നായനാര്‍ മുഖ്യമന്ത്രിയായ 2001 ലാണ് പ്രീഡിഗ്രി കോളേജുകളില്‍നിന്ന് പൂര്‍ണമായും വേര്‍പ്പെടുത്തി ഹയര്‍ സെക്കൻററി വിദ്യാഭ്യാസം സ്കൂളുകളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നത്.പി.ജെ ജോസഫായിരുന്നൂ വിദ്യാഭ്യാസ മന്ത്രി. അന്ന് പത്താംക്ലാസ്സില്‍ പരീക്ഷയെഴുതി വിജയിച്ചിരുന്ന കുട്ടികള്‍ക്ക് ആനുപാതികമായി പ്ലസ് വണ്‍ ബാച്ചുകളും സീറ്റുകളും അനുവദിക്കുന്നതിന് പകരം മറ്റുപല പരിഗണനകളിലുമാണ് ഹയര്‍ സെക്കന്ററി ബാച്ചുകള്‍ അനുവദിച്ചത്. പൊതുവെ തിരുകൊച്ചി മേഖലയെ അപേക്ഷിച്ച് മലബാറില്‍ ഗവണ്മെന്റ്/ എയ്ഡഡ് മേഖലയില്‍ ഹൈസ്കൂളുകള്‍ കുറവായിരുന്നിട്ടുപോലും ആവശ്യമായ വിദ്യാലയങ്ങളില്‍ ഇവിടെ പ്ലസ് വണ്‍ അനുവദിച്ചില്ല. എന്നാല്‍, പ്ലസ് വണ്‍ ആരംഭിച്ച ആദ്യ വര്‍ഷങ്ങളില്‍തന്നെ തിരുകൊച്ചി മേഖലയില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആനുപാതികമായി പ്ലസ് വണ്‍ ബാച്ചുകളും അനുവദിക്കപ്പെട്ടു.മലബാര്‍ മേഖലയില്‍ ആദ്യകാലത്ത് പത്താം ക്ലാസ്സില്‍ വിജയശതമാനം കുറവായതിനാല്‍ ഈ സീറ്റുപരിമിതി വലിയ പ്രതിസന്ധി ഉണ്ടാക്കിയില്ല. എന്നാല്‍, ഓരോ വര്‍ഷം പിന്നിടുന്തോറും വിജയ ശതമാനം ഉയരുകയും സീറ്റുപ്രതിസന്ധി വര്‍ധിച്ചുവരുകയും ചെയ്തു. 2005 നു ശേഷം എസ്.എസ്.എല്‍.സി വിജയ ശതമാനം മലബാര്‍ ജില്ലകളിലും 80 ശതമാനത്തിനും മുകളില്‍ ആയിത്തുടങ്ങിയതോടെ അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും ഉപരിപഠനസൗകര്യമില്ലാതെവന്നു. തെക്കന്‍ ജില്ലകളിലാവട്ടെ മുന്‍വര്‍ഷത്തിലും കുറവ് വിദ്യാര്‍ഥികളാണ് തുടര്‍ വര്‍ഷങ്ങളില്‍ പത്താംക്ലാസ്സ് പൂര്‍ത്തിയാക്കിയത്.പുതു തലമുറയിലെ ജനസംഖ്യാ മാറ്റത്തെത്തുടര്‍ന്ന് സ്കൂളില്‍ അഡ്മിഷന് നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ തന്നെ അവിടെ വലിയ കുറവാണുണ്ടായത്. തെക്കന്‍ ജില്ലകളിലെ ചില സകൂളുകളില്‍ ഒരൊറ്റ കുട്ടിയും അഡ്മിഷനില്ലാതെ പ്ലസ് വണ്‍ ബാച്ചുകള്‍ കാലിയായ നിലയിലേക്ക് വരെ കാര്യങ്ങളെത്തി. ഒരേ വിഷയത്തില്‍ മലബാറില്‍ സീറ്റ് പ്രതിസന്ധി വര്‍ഷംതോറും വര്‍ധിച്ചുവന്നപ്പോള്‍ തെക്കന്‍ ജില്ലകളില്‍ വര്‍ധിച്ചത് കുട്ടികളില്ലാതെ വെറുതെ കിടക്കുന്ന ബാച്ചുകളാണ് .മാറിമാറി വന്ന ഇടത് വലത് ഭരണകൂടങ്ങള്‍ അസന്തുലിതമായ ഈ സീറ്റുവിതരണവും ബാച്ച് സംവിധാനവും പഠിച്ച് ശാസ്ത്രീയമായത് പുന:സംവിധാനിച്ച് പ്രശ്നം പരിഹരിക്കാന്‍ യാതൊരു ശ്രമവും നടത്തിയതുമില്ല. പ്രശ്നവും പ്രതിസന്ധിയും മലബാറിന്റേതായതിനാല്‍ ഉന്നത ഉദ്യോഗസ്ഥരോ പ്രമുഖ കേരള വിദ്യാഭ്യാസ വിചക്ഷണരോ ഈ ഭാഗത്തേക്ക് വേണ്ടത്ര ശ്രദ്ധിച്ചതുമില്ല. സാമൂഹിക അനീതിക്കൊപ്പം അശാസ്ത്രീയവും അസന്തുലിതവുമായ പ്ലസ് വണ്‍ ബാച്ചുകളുടെ വീതംവെപ്പുമാണ് ഇന്ന് മലബാര്‍ മേഖല അനുഭവിക്കുന്ന ഹയര്‍ സെക്കന്ററി പ്രശ്നങ്ങളുടെ അടിവേര്.നിലവില്‍ സംസ്ഥാനത്തുള്ള ബാച്ചുകളുടെ പുന:ക്രമീകരണങ്ങള്‍ക്കൊപ്പം മലബാര്‍ ജില്ലകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കല്‍ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമുള്ളൂ.
ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പോലും ഇന്ന് മലബാറിലെ ഈ ഹയര്‍സെക്കന്ററി പ്രതിസന്ധി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നവര്‍ കഴിഞ്ഞ ഇടതുപക്ഷ ഭരണ കാലം മുതല്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ ഓരോ ജൂണ്‍ മാസവും വിവിധ തെരുവ് സമരങ്ങളിലൂടെയും ഭരണാധികാരികളെ നേരിട്ട് കണ്ടും ഈ വിഷയം ഉന്നയിച്ച് പോന്നിട്ടുമുണ്ട്. കഴിഞ്ഞ നിയമസഭ ഇലക്ഷന് മാനിഫെസ്റ്റോ തയ്യാറാക്കുന്ന വേളയില്‍ മലബാറിലെ മിക്ക കൂട്ടായ്മകളും ഈ വിഷയത്തിലേക്ക് രണ്ട് മുന്നണികളുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്തിരുന്നു. അതിന്റെയെല്ലാം ഭാഗമായിട്ടാവണം എല്‍.ഡി.എഫ് ഇലക്ഷന് മാനിഫെസ്റ്റോവിലെ സ്പെഷല്‍ പാക്കേജ് എന്ന തലക്കെട്ടിന് കീഴില്‍ മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി പഠിച്ച് അവ പരിഹരിക്കാനാവശ്യമായ പദ്ദതികള്‍ നടപ്പിലാക്കുമെന്ന് രേഖപ്പെടുത്തിയിരുന്നു. പക്ഷെ ,പുതിയ ഇടതുപക്ഷ സര്‍ക്കാരും ഒന്നാം പിണറായി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ഈ വിഷയത്തില്‍ തുടര്‍ന്ന നയം തുടരാന്‍ തന്നെയാണ് തീരുമാനിച്ചതെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ കഴിഞ്ഞ ദിവസങ്ങളിലെ ഇതുസംബന്ധമായ നിയമസഭ മറുപടികളും ഫേസ്ബുക് പ്രസ്താവനകളും സൂചിപ്പിക്കുന്നത് .
ഓരോ വര്‍ഷവും പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ,വയനാട് ,കണ്ണൂര്‍ ,കാസര്‍കോട് ഉള്‍പ്പെടുന്ന മലബാര്‍ ജില്ലകളിലെ ഹയര്‍ സെക്കന്ററി സീറ്റുകളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ 20 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കലായിരുന്നു പതിവ്.കഴിഞ്ഞവര്‍ഷമത് മുപ്പത് ശതമാനം വരെയായിരുന്നു. അമ്പത് പേര്‍ക്കിരിക്കാവുന്ന ഒരു ക്ലാസ്സില്‍ മലബാര്‍ ജില്ലകളില്‍ മാത്രം 65 വിദ്യാര്‍ത്ഥികള്‍ വരെ പഠിക്കേണ്ടി വരുന്ന അനാരോഗ്യകരമായ അക്കാദമിക് അന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് ഇതുവഴി കഴിഞ്ഞ കാലങ്ങളില്‍ നടന്നിട്ടുള്ളത്. വരുംവര്‍ഷങ്ങളില്‍ ഇപ്പണി ചെയ്യരുതെന്ന് കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഹൈക്കോടതി കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നതുമാണ് .ഇങ്ങനെ അശാസ്ത്രീയമായ രീതിയില്‍ ഇരുപത് മുതല്‍ മുപ്പത് ശതമാനം വരെ സീറ്റുകള്‍ വര്‍ധിപ്പിച്ച ശേഷവും കാല് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ സീറ്റില്ലാതെ ഓരോ വര്‍ഷവും മലബാര്‍ ജില്ലകളില്‍ മെയിന്‍ സ്ട്രീം വിദ്യാഭ്യാസത്തിന് പുറത്ത് നില്‍ക്കേണ്ടി വരാറുണ്ട്. അനീതിയുടെയും വിവേചനത്തിന്റെയും ആ സ്ഥിരം ഇരകള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും ആവര്‍ത്തിക്കുകയാണ്.
‘പത്താംക്ലാസ് പാസായ എല്ലാ വിദ്യാര്‍ഥികള്‍ക്കും സംസ്ഥാനത്ത് ഉപരിപഠന സൗകര്യമുണ്ട്. ഒരു ജില്ലയിലും സീറ്റ് പ്രതിസന്ധിയില്ല. നേരിയ പ്രശ്നങ്ങളുണ്ടെങ്കില്‍ 20 ശതമാനം മാര്‍ജിനല്‍ ഇന്ക്രീസ് നടപ്പാക്കിയതോടെ അതവസാനിച്ചു .ഇനി പ്രശ്നമുണ്ടാവുകയാണെങ്കില്‍ സെക്കന്‍ഡ് അലോട്മെന്റിന് സീറ്റ് വീണ്ടും വര്‍ധിപ്പിക്കാം’ ഈ രീതിയിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക് പ്രഖ്യാപനങ്ങളും നിയമസഭാ മറുപടികളുമുള്ളത്. ജൂലൈ 27 ലെ വിദ്യാഭ്യാസ മന്ത്രിയുടെ എഫ് ബി പോസ്റ്റ് ഇങ്ങനെയാണ്: ‘എസ്.എസ്.എല്‍.സി പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് ഉപരിപഠനത്തിന് 4,62,527 സീറ്റുകള്‍ .ഹയര്‍ സെക്കന്ററിമേഖലയില് 3,61,307സീറ്റ്,വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 33,000 സീറ്റ്, ഐ.ടി.ഐ.കളില്‍ 49,140,പോളിടെക്നിക്കുകളില്‍ 19,080 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം.2020 21 അധ്യയന വര്‍ഷം ആകെ 4,19,653 വിദ്യാര്‍ത്ഥികള്‍ ആണ് ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്. ‘
മലബാര്‍ ജില്ലകളില്‍ എസ്.എസ്.എല്‍.സി പാസായവര്‍ക്ക് ഉപരി പഠനസൗകര്യങ്ങളില്ലെന്നത് ഈ വര്‍ഷം പതിവിലധികം ചര്‍ച്ചയായ സന്ദര്‍ഭത്തിലാണ് സീറ്റുകുറവുള്ള മലബാറിനെ സ്പര്‍ശിക്കാതെ കേരളത്തെ മൊത്തം ഒരു യൂണിറ്റായി പരിഗണിച്ച് പത്താംക്ലാസ് പാസായ മുഴുവന്‍ പേര്‍ക്കും സംസ്ഥാനത്ത് ഉപരിപഠന സൗകര്യമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപനം നടത്തുന്നത്. സംസ്ഥാനത്തെ ഗണ്യമായ സീറ്റുകളും തെക്കന്‍ ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ബോധപൂര്‍വം മറച്ചുവെച്ചാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്. സീറ്റുപ്രതിസന്ധിയനുഭവിക്കുന്ന മലബാര്‍ ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലൊന്നാകെ ഒരു യൂണിറ്റാക്കിയുള്ള ഈ സീറ്റുകണക്ക് എന്ത് പരിഹാരമാണുണ്ടാക്കുക ? മലബാറിലെ ആറ് ജില്ലകളിലും ഹയര്‍സെക്കന്ററി , വൊക്കേഷണല്‍ ഹയര്‍സെക്കന്ററി , ഐ.ടി.ഐ ,പോളിടെക്നിക് മുഴുവന്‍ ഉപരിപഠന സാധ്യതകളെടുത്താലും ആവശ്യത്തിന് സീറ്റുകളില്ല. പട്ടിക ഒന്നിലെ ജില്ല തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാലത് മനസ്സിലാകും. (CBSE ,ICSE വിജയികള്‍ ഇതിലേക്ക് ചേരുമ്പോള്‍ വിവേചനത്തിന്റെ തോത് ഇതിലും വര്‍ധിക്കും)
വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമായ ഈ കണക്കുകള്‍ മന്ത്രിക്കും അറിയാവുന്നതാണല്ലോ . മലപ്പുറത്തും കോഴിക്കോടുമൊക്കെ പഠനം മുടങ്ങുന്ന കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ സീറ്റുകളൊഴിഞ്ഞു കിടക്കുന്ന കോട്ടയത്തും പത്തനംത്തിട്ടയിലുമെല്ലാം പോയി പ്ലസ് വണ്‍ പഠിക്കട്ടെയെന്നാണോ മന്ത്രി ഉദ്ദേശിക്കുന്നത്.? വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ ഈ വിഷയത്തില്‍ രേഖാമൂലം നല്കിയ മറുപടികളിലും മലബാര്‍ ജില്ലകളില്‍ മാത്രമുള്ള ഈ സീറ്റുകുറവുകള്‍ മറച്ചുവെച്ച് ,തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ കൂടി ചേര്‍ത്ത സംസ്ഥാനതലത്തിലുള്ള കണക്കുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മലബാറില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയെ പ്രത്യേകം അഭിമുഖീകരിക്കാതെ വിചിത്രമായ കണക്കുകള്‍ നിരത്തി യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടാനാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ശ്രമിക്കുന്നത്.
ആഗസ്റ്റ് രണ്ടിന് എം.എല്‍.എ.മാരായ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ ,കെ.യു കേളു, സേവ്യര്‍ ചിറ്റിലിപ്പിള്ളി ,കെ യു ജനീഷ് കുമാര്‍ എന്നിവര്‍ നല്കിയ ചോദ്യത്തിന് മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടി ഇങ്ങനെയാണ് :’ 2021 22 അധ്യയന വര്‍ഷം ഹയര്‍സെക്കന്ററി പ്രവേശനത്തിന് സംസ്ഥാനത്തെ ജില്ലകളില്‍ ലഭ്യമായ സീറ്റുവിവരം ,പ്രസ്തുത ജില്ലയില്‍ ഉപരിപഠനത്തിന് അര്‍ഹരായ (എസ്.എസ്.എല്‍. സി വിജയിച്ച ) വിദ്യാര്‍ഥികളുടെ എണ്ണവും അനുബന്ധമായി ചേര്‍ക്കുന്നു. പ്രവേശന നടപടികള്‍ അവസാനിച്ചു കഴിയുമ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് എല്ലാ ജില്ലകളിലുമുള്ളത്. നിലവില്‍ സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയര്‍സെക്കന്ററി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനില്ക്കുന്നില്ല .’
ഈ പ്രസ്താവനക്ക് തെളിവായി മന്ത്രി വിചിത്രമായ കണക്കുകളുടെ അനുബന്ധ പട്ടികയും നിയമസഭയിലെ ഈ രേഖാമൂലമുള്ള മറുപടിയില്‍ ചേര്‍ത്തിട്ടുണ്ട്. (പട്ടിക രണ്ട് നോക്കുക)
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി പ്ലസ് വണില്‍ അഡ്മിഷന് ലഭിച്ച വിദ്യാര്‍ത്ഥികളുടെ
ശരാശരി ജില്ല തിരിച്ച് രേഖപ്പെടുത്തി അത്രയും വിദ്യാര്‍ഥികള്‍ മാത്രമാണ് അതത് ജില്ലകളില്‍ പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്നവരായുള്ളൂ എന്നാണ് ഈ ‘ഗവേഷണപട്ടിക ‘ സമര്‍ഥിക്കുന്നത്. പ്ലസ് വണിന് അപേക്ഷിച്ച്, ആവശ്യത്തിന് സീറ്റില്ലാത്തതിനാല്‍ മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ അഡ്മിഷന് ലഭിക്കാത്ത മലബാറിലെ വിദ്യാര്‍ഥികള്‍ ഈ ശരാശരി കണക്കിന് പുറത്തായി.അവര്‍ പ്ലസ് വണ്‍ പഠിക്കാന്‍ ആഗ്രഹിക്കാത്തവരോ അതിന് അര്‍ഹതയില്ലാത്തവരോ ആണെന്ന് ഗവേഷക പട്ടിക തയാറാക്കിയവര്‍ സ്വയം തീരുമാനിച്ചൂവെന്ന് ചുരുക്കം .
തെക്കന്‍ ജില്ലകളില്‍ പത്താം ക്ലാസ്സ് പാസാകുന്നവരെക്കാള്‍ പ്ലസ് വണ്‍ സീറ്റുകള്‍ ഉണ്ട്. അതിനാല്‍ അവിടെ പ്ലസ് വണിന് അപേക്ഷിക്കാതെ മറ്റ് കോഴ്സുകള്‍ക്ക് പോകുന്നവരുണ്ടെങ്കില്‍ ആ ജില്ലകളില്‍ ഈ ശരാശരി കണക്കുകള്‍ യാഥാര്‍ഥ്യമാകാം.അപേക്ഷിച്ചിട്ട് സീറ്റു ലഭിക്കാത്ത വിദ്യാര്‍ഥികളെ മൈനസ് ചെയ്ത് മലബാറിലെ പ്ലസ് വണ്‍ അഡ്മിഷന് എടുക്കാനാഗ്രഹിക്കുന്നവരുടെ കണക്കെടുക്കുന്നത് ഏത് ഗണിത ശാസ്ത്ര യുക്തിവെച്ചിട്ടാണെന്ന് മനസിലാവുന്നില്ല .പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ പ്ലസ് വണ്‍ അഡ്മിഷന് ആഗ്രഹിക്കുന്നവരുടെ കണക്കാണ്
വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടതെങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഏകജാലകംവഴി ഈ ജില്ലകളില്‍ പ്ലസ് വണ്‍ ഫസ്റ്റ് അലോട്മെന്റിന് അപേക്ഷിച്ചവരുടെ എണ്ണമെടുക്കകയാണ് വേണ്ടത്.2019 20 അധ്യയന വര്‍ഷത്തില്‍ ഏകജാലകം വഴി പ്ലസ് വണിന് അപേക്ഷിച്ചവരുടെ എണ്ണം പാലക്കാട് (43942),മലപ്പുറം (80890), കോഴിക്കോട് (48718) .( പട്ടിക മൂന്ന് നോക്കുക ). വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ നല്കിയ മറുപടി രേഖയനുസരിച്ച് ഈ ജില്ലകളില്‍ പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്നവര്‍! പാലക്കാട് (28158 ), മലപ്പുറം (53040), കോഴിക്കോട് (34488) എന്നിങ്ങനെയാണ്.
പ്രവേശന നടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ സീറ്റുകള്‍ ഈ വര്‍ഷവും ഒഴിഞ്ഞുകിടക്കുമെന്ന മന്ത്രിയുടെ മറുപടി തെക്കന്‍ ജില്ലകള്‍ക്ക് മാത്രമാണ് ബാധകം. തിരുവനന്തപുരം 916, കൊല്ലം 1783, പത്തനംത്തിട്ട 6130, ആലപ്പുഴ 3126, കോട്ടയം 4747, ഇടുക്കി 1942, എറണാകുളം 849 എന്നിങ്ങനെ നിലവില്‍ 19,493 സീറ്റുകള്‍ കൂടുതലാണവിടെ. എന്നാല്‍ ഈ വര്‍ഷം മലപ്പുറത്ത് മാത്രം 28,804 സീറ്റുകളുടെ കുറവാണുള്ളത്. തൃശൂര്‍ 830, പാലക്കാട് 9695, കോഴിക്കോട് 9513, വയനാട് 1804, കണ്ണൂര്‍ 4670, കാസര്‍ഗോഡ് 3352 അടക്കം മലബാര്‍ ജില്ലകളില്‍ 58,668 ഉപരിപീന സീറ്റുകളുടെ കുറവുണ്ട്.
കേരള സര്‍ക്കാരിന് കീഴിലെ െ്രെപവറ്റ് ഹയര്‍സെക്കന്ററി ഓപ്പണ്‍ സ്കൂള്‍ പഠന സംവിധാനമായ സ്കോള്‍ കേരളയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അഡ്മിഷന് കണക്ക് ജില്ല തിരിച്ച് പരിശോധിച്ചാല്‍ അതില്‍ പഠിക്കേണ്ടിവന്ന 80 ശതമാനം വിദ്യാര്‍ത്ഥികളും മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരാണെന്ന് കാണാം.റെഗുലര്‍ സംവിധാനത്തില്‍ പ്ലസ് വണ്‍ പഠനം ആഗ്രഹിച്ച് അപേക്ഷ നല്കിയ ശേഷം സീറ്റില്ലാത്തതിനാല്‍ അത് ലഭിക്കാതെ പോയപ്പോള്‍ നിര്‍ബന്ധിതരായി സ്കോള്‍ കേരളയില്‍ പ്ലസ് വണ്‍ പീനത്തിന് രജിസ്റ്റര്‍ ചെയ്യേണ്ടി വന്ന ഹതഭാഗ്യരാണിവരിലധികവും. ഹയര്‍സെക്കന്ററി റെഗുലര്‍ സംവിധാനത്തില്‍ വിജയശതമാനം എണ്‍പതിന് മുകളിലാണെങ്കില്‍ സ്കോള്‍ കേരളയിലത് അമ്പതിന് താഴെയാണെന്നുമറിയുക. പത്താം ക്ലാസില്‍ എഴുപത് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചിട്ടും സര്‍ക്കാര്‍ / എയ്ഡഡ് മേഖലയില്‍ പ്ലസ് വണ്‍ സീറ്റില്ലാത്തതിനാല്‍ ഓപ്പണ്‍ സ്കൂളില്‍ സ്വന്തം നിലക്ക് പഠിക്കേണ്ടി വരുന്ന മലബാറിലെ വിദ്യാര്‍ഥികളില്‍ അമ്പത് ശതമാനം പേരും പരീക്ഷയില്‍ പരാജയപ്പെട്ട് തുടര്‍പഠനം അവസാനിപ്പിക്കലാണെന്ന് സാരം. എന്നാല്‍ തെക്കന്‍ജില്ലകളില്‍ ജനിച്ചുവെന്നതിന്റെ പേരില്‍ മാത്രം എസ്.എസ്.എല്‍ .സി യില്‍ ഇവരേക്കാള്‍ മാര്‍ക്ക് കുറവായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ജില്ലകളില്‍ റെഗുലര്‍ സംവിധാനത്തില്‍ ഹയര്‍സെക്കന്ററി പഠിക്കാനവസരം ലഭിക്കുന്നു. റെഗുലര്‍ പീന സംവിധാനമികവിന്റെ പിന്ബലത്തിലിവര് പ്ലസ്ടു ‘വിജയിച്ച് ബിരുദബിരുദാനന്തര പഠനങ്ങള്‍ക്ക് അവസരം ലഭിക്കുന്നവരായി മാറുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ഈ സാമൂഹിക അനീതി ഏതെങ്കിലും സര്‍ക്കാര്‍ എന്നെങ്കിലുമൊന്ന് അവസാനിപ്പിക്കേണ്ടതില്ലേ .അതിനുവേണ്ടി ഒരു തലമുറ മുറവിളി കൂട്ടുമ്പോള്‍ വിചിത്രമായ കണക്കുകള്‍ നിരത്തി അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ ഇരുട്ടില്‍ നിര്‍ത്തുന്ന നയം അനീതിയല്ലേ.മലബാറിലെ ജനത കൂടി വോട്ടുചെയ്ത് അധികാരത്തിലേറ്റിയ , സാമൂഹിക നീതിയില്‍ വിശ്വസിക്കുന്ന ഒരു സര്‍ക്കാറില്‍ നിന്നും രാഷ്ട്രീയ മുന്നണിയില്‍ നിന്നും ഇനിയുമീ വിവേചനം പ്രതീക്ഷിക്കുന്നില്ലെന്ന് മാത്രം പറയട്ടെ.
ബഷീര്‍ തൃപ്പനച്ചി
(ഫ്രറ്റേണിറ്റി മൂവ്മെന്റ് മുന്‍ സംസ്ഥാന കമ്മറ്റിയംഗം)