ഇന്ത്യന്‍ കാമ്പസുകളില്‍ – പ്രധാനമായും കേന്ദ്രസര്‍വകലാശാലകളില്‍- സംഘപരിവാറും അവരുടെ വിദ്യാര്‍ത്ഥി സംഘടനകളും നേതൃത്വം നല്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തെ ചോദ്യം ചെയ്തും അത്തരം പോരാട്ടങ്ങള്‍ക്ക് രാജ്യത്തെ വ്യത്യസ്ത സര്‍വകലാശാലാ കാമ്പസുകളില്‍ നേതൃത്വം നല്കി വരുന്ന വിദ്യാര്‍ത്ഥി പോരാളികള്‍ക്ക് സ്വീകരണമൊരുക്കിയും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ശ്രദ്ധേയമായി. 2019 ഡിസംബര്‍ എട്ടിന് വൈകുന്നേരം ഫാത്തിമ ലത്തീഫ് നഗര്‍ എന്ന് നാമകരണം ചെയ്യപ്പെട്ട എറണാകുളം വഞ്ചി സ്ക്വയറിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ‘Fight Fascism, Celebrate Fraternity’ എന്നതായിരുന്നു സമ്മേളന പ്രമേയം. കേന്ദ്ര സര്‍വകലാശാലകളില്‍ പൊതുവില്‍ നിലനില്‍ക്കുന്ന ബ്രാഹ്മണിക് വലതുപക്ഷ രാഷ്ട്രീയത്തിന്റെ മറുവശത്തുള്ളത് വരേണ്യ ഇടതുപക്ഷമാണ്. ഈ രണ്ടിനെയും ‘പ്രബുദ്ധ’ രാഷ്ട്രീയമായി പൊതുസമൂഹം കാണുകയും ചെയ്യുന്നു. അതിന്റെ ഒരു പൊളിച്ചെഴുത്ത് കൂടിയായിരുന്നു ഈ ഒത്തുചേരലും അതിലെ മുദ്രാവാക്യങ്ങളും പ്രഭാഷണങ്ങളുമെല്ലാം.
ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം തനിനിറം പ്രകടിപ്പിക്കുന്ന വര്‍ത്തമാനകാലത്തും ദളിത്- ന്യൂനപക്ഷ രാഷ്ട്രീയങ്ങളെ പുറത്തുനിര്‍ത്തിയാണ് പാരമ്പര്യ രാഷ്ട്രീയ ചേരികള്‍ ഇത്തരം സര്‍വകലാശാലകളില്‍ രൂപം കൊണ്ടിട്ടുള്ളത്. മുദ്രാവാക്യങ്ങളിലും നടപ്പു രീതികളിലും പ്രകടമായ വ്യത്യാസങ്ങളില്ലാതെ ഇടതു-വലതു രാഷ്ട്രീയങ്ങള്‍ ലയിച്ചു നിന്ന സന്ദര്‍ഭത്തില്‍ രാഷ്ട്രീയ സാഹോദര്യത്തിന്റെ മുദ്രാവാക്യങ്ങളുമായി നവ ജനാധിപത്യ രാഷ്ട്രീയ ചേരികള്‍ രൂപം കൊണ്ടതാണ് പുതുകാല കാമ്പസുകളുടെ പ്രത്യേകത. ഡല്‍ഹി ജെ എന്‍ യുവിലെ ബാപ്സ- ഫ്രറ്റേണിറ്റി സഖ്യവും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി യിലെ ഫ്രറ്റേണിറ്റി -എംഎസ്എഫ് സഖ്യവും ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജ്സ് യൂണിവേഴ്സിറ്റിയിലെ ഏക്താ സഖ്യവും ഇതിന് ഉദാഹരണങ്ങളാണ്. രാഷ്ട്രീയബോധമുള്ള സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ ഇടതു പൊതുബോധങ്ങളെ കൈവെടിഞ്ഞ് ഈ നവ ജനാധിപത്യ സഖ്യങ്ങളെ സ്വീകരിക്കാന്‍ തയ്യാറായതിന്റെ ഫലങ്ങള്‍ അവിടങ്ങളിലെ വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പുകളില്‍ ദൃശ്യമായിരുന്നു.
ഇന്ത്യന്‍ ക്യാമ്പസുകളില്‍ ഭീകരമാം വിധം വേരാഴ്ത്തിയിട്ടുള്ള ജാതീയതയെയും ഇസ്ലാമോഫോബിയയെയും കുറിച്ച് സംസാരിക്കാതെ കാത്തുസൂക്ഷിച്ചു പോന്ന ‘പ്രബുദ്ധത’യെ ഇത്തരം രാഷ്ട്രീയ സഖ്യങ്ങളെല്ലാം തന്നെ ചോദ്യം ചെയ്തു. രാജ്യത്തിന്റെ പൊള്ളുന്ന രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളെ അവര്‍ കാമ്പസുകളില്‍ ഉന്നയിച്ചു. ഭരണകൂടത്തിനു നേരെ വിരല്‍ ചൂണ്ടി, രാജ്യത്തെ ശബ്ദിക്കുന്ന പ്രതിപക്ഷമായി. ഇന്ത്യയെ ഹിന്ദുത്വ സവര്‍ണ്ണ രാഷ്ട്രമാക്കാനുള്ള സംഘപരിവാര്‍ പദ്ധതികളെ കാമ്പസുകള്‍ക്ക് അകത്തും പുറത്തും അവര്‍ നിര്‍ഭയം തുറന്നെതിര്‍ത്തു. ഫാസിസത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് സധീരം പോരാട്ടത്തിനിറങ്ങി. സവര്‍ണ വത്കരിക്കപ്പെട്ട മതേതരത്വത്തിന്റെ പൊള്ളത്തരങ്ങളോട് കലഹം തീര്‍ത്തവര്‍ക്ക് പിറകില്‍ നീതിയുടെ പോരാട്ടത്തിനായി വിദ്യാര്‍ഥികള്‍ അണിനിരന്നപ്പോള്‍ വര്‍ത്തമാനകാല ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു.
സാഹോദര്യം എന്ന രാഷ്ട്രീയ മൂല്യത്തെ നെഞ്ചേറ്റി ക്രിയാത്മക രാഷ്ട്രീയ ചരിത്രം രചിക്കുന്ന വിദ്യാര്‍ത്ഥി നേതാക്കളുടെ ഒത്തുചേരലായി സമ്മേളനം അടയാളപ്പെടുത്തപ്പെട്ടു. ഈ വേദിയിലും അവര്‍ തങ്ങളുടെ രാഷ്ട്രീയവും പോരാട്ടവും മറയില്ലാതെ പ്രഖ്യാപിച്ചു. ജനാധിപത്യത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കായി പിന്മടക്കമില്ലാതെ നിലകൊള്ളാന്‍ സമ്മേളനം ആഹ്വാനം ചെയ്തു.
മദ്രാസ് ഐഐടിയില്‍ ഇസ്ലാമോഫോബിയയുടെയും സ്ഥാപനവല്‍കൃത കൊലപാതകത്തിന്റെയും ഇരയായ ഫാത്തിമ ലത്തീഫിന് നീതി ആവശ്യപ്പെട്ടുകൊണ്ട് ”Fight Islamophobia, Justice for Fathima Latheef ” എന്ന ബാനര്‍ വേദിയില്‍ ഉയര്‍ത്തി. കശ്മീര്‍, യു എ പി എ, വ്യാജ ഏറ്റുമുട്ടല്‍, ജാതീയത, ഭരണകൂട ഭീകരത, സാമ്പത്തിക സംവരണം, ബാബരി, പൗരത്വ നിയമ ഭേദഗതി, രോഹിത് ആക്ട് തുടങ്ങി വിവിധ വിഷയങ്ങളുന്നയിക്കുന്ന പ്ലക്കാര്‍ഡുകളും സമ്മേളനത്തിലുയര്ത്തപ്പെട്ടു.
ഹിന്ദുത്വ ദേശീയത വരച്ച ഇന്ത്യയ്ക്ക് പുറത്ത് അപരവല്‍ക്കരിക്കപ്പെട്ട ജനതയായി മാറിയ കശ്മീരികളുടെ ധീരനായ പോരാളിയായിരുന്ന, വിടപറഞ്ഞ പ്രൊഫ. എസ് എ ആര് ഗീലാനിയുടെ മക്കളായ അഡ്വ. നുസ്റത്ത് ഗീലാനിയും അഡ്വ. ആതിഫ് ഗീലാനിയും സമ്മേളനത്തില്‍ മുഖ്യാതിഥികളായിരുന്നു. ഭരണകൂടം തങ്ങളുടെ പിതാവിനെ വേട്ടയാടിയതിനെക്കുറിച്ചും ഭരണകൂടം ഒരാളെ അയാളുടെ സ്വത്വം കാരണമായി ടാര്‍ഗറ്റ് ചെയ്യുന്നതിനെക്കുറിച്ചും അവര്‍ സംസാരിച്ചു.
‘വിയോജിപ്പുകള്‍ മാറ്റിവെച്ചു കൊണ്ട് പൊതുവായ പ്ലാറ്റ്ഫോമിലേക്ക് ആളുകളെ ചേര്‍ത്തുനിര്‍ത്താന്‍ കഴിഞ്ഞിരുന്നു എന്നുള്ളതാണ് അദ്ദേഹം ചെയ്ത ഒരു പ്രധാന കാര്യം. ആദിവാസികള്‍, സിഖുകാര്‍, കശ്മീരികള്‍, നാഗ ജനത ഇവരെയെല്ലാം ഒന്നിച്ച് നിര്‍ത്തി ഒരു മുന്നണി രൂപീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഫാസിസത്തിനെതിരായ പോരാട്ടത്തിന് വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഐക്യമുന്നണിക്കാണ് അദ്ദേഹം ശ്രമിച്ചത്. അതിനാല്‍ തന്നെ അദ്ദേഹത്തിനുള്ള യഥാര്‍ത്ഥ സ്മാരകം എന്നത് വിയോജിപ്പുകള്‍ മാറ്റിവെച്ചുകൊണ്ട് ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ യോജിച്ച പോരാട്ടങ്ങള്‍ക്ക് തയ്യാറാവുക എന്നതാണ്. അതാണ് തന്റെ ജീവിതത്തിലൂടെ അദ്ദേഹം നല്കാന് ശ്രമിച്ച സന്ദേശവും’ എന്ന് അവര്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പുതുകാല രാഷ്ട്രീയത്തിന്റെ മികവുറ്റ പോരാട്ടങ്ങള്‍ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.’ പൊതുബോധ നിര്‍മിതിയില്‍ തിരസ്കരിക്കപ്പെട്ടു പോയ അവകാശ പോരാട്ടങ്ങള്‍ക്ക് കേരളത്തിലെ കാമ്പസുകളിലും പുതുജീവന്‍ നല്‍കും. ഫാസിസത്തിനെതിരായ ഐക്യനിര രൂപപ്പെടുത്തി ജനാധിപത്യ പോരാട്ടങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥി നേതാക്കള്‍ സമ്മേളനത്തില്‍ അതിഥികളായിരുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ സ്റ്റുഡന്റ്സ് യൂണിയന് കൗണ്‍സിലര്‍ അഫ്രീന് ഫാത്തിമ, ജെ എന്‍ യുവിലെ ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാവും ഇക്കഴിഞ്ഞ യൂണിയന് തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയുമായിരുന്ന ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി വസീം ആര് എസ്, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലാ റിസര്‍ച്ച് സ്കൂള്‍ ബോര്‍ഡ് മെമ്പര്‍ ഫസീഹ് അഹ്മദ്, കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് (എ എസ് എ) സെക്രട്ടറി ജെയിന്‍സി ജോണ്‍, ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജ്സ് യൂണിവേഴ്സിറ്റി (ഇഫ്ളു) സ്റ്റുഡന്റ്സ് യൂണിയന് ജനറല്‍ സെക്രട്ടറിയും ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ കൗണ്‍സിലംഗവുമായ സമര് അലി, ഫ്രറ്റേണിറ്റി മൂവ്മെന്റ് പോണ്ടിച്ചേരി സര്‍വകലാശാല യൂണിറ്റ് പ്രസിഡന്റ് തബ്ശീര്‍ ശര്‍ഖി, മദ്രാസ് ഐ ഐ ടി ഗവേഷക വിദ്യാര്‍ത്ഥി നസീഫ് എം കെ എന്നിവര്‍ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥി രാഷ്ട്രീയ-സമരാനുഭവങ്ങള്‍ പങ്കുവെച്ചു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ഷെഫ്റിന്‍, സെക്രട്ടറി സാന്ദ്ര എം ജെ, എറണാകുളം ജില്ലാ പ്രസിഡന്റ് മുഫീദ് കൊച്ചി എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് നജ്ദ റൈഹാന്‍ ‘പിന്നാക്ക സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കലാലയങ്ങളില്‍ നടന്നു വരുന്ന ജാതി – മത വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ രോഹിത് ആക്റ്റ് നിര്‍മ്മിച്ച് നടപ്പാക്കണം’ എന്ന സമ്മേളന
പ്രമേയം അവതരിപ്പിച്ചു. ”കൂട്ടമറവികള്ക്ക് നിങ്ങളെ വിട്ടു കൊടുക്കില്ല’ എന്ന ടാഗ് ലൈനില്‍ കാമ്പസ് പോരാട്ടങ്ങളുടെ ദൃശ്യാവിഷ്കാരമൊരുക്കിയ ‘The Resistance ‘ എന്ന നാടകാവതരണവും സമ്മേളന വേദിയില്‍ നടന്നു.
പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തിന്റെ തെരുവുകളെ പ്രക്ഷുഭ്ദമാക്കിയ ആസാദി, ഇസ് ലാമോഫോബിയ, സിന്ദാ ഹെ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായിരുന്നു സമ്മേളന വേദി. രാജ്യത്ത് ശക്തി പ്രാപിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് മുന്നില്‍ നടക്കാനും നേതൃത്വം നല്‍കാനും കരുത്തും ശേഷിയുമുള്ള ചെറുപ്പം കലാലയങ്ങളില്‍ കരുത്താര്‍ജിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന വലിയ സന്ദേശം കൂടിയാണ് സമ്മേളനം പകര്‍ന്നു നല്‍കിയത്