കാസർകോട്: ജില്ലയിൽ ഹയർ സെക്കണ്ടറി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാസർകോട് ജില്ലാ കമ്മിറ്റി ഡി.ഇ.ഒ ഓഫീസ് മാർച്ച് നടത്തി.
വിദ്യാഭ്യാസ മേഖലയിൽ മലബാർ ജില്ലകളോട് തുടരുന്ന വിവേചനത്തിനും അവഗണനക്കുമെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നടത്തുന്ന ” മലബാർ വിദ്യാഭ്യാസ അവകാശ സമരത്തിൻ്റെ” ഭാഗമായാണ് ഡി.ഇ.ഒ ഓഫീസ് മാർച്ച് നടത്തിയത്. ഇത്തവണ ജില്ലയിൽ എസ്.എസ്.എൽ.സി വിജയിച്ച 19,287 വിദ്യാർത്ഥികൾക്ക് ജില്ലയിൽ 14,278 പ്ലസ് വൺ സീറ്റുകൾ മാത്രമാണുള്ളത്. സർക്കാർ എയിഡഡ് മേഖലയിൽ 5009 വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സീറ്റില്ലാത്തത് ജില്ലയോട് കാണിക്കുന്ന അനീതിയാണ്. ജില്ലയിലെ ഹയർ സെക്കണ്ടറിയിൽ പുതിയ ബാച്ചുകൾ അനുവദിച്ച് പ്ലസ് വൺ സീറ്റ് അപര്യാപ്തക്ക് ശാശ്വത പരിഹാരം കാണണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി, ഡി.ഡി.ഇ, ഡി.ഇ.ഒ എന്നിവർക്ക് നിവേദനം നൽകി.
മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സന്ദീപ് പത്മിനി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് സിറാജുദ്ധീൻ മുജാഹിദ്, ജനറൽ സെക്രട്ടറി റാഷിദ് മുഹിയുദ്ധീൻ, പ്രസാദ് കുമ്പള, വാജിദ് എൻ.എം, അസ്ലം സൂരംബയൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.