എറണാകുളം: കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍, പ്രായോഗിക പരിശീലനത്തിന് കൂടുതല്‍ പ്രാധാന്യമുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഇത് അപര്യാപ്തമാണെന്നും അതിനാല്‍ എത്രയും വേഗം ഈ പ്രതിസന്ധി പരിഹരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോഗ്യസര്‍വകലാശാല കമ്മിറ്റി. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അവസാന രണ്ടര വര്‍ഷത്തെ പഠനം മുഴുവനും രോഗികളുമായി ധാരാളം ഇടപെടേണ്ട ക്ലിനിക്കല്‍ വിഷയങ്ങളാണ്.ഓണ്‍ലൈന്‍ പഠനത്തില്‍ ഇത് തികച്ചും അസാധ്യമാണ്.ഈ വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കേണ്ട 2015 ലെ അഡീഷണല്‍ ബാച്ചിന്റെ 3 മാസത്തോളം നീണ്ടുനില്‍ക്കേണ്ട ക്ലിനിക്കല്‍ പോസ്റ്റിംഗ് രണ്ട് ആഴ്ചയായി വെട്ടിച്ചുരുക്കാനുള്ള തീരുമാനം ആശങ്കയുളവാക്കുന്നതാണ്.അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും ഉടന്‍ ക്ലാസുകള്‍ പുനരാരംഭിച്ചില്ലെങ്കില്‍ പ്രാപ്തരായ ഹൗസ് സര്ജന്മാരുടെ അഭാവം വരുംവര്‍ഷങ്ങളില്‍ ആരോഗ്യമേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയായി മാറും.മെഡിക്കല്‍ കോളേജുകള്‍ കോവിഡ് സെന്ററുകളാണ് എന്നതാണ് ക്ലാസുകള്‍ ആരംഭിക്കാനുള്ള തടസ്സവാദമായി പറയുന്നത്.എന്നാല്‍ മറ്റ് ഹോസ്പിറ്റലുകളെ ഇതിനായി പ്രയോജനപ്പെടുത്തി മെഡിക്കല്‍ കോളേജുകള്‍ കോവിഡ് മുക്തമാക്കിയോ താല്‍ക്കാലികമായി വിദ്യാര്‍ത്ഥികളെ വിഭജിച്ച് സ്വകാര്യ ആശുപത്രികളിലേക്ക് റിക്രൂട്ട് ചെയ്തോ ക്ലാസുകള്‍ പുനരാരംഭിക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോഗ്യസര്‍വകലാശാല കമ്മിറ്റി കണ്‍വീനര്‍ ഡോ. സുമയ്യ സുല്‍ത്താന അധ്യക്ഷത വഹിച്ചു.