.എസ്.എല്‍.സി എഴുതിയവരുടെ റിസല്‍റ്റ് ചേര്‍ത്താല്‍ സീറ്റില്ലാത്തവരുടെ കണക്കുകള്‍ ഇനിയും വര്‍ധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയ ശേഷം നാട്ടില്‍ പ്ലസ് വണ്ണിന് അപേക്ഷിക്കുന്നവര്‍ വേറെയുമുണ്ട്. കോവിഡ് പ്രതിസന്ധിയുള്‍പ്പെടെയുള്ള കാരണത്താല്‍ ഇവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിക്കാനാണ് സാധ്യത.
ഇതിനോടൊപ്പം സേ പരീക്ഷാവിജയികളും ചേരും. അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ ഇങ്ങനെ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്ലസ് വണ്‍ അപേക്ഷകരായുണ്ടായിരുന്നു.
ഒരു അധ്യയന വര്‍ഷം മാത്രം വാലിഡിറ്റിയുള്ള പത്തോ ഇരുപതോ ശതമാനം താല്‍ക്കാലിക സീറ്റുവര്‍ധനവ് കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ലെന്നതിന് കഴിഞ്ഞ വര്‍ഷങ്ങള്‍ തന്നെ സാക്ഷിയാണ്. ആ അധ്യയനവര്‍ഷം പൂര്‍ത്തിയായാല്‍ ആ താല്‍ക്കാലിക വര്‍ധനവ് ഇല്ലാതാകും. വരും വര്‍ഷങ്ങളില്‍ സീറ്റുകള്‍ പഴയപടിയായി പ്രതിസന്ധി അതേപ്പടി തുടരുകയും ചെയ്യും. കുറച്ച് വര്‍ഷങ്ങളായി ഈ താല്കാലിക ചെപ്പടിവിദ്യ കാണിച്ച് ജനരോഷം മറികടക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യുന്നത്. തെക്കന്‍ ജില്ലകളില്‍ വിദ്യാര്‍ഥികളില്ലാതെ കാലിയായി കിടക്കുന്ന ഒന്നോ രണ്ടോ ബാച്ചുകള്‍ ഒരു വര്‍ഷത്തിന് മാത്രമായി കൊണ്ടുവരുന്ന താല്‍ക്കാലിക നീക്കുപ്പോക്കുകളെല്ലാം ഇതിന്റെ ഭാഗമായാണ് കാണേണ്ടത്. സ്ഥിരമായ പരിഹാരത്തിന് മലപ്പുറം ജില്ലയില്‍ ആവശ്യമായ പുതിയ ബാച്ചുകള്‍ അനുവദിക്കുക മാത്രമാണ് പരിഹാരം. അതില്‍ നിന്നാവട്ടെ ഓരോ വര്‍ഷവും സര്‍ക്കാര്‍ ഒളിച്ചോടുകയുമാണ്. മലപ്പുറം ജില്ലയിലെ 85 ഗവണ്മെന്റ് ഹയര്‍ സെക്കന്ററികളിലും ആവശ്യാനുസാരം മൂന്ന് ഗ്രൂപ്പുകളിലുമുള്ള പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ചാല്‍ പ്രതിസന്ധിക്ക് അല്‍പ്പമെങ്കിലും സ്ഥിരപരിഹാരമാകും. മലപ്പുറം ജില്ലയില്‍ 19 ഗവണ്മെന്റ് ഹൈസ്കൂളുകളില്‍ ഇപ്പോഴും ഹയര്‍ സെക്കന്ററിയില്ല. ഇവിടങ്ങളില്‍ ഭൗതിക സൗകര്യമൊരുക്കി ഉടന്‍ ഹയര്‍ സെക്കന്ററി അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. നിലവിലെ അനുപാതമനുസരിച്ച് തന്നെ ഒരു ക്ലാസില്‍ അമ്പത് വിദ്യാര്‍ഥികളുണ്ടായിരിക്കെ താല്‍ക്കാലികമായി സീറ്റ് വര്‍ധിപ്പിക്കുക എന്നത് പരിഹാരമേയല്ല. അത് മറ്റ് അക്കാദമിക പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നത് കഴിഞ്ഞ അധ്യയന വര്‍ഷങ്ങളിലെ അനുഭവങ്ങളുമാണ്. മുമ്പ് വന്ന സര്‍ക്കാരില്‍ പഴിചാരി വിഷയത്തെ അഭിമുഖീകരിക്കുന്നതില്‍ നിന്നും ഇനിയും സംസ്ഥാന സര്‍ക്കാരിന് ഒളിച്ചോടാനാവില്ല. എല്ലാ കണ്ടും കേട്ടും അനുഭവിച്ചും വളരുന്ന പുതിയ തലമുറയില്‍ ഭരണ സംവിധാനങ്ങളോട് അസംതൃപ്തി വളര്‍ത്താനേ അത് ഇടയാക്കൂ . പൊതുവിദ്യാഭ്യാസ ശാക്തീകരണവും സാമൂഹിക നീതിയും മുന്നോട്ടുവെക്കുന്ന ഒരു ഭരണകൂടം എന്നന്നേക്കുമായി ഈ പ്രതിസന്ധി പരിഹരിക്കുന്ന സ്പെഷല്‍ പാക്കേജുകളും നടപടികളുമാണ് എടുക്കേണ്ടത്. പുതിയ അധ്യയന വര്‍ഷത്തിന്റെ അഡ്മിഷന് പ്രക്രിയക്ക് മുമ്പുതന്നെ അതുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.
– ബഷീര്‍ തൃപ്പനച്ചി
സംസ്ഥാന കമ്മിറ്റിയംഗം
ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള