തിരുവനന്തപുരം: 2019 ഡിസംബറില്‍ കേരള സാങ്കേതിക സര്‍വകലാശാല നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി ടെക് പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ കൂട്ട തോല്‍വിക്ക് കാരണക്കാരായ അധ്യാപകര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ആവശ്യപ്പെട്ടു.
മൂല്യനിര്‍ണയത്തില്‍ സംഭവിച്ച അനാസ്ഥയാണ് കൂട്ട തോല്‍വിക്ക് കാരണമായത്. ഈ സാഹചര്യത്തില്‍ അടിയന്തരമായി പുനര്‍മൂല്യനിര്‍ണയത്തിന് സംവിധാനം ഒരുക്കണം. പ്രധാനമായും ബി ടെക് സിവില്‍ എന്‍ജിനീയറിങ്ങില്‍ Mechanics of solid, Maths എന്നീ വിഷയങ്ങള്‍ക്ക് ആണ് കൂട്ട തോല്‍വി സംഭവിച്ചിരിക്കുന്നത്. മറ്റു വിഷയങ്ങളില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ പോലും ഈ വിഷയങ്ങളില്‍ മാത്രം പരാജയപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളില്‍ എല്ലാം കൂട്ട തോല്‍വി സംഭവിച്ചിട്ടുണ്ട്. മൂല്യനിര്‍ണയത്തില്‍ വന്ന വ്യക്തമായ അപാകതയാണ് ഇതിന് കാരണം.
പൊതുവെ ലളിതമായിരുന്ന പരീക്ഷയില്‍ മികച്ച വിജയം പ്രതീക്ഷിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത ആഘാതമാണ് പരീക്ഷാ ഫലം നല്‍കുന്നത്. സാങ്കേതിക സര്‍വകലാശാലയില്‍ ഇത്തരം കെടുകര്യസ്ഥതകള്‍ തുടര്‍ക്കഥ ആകുമ്പോഴും വളരെ ഉദാസീനമായ നിലപാട് ആണ് ഉന്നത വിദ്യാഭ്യാസ വകുപ്പും സര്‍വകലാശാല അധികൃതരും സ്വീകരിക്കുന്നത്. അധികാരികള്‍ ഈ നിലപാട് തിരുത്തണമെന്ന് ഷംസീര്‍ ഇബ്രാഹിം ആവശ്യപ്പെട്ടു.