മാനന്തവാടി: ദലിത് – ആദിവാസി- പിന്നോക്ക മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനു സൗകര്യമൊരുക്കി കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ‘ഓണ്‍ലൈന്‍ ക്ലാസ് മുറി’ പദ്ധതി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടി കാട്ടിക്കുളം ആദിവാസി കോളനിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ വിതരണം നടത്തിക്കൊണ്ട് സംസ്ഥാന പ്രസിഡണ്ട് ഷംസീര്‍ ഇബ്രാഹിം നിര്‍വഹിച്ചു. പുറന്തള്ളലല്ല, ഉള്‍ക്കൊള്ളലാണ് വിദ്യാഭ്യാസം എന്ന മുഖവാചകത്തില്‍ സംസ്ഥാന വ്യാപകമായി പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ രണ്ടര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിധിക്ക് പുറത്താണ്. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. പ്രസ്തുത ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന സന്ദര്‍ഭത്തില്‍ അവ ഏറ്റെടുത്ത് നിര്‍വഹിക്കുവാന്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് തീരുമാനിച്ചത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റെ കൂടി ഭാഗമായാണ്.
ദലിത് – ആദിവാസി – പിന്നോക്ക പ്രദേശങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ്ണമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സര്‍ക്കാര്‍ ഉറപ്പാക്കേണ്ടിയിരുന്നു. ട്രയല്‍ ആണെങ്കില്‍ കൂടിയും വിദ്യാര്‍ത്ഥികളെ ക്ലാസ്സിന് വെളിയില്‍ നിര്‍ത്തുന്നത് അംഗീകരിക്കാന്‍ ആവില്ല. ദേവിക എന്ന വിദ്യാര്‍ഥിയുടെ വ്യവസ്ഥാപിത കൊലപാതകത്തിന്റെ ഉത്തരവാദികള്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ ഭൂപടത്തില്‍ നിന്ന് വലിയൊരു ശതമാനം വിദ്യാര്‍ഥികള്‍ പുറത്താണ് എന്നത് യാഥാര്‍ഥ്യമാണ്. വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് ശക്തമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത പിന്നോക്ക പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി വസീം അലി, ജില്ലാ പ്രസിഡന്റ് ലത്തീഫ് പി.എച്ച്, സെക്രട്ടറി മുഹമ്മദ് ഷഫീക്, ശര്‍ബിന, ഫറാഷ് മുഹമ്മദ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഫൈസല്‍ പി.എച്ച് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.