ദേവിക എന്ന ദലിത് വിദ്യാര്‍ത്ഥിനിയുടെ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് രാജിവയ്ക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിയുടെയും ദുരഭിമാനബോധത്തിന്റെയും വിദ്യാഭ്യാസ രംഗത്തെ പുറന്തള്ളല്‍ നയത്തിന്റെയും രക്തസാക്ഷിയാണ് വളാഞ്ചേരിയിലെ ദേവിക എന്ന ദലിത് വിദ്യാര്‍ത്ഥിനി. മതിയായ പഠന സൗകര്യങ്ങളും, സംവിധാനങ്ങളും ഒരുക്കാതെ ജൂണ്‍ ഒന്നിന് തന്നെ വാശി പിടിച്ച് ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കുന്നതിലെ അനീതിയെ കുറിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും സാമൂഹികപ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 2.61 ലക്ഷത്തോളം പേര്‍ക്ക് ഓണ്‍ലൈന്‍ പഠന സങ്കേതങ്ങളില്ല എന്നാണ് എസ് എസ് എ കണക്ക്. പ്രാഥമികവും സാര്‍വത്രികവുമായ വിദ്യാഭ്യാസം വിദ്യാര്‍ഥികളുടെ മൗലികാവകാശമാണ്. ജൂണ്‍ ഒന്നിന് തന്നെ ക്ലാസ് തുടങ്ങിയെന്ന് മേന്മ നടിക്കാനും വിളംബരം ചെയ്യാനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ എടുത്തു ചാടുമ്പോള്‍ ഇതിലൂടെ പുറന്തള്ളപ്പെടുന്ന ദലിത് – ആദിവാസി – പിന്നാക്ക പ്രദേശങ്ങളില്‍ നിന്നുള്ള കുടുംബങ്ങളെയും വിദ്യാര്‍ഥികളെയും മാനസിക പിരിമുറുക്കങ്ങളിലേക്കും ആത്മഹത്യയിലേക്കുമാണ് സര്‍ക്കാര്‍ തള്ളിവിടുന്നത്.
ദേവികയുടേത് ആത്മഹത്യയല്ല, വ്യവസ്ഥാപിത കൊലപാതകം തന്നെയാണ്. പിന്നാക്ക സമുദായങ്ങളില്‍ നിന്നും
പിന്നാക്ക പ്രദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെ പരിഗണിക്കാതെയുള്ള എടുത്തു ചാട്ടങ്ങള്‍ കേരളത്തിന് സമ്മാനിച്ചിരിക്കുന്നത് ദേവികയെന്ന രക്തസാക്ഷിയെയാണ്.
ഇത്തരത്തിലുള്ള സ്ഥാപനവത്കൃത കൊലപാതകങ്ങള്‍ക്ക് കാരണക്കാരെ വിചാരണ ചെയ്യണ്ടതുണ്ട്. പ്രതികള്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ദേവികയുടെ ആത്മഹത്യയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് ഉടന്‍ രാജി വെക്കണം. സംസ്ഥാനത്തെ മുഴുവന്‍ ഓണ്‍ലൈന്‍ ക്ലാസുകളും ഉടന്‍ നിറുത്തി വെക്കണം. മതിയായ സംവിധാനങ്ങള്‍ ഒരുക്കാതെ ക്ലാസുകള്‍ തുടങ്ങരുതെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥിനിയുടെ സ്ഥാപനവത്കൃത കൊലപാതകത്തില്‍ പ്രതിഷേധിച്ചും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മതിയായ സംവിധാനങ്ങള്‍ ഒരുക്കും വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ച് സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിലേക്ക് നടന്ന പ്രതിഷേധ പ്രകടനം സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് തോന്നയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം, തൃശൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ പ്രതിഷേധിച്ച ജില്ലാ നേതാക്കളുള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ഷെഫ്റിന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഫാത്തിമാ ജമാല്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്