മുതലമട: കെ.എസ്.ഇ.ബി അധികൃതരുടെ വിവേചനം മൂലം വൈദ്യുതി ലഭിക്കാതെ ഓൺലൈൻ പഠനം മുടങ്ങിയ മുതലമട നരിപ്പാറ ചള്ളയിലെ ആദിവാസി കോളനിയിലെ കുടിലുകളിലെ വിദ്യാർത്ഥികൾക്ക് ഇലക്ട്രിസിറ്റി കണക്ഷൻ ലഭ്യമാക്കാൻ മുൻകൈയെടുത്ത് ഫ്രറ്റേണിറ്റി.എസ്.ടി ഡിപ്പാർട്മെന്റിൽ നിന്നും കോളനിയെ വൈദ്യുതീകരിക്കാനായി ഫണ്ട് പാസായിട്ടും ഇരുവാള വിഭാഗക്കാരായ 3 കുടുംബങ്ങൾക്ക് മാത്രം കെ.എസ്.ഇ.ബി കറന്റ് കണക്ഷൻ നൽകാതിരിക്കുകയായിരുന്നു.വിഷയം നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നിസ്സംഗത തുടരുന്നതിൽ പ്രതിഷേധിച്ചും വിദ്യാർത്ഥികൾക്ക് എളുപ്പം ഓൺലൈൻ പഠനസൗകര്യമൊരുക്കണമെന്നതിനാലും കുടിലുകളുടെ വൈദ്യുതീകരണത്തിന് ഫ്രറ്റേണിറ്റി മുൻകൈയെടുക്കുകയായിരുന്നു.
വിദ്യാഭ്യാസ മേഖലയിലെ വിവേചനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് നയിച്ച ‘അവകാശ പ്രഖ്യാപന യാത്ര’യോടനുബന്ധിച്ച് പ്രവർത്തകർ കുടിലുകളിൽ വയറിംഗ് നടത്തുകയായിരുന്നു.വയറിംഗ് വർക്കുകൾക്ക് അഫ്സൽ,മുബാറക് എന്നിവർ നേതൃത്വം നൽകി.തുടർന്ന് മണ്ഡലത്തിലെ വെൽഫെയർ പാർട്ടി നേതാവായ ഹനീഫ പോത്തംപാടത്തിന്റ
നേതൃത്വത്തിൽ കുടുലുകളിൽ ഇലക്ട്രിസിറ്റി കണക്ഷൻ ലഭിക്കാനായി കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങൾ ചെയ്തു.
ഫ്രറ്റേണിറ്റി വൈദ്യുതീകരണം നടത്തിയ രണ്ട് കുടിലുകളിലെ സ്വിച്ച് ഓൺ കർമം വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പിഎസ് അബൂഫൈസൽ കഴിഞ്ഞ ദിവസം നിർവഹിച്ചു.സാമൂഹിക പ്രവർത്തകൻ ശൈഖ് മുസ്തഫ,വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സെയ്ദ് ഇബ്രാഹീം,ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ,മണ്ഡലം കൺവീനർ നദീർ നണ്ടൻകീഴായ എന്നിവർ സംസാരിച്ചു.
പ്രദേശത്തെ വൈദ്യുതീകരണത്തിനായി എസ്.ടി ഡിപ്പാർട്മെന്റിൽ നിന്നും പാസായ 40 ലക്ഷം രൂപ ഏതാനും വീടുകളിലേക്ക് വിനിയോഗിച്ചപ്പോഴേക്കും കഴിഞ്ഞുവെന്ന കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം അവിശ്വസനീയമാണെന്നും വിവരാവകാശമടക്കുള്ള മാർഗങ്ങളിലൂടെ തുക വിനിയോഗിച്ചതിന്റെ വിശദാംശം ശേഖരിച്ച് ഇടപെടൽ നടത്തുമെന്ന് ഫ്രറ്റേണിറ്റി ജില്ല
പ്രസിഡന്റ് റഷാദ് പുതുനഗരം പറഞ്ഞു.വൈദ്യുതീകരണം നടന്നെങ്കിലും നരിപ്പാറ ചള്ളയിലെ കുടുലുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള ഉപകരണങ്ങൾ അപര്യാപ്തമാണെന്നും അവിടെയടക്കമുള്ള ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലെയും ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങളുടെ കുറവുകൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.