ബ്രിട്ടീഷ് ഇന്ത്യയില്‍ മലബാര്‍ നേരിട്ട അനീതിയും അതിനെതിരെ നടന്ന പോരാട്ടങ്ങളും പഠിച്ച് ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീല്‍. ആ വിവേചനവും അനീതിയും അദ്ദേഹം മന്ത്രിയായിരിക്കുന്ന വകുപ്പിന് കീഴിലും മലബാര്‍ നേരിടുന്നൂവെന്നത് ചരിത്രമല്ല; വര്‍ത്തമാനമാണ്. കഴിഞ്ഞ 63 വര്‍ഷങ്ങളായി ഐക്യകേരള സര്‍ക്കാരുകള്‍ മലബാറിലെ ആറ് ജില്ലകളില്‍ കടുത്ത വിവേചനമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് പുലര്‍ത്തുന്നത്.
മലബാറിലെ ഒരു ജില്ലയിലും ഹയര്‍ സെക്കന്ററി പാസായവരുടെ പകുതി പോലും ബിരുദ സീറ്റില്ല. എറണാംകുളം കോട്ടയം, ഇടുക്കി, പത്തനംത്തിട്ട ജില്ലകളില്‍ ഹയര്‍ സെക്കന്ററി പാസായവരേക്കാള്‍ ഡിഗ്രി സീറ്റുകളുള്ളപ്പോഴാണ് മലബാറില്‍ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സ്വന്തം ജില്ലകളില്‍ പഠനസൗകര്യമില്ലതെ ഡിഗ്രി സീറ്റ് തേടി അലയേണ്ടിവരുന്നത്. 2019- 20 അധ്യയന വര്‍ഷത്തെ 20 ശതമാനം സീറ്റുവര്‍ധനവും സെല്‍ഫ് ഫിനാന്‍സ് കോളേജുകളില്‍ അനുവദിച്ച പുതിയ കോഴ്സുകളിലെ ബിരുദ സീറ്റുകള്‍ ഉള്‍പ്പെടുത്തിയാലും ഈ വിവേചന ഭീകരതയില്‍ നേരിയ മാറ്റം പോലുമുണ്ടാവുന്നില്ല. മലബാറില്‍ പുതിയ യൂനിവേഴ്സിറ്റികളും ഗവണ്മെന്റ് കോളേജുകളും ഉണ്ടാവുക മാത്രമാണ് ഈ പ്രതിസന്ധിക്ക് പരിഹാരം. മലബാര്‍ ജില്ലകളില്‍ ഒരൊറ്റ ഗവണ്മെന്റ് കോളേജില്ലാത്ത നിയമസഭ മണ്ഡലങ്ങളുണ്ട്. ഹയര്‍ സെക്കന്ററി പാസാവുന്ന വിദ്യാര്ഥികള്ക്കനുപാതികമായി ബിരുദ സീറ്റുകള്‍ മലബാര്‍ ജില്ലകളില്‍ ഉണ്ടാകുംവിധമുള്ള മലബാര്‍ സ്പെഷല്‍ പാക്കേജ് വഴി മാത്രമേ പ്രശ്നപരിഹാരം നടപ്പിലാക്കാനാവൂ . അത് പക്ഷേ, മലബാര്‍ വിവേചന ചരിത്രം പഠിച്ച കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയാവുന്ന കാലത്ത് പോലും ഉണ്ടാകാതെ പോകുന്നു.
കേരളത്തില്‍ മൊത്തം ബിരുദ ബിരുദാനന്തര സീറ്റുകള്‍ വര്‍ധിപ്പിക്കുകയും സ്വാശ്രയ കോളേജുകളില്‍ പുതിയ ചില കോഴ്സുകള്‍ അനുവദിക്കുകയുമാണ് ഈ അധ്യയന വര്‍ഷം കെ. ടി ജലീലിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ചെയ്തിരിക്കുന്നത്. സ്വാഭാവികമായും അതില്‍ കുറച്ച് സീറ്റുകളും കോഴ്സുകകളും മലബാറിനും ലഭിച്ചൂവെന്നുമാത്രം. അതല്ലാതെ വിവേചനമനുഭവിക്കുന്ന മലബാറിന് അത് പരിഹരിക്കാന്വിധമുള്ള ഒരു നടപടിയും മലപ്പുറത്തെ സുല്‍ത്താനില്‍ നിന്നും ഉണ്ടായിട്ടില്ല.
ഒന്നേമുക്കാല്‍ ലക്ഷം (175313) വിദ്യാര്‍ഥികള്‍ 6 മലബാര്‍ ജില്ലകളില്‍ നിന്നുമായി 2019 ല്‍ ഹയര്‍ സെക്കന്ററി പാസായിട്ടുണ്ട്. എന്നാല്‍ 68798 ബിരുദ സീറ്റുകളാണ് സെല്‍ഫ് ഫിനാന്‍സ് കോളേജുകളിലുള്‍പ്പെടെ ഈ അധ്യയന വര്‍ഷം മലബാറിലുണ്ടായിരുന്നത്. പുതിയ കോഴ്സ് അനുവദിക്കുക വഴി കേരളത്തിലാകെ 1250 ബിരുദ സീറ്റുകളും 495 ബിരുദാനന്തര സീറ്റുകളുമാണ് വര്‍ധിക്കുന്നത്. അതില്‍ പകുതി സീറ്റുകള്‍ മാത്രമാണ് മലബാറിന് ലഭിക്കുക. മലബാറിലാണെങ്കില്‍ ഹയര്‍ സെക്കന്ററി പാസാകുന്ന വിദ്യാര്‍ഥികളുമായി തുലനം ചെയ്യുമ്പോള്‍ ഒരു ലക്ഷത്തിന് മുകളില്‍ (106515) ബിരുദ സീറ്റുകളുടെ കുറവുണ്ട്. അതിലേക്ക് ഇങ്ങനെ ലഭിക്കുന്ന 600 സീറ്റും ഗവണ്മെന്റ് -എയ്ഡഡ് കോളേജുകളിലെ 20 ശതമാനം വര്‍ധനവ് വഴി ലഭിക്കുന്ന സീറ്റുകളും ചേര്‍ത്ത് വെച്ചാലും പ്രതിസന്ധിക്ക് ഒരു ശതമാനം പോലും പരിഹാരമാവുന്നില്ല. ഈ നാമമാത്ര വര്‍ധനവിന് മുമ്പത്തെ കണക്കനുസരിച്ച് 12938 വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്ററി പാസായ കാസര്‍കോട് ജില്ലയില്‍ 6483 ബിരുദസീറ്റുകളും 27033 ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ പാസായ കണ്ണൂര്‍ ജില്ലയില്‍ 13996 ഡിഗ്രി സീറ്റുകളും 9213 ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ പാസായ വയനാട് ജില്ലയില്‍ 4586 ബിരുദ സീറ്റുമാണുള്ളത്. ബിരുദ രംഗത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് യഥാക്രമം മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളാണ്. മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം 60246 ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. ഈ അധ്യയന വര്‍ഷത്തെ വെറും 26481 ബിരുദ സീറ്റുകളാണ് മലപ്പുറത്തുണ്ടായിരുന്നത്. 33765 വിദ്യാര്‍ഥികള്‍ക്ക് ജില്ലയില്‍ ബിരുദ പഠനാവസരമില്ല. ഈ വര്‍ഷത്തെ എല്ലാ വര്‍ധനവിന് ശേഷവും കാല് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും മലപ്പുറം ജില്ലയില്‍ ബിരുദ പഠന സൗകര്യമില്ല. വിവേചനത്തില്‍ രണ്ടാമത് നില്ക്കുന്ന കോഴിക്കോട് ജില്ലയില്‍ 37848 പേരാണ് ഈ വര്‍ഷം ഹയര്‍ സെക്കന്ററി പാസായത്. എന്‍ ഐ ടി യും മെഡിക്കല്‍ കോളേജുമുള്‍പ്പെടെ 26481 ബിരുദ സീറ്റുകളാണ് കോഴിക്കോടുള്ളത്. 21513 സീറ്റുകളുടെ കുറവ്. ഇതിലും നേരിയ മാറ്റം മാത്രമാണ് ഈ വര്‍ഷത്തെ വര്‍ധനവില്‍ ഉണ്ടായിട്ടുള്ളത്. പാലക്കാട് ജില്ലയില്‍ 28035 ആണ് ഹയര്‍ സെക്കന്ററി വിജയികള്‍ . ഡിഗ്രി സീറ്റുകള്‍ 15099 . പാലക്കാട് ജില്ലയില്‍ 12936 ബിരുദ സീറ്റുകളുടെ കുറവുണ്ട്. ജില്ലയിലെ ഹയര്‍ സെക്കന്ററി വിജയികളേക്കാള്‍ കോട്ടയത്ത് 23257, എറണാംകുളത്ത് 12022 ഇടുക്കിയില്‍11122, പത്തനംത്തിട്ടയില്‍ 542 ബിരുദ സീറ്റുകള്‍ അധികമുള്ളപ്പോഴാണ് മലബാറിലെ 6 ജില്ലകളിലും ഹയര്‍ സെക്കന്ററി പാസായവരുടെ പകുതി പോലും ബിരുദ സീറ്റില്ലാത്ത വിവേചനം ഇപ്പോഴും തുടരുന്നത്. ഈ വര്‍ഷത്തെ സീറ്റുവര്‍ധനവ് കൂടി ഉള്‍പ്പെടുത്തിയാല്‍ മുകളില്‍ പരാമര്‍ശിച്ച തെക്കന്‍ ജില്ലകളില്‍ ഇനിയും ബിരുദ സീറ്റുകള്‍ വര്‍ധിക്കും.
സര്‍ക്കാര്‍ – എയ്ഡഡ് കോളേജുകളുടെ എണ്ണത്തില്‍ തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മലബാര്‍ വിവേചനമാരംഭിക്കുന്നുണ്ട്. സംസ്ഥാനത്ത് 245 സര്‍ക്കാര്‍ – എയ്ഡഡ് കോളേജുകളുണ്ട്. ഇതില്‍ 42 ശതമാനം ജനങ്ങളുള്ള മലബാറില്‍ 93 കോളേജുകളാണുള്ളത്. ബാക്കി152 കലാലയങ്ങളും മലബാറിന് പുറത്താനുള്ളത്. മലബാറിലുള്ള 93 കോളേജുകളില്‍ ചിലത് സമര പ്രക്ഷോഭങ്ങളുടെ ഭാഗമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ അനുവദിച്ചതാണ്. അവയില്‍ പലതിനും സ്വന്തമായ കെട്ടിടം പോലുമായിട്ടില്ല. മിനിമം കോഴ്സുകളും മുന്നൂറില്‍ താഴെ വിദ്യാര്‍ഥികളുമാണ് വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജുകളിലുള്ളത്. സര്‍ക്കാര്‍ – എയ്ഡഡ് മേഖലയിലുള്ള 21 എഞ്ചിനീയറിംഗ് കോളേജുകളില്‍ 16 എണ്ണവും മലബാറിന് പുറത്താണ്. ഏറ്റവും കൂടുതല്‍ ഹയര്‍ സെക്കന്ററി വിജയികളുള്ള മലപ്പുറം ജില്ലയില്‍ ഒരു ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പോലുമില്ല.
ഹയര്സെക്കന്ററിയില് എണ്‍പത് ശതമാനത്തിനു മുകളില്‍ മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പോലും മലബാര്‍ ജില്ലകളില്‍ ബിരുദപഠനത്തിന് സൗകര്യമില്ല. മലബാറില്‍ നിലവിലുള്ള ബിരുദ സീറ്റുകള്‍ അധികവും സ്വാശ്രയ മേഖലയിലാണുള്ളത്. സീറ്റ് പ്രതിസന്ധി ഉന്നയിക്കുമ്പോഴെല്ലാം ഉയര്‍ന്ന ഫീസ് കൊടുത്ത് പഠിക്കേണ്ട സ്വാശ്രയ കോളേജുകളാണ് സര്‍ക്കാര്‍ മലബാറില്‍ അനുവദിക്കാറുള്ളത്. കേരളത്തില്‍ മൊത്തം 441 സ്വാശയ കോളേജുകളാണുള്ളത്. അതില്‍ 221 എണ്ണവും മലബാറിലെ ആറു ജില്ലകളിലാണ്. മലബാറിന് വിവേചനമില്ലാതെ ജനസംഖ്യാനുപാതികത്തിനും അപ്പുറം സര്‍ക്കാര്‍ നല്കിയ ഏക സ്ഥാപനമാണ് സ്വാശ്രയ കോളേജുകള്‍. വേണമെങ്കില്‍ മലബാറിലെ കുട്ടികള്‍ പണം മുടക്കി പഠിച്ചോട്ടെയെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാവാമിത്.
ബിരുദാനന്തര ബിരുദ മേഖലയിലും മലബാറില്‍ തുച്ഛമായ സീറ്റാണുള്ളത്. സെല്‍ഫ് ഫിനാന്സടക്കം കാസര്‍കോഡ് 1680, കണ്ണൂര്‍ 2284, വയനാട് 703, കോഴിക്കോട് 3603, മലപ്പുറം – 3981, പാലക്കാട്- 1823 എന്നിങ്ങനെയാണ് പി. ജി സീറ്റുകളുള്ളത്. ഓരോ ജില്ലയിലും നൂറില്‍ താഴെ പി. ജി സീറ്റുകള്‍ മാത്രമാണ് പുതിയ വര്‍ധനവ് വഴി ലഭിക്കുകയുള്ളൂ.
മലബാറില്‍ പുതിയ ഗവണ്മെന്റ് കോളേജുകള്‍ക്കൊപ്പം പുതിയ യൂണിവേഴ്സിറ്റിളും ഉണ്ടാകേണ്ടതുണ്ട്. യു. ജി. സി ചട്ടപ്രകാരം ഒരു യൂണിവേഴ്സിറ്റിക്ക് കീഴിലെ അഫിലിയേറ്റഡ് കോളജുകളുടെ എണ്ണം നൂറാണ്. എന്നാല്‍ മലബാറിലെ പ്രധാന യൂണിവേഴ്സിറ്റിയായ കാലികറ്റ് സര്‍വ്വകലാശാലക്ക് കീഴില്‍ മാത്രം 477 കോളേജുകളാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. യു. ജി. സി മാനദണ്ഡപ്രകാരം മാത്രം മൂന്ന് പുതിയ യൂണിവേഴ്സിറ്റികള്‍ മലബാറില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ പരിധിക്കകത്ത് ഉണ്ടാവണമെന്നര്‍ഥം. ഐക്യകേരളത്തിലെ എല്ലാ പൗരന്മാരും തുല്ല്യ അവകാശമുള്ളവരാണ്. പ്രദേശപരമായ വിവേചനങ്ങള്‍ ഉണ്ടാകുന്നത് സാമൂഹിക അനീതിയാണ്. കഴിഞ്ഞ 63 വര്‍ഷത്തെ ഐക്യകേരള സര്‍ക്കാരുകളുടെ വികസന വീതംവെപ്പില്‍ ആ അനീതി ഉണ്ടായിട്ടുണ്ടെന്നാണ്.
ഉന്നത വിദ്യാഭ്യാസരംഗത്തെ ഈ വിവേചന ഭീരതയുടെ കണക്കുകള്‍ തെളിയിക്കുന്നത്. ഒരു അനീതി തിരിച്ചറിഞ്ഞാല്‍ അത് ഘട്ടംഘട്ടമായെങ്കിലും പൂര്‍ണ്ണമായും പരിഹരിക്കാനുള്ള ശ്രമങ്ങളാണ് സാമൂഹിക നീതിയില്‍ വിശ്വസിക്കുന്ന ഒരു ഭരണകൂടത്തില്‍ നിന്ന് വിവേചനം അനുഭവിക്കുന്ന പൗരന്മാര് പ്രതീക്ഷിക്കുന്നത്. മലബാറിന്റെ വിദ്യാഭ്യാസ വിഷയത്തിലും അതുണ്ടാകുമെന്നാണ് പ്രതീക്ഷ.
– ബഷീര്‍ തൃപ്പനിച്ചി
സംസ്ഥാന കമ്മിറ്റിയംഗം
ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള