തിരുവനന്തപുരം : പാലക്കാട് ചെറുനെല്ലി കോളനിയിലെ ആദിവാസി വിദ്യാർത്ഥികളോട് സ്കൂൾ അധികൃതർ തികഞ്ഞ ജാതി വിവേചനവും മാനസിക പീഡനവും നടത്തുന്നുതിന്റെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ വിഷയത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ വിദ്യാർത്ഥികളോട് സ്കൂൾ അധികൃതരും സഹപാഠികളും പെരുമാറുന്ന ഹീനമായ രീതികളെക്കുറിച്ച് വിദ്യാർഥികളുടെ രക്ഷിതാക്കൾ തന്നെ ഉദാഹരണങ്ങൾ നിരത്തി വിശദമാക്കുന്നതിനെ ലഘൂകരിച്ച് കാണാൻ കഴിയുകയില്ല. ജാതി മത വിവേചനങ്ങൾക്ക് അതീതമായ സമൂഹമാണ് കേരളത്തിലുള്ളതെന്ന് ഭരണകൂടം ആവർത്തിക്കുമ്പോഴും കേരളീയ അന്തരീക്ഷത്തിൽ ആഴത്തിൽ വേരൂന്നിയ ജാതിവിവേചനം നടക്കുന്നുണ്ട് എന്നതിന്റെ തെളിവുകളാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
കിലോമീറ്ററുകൾ താണ്ടി വിദ്യാലയങ്ങളിൽ എത്തുന്ന വിദ്യാർഥികളോട് ജാതി വിവേചനത്തോടുകൂടി പെരുമാറുന്ന അധികൃതർക്കെതിരെ നടപടി സ്വീകരിക്കാനാണ് സർക്കാർ തയ്യാറാക്കേണ്ടത്. മാനസിക പീഡനത്തിന്റെ ഫലമായി രണ്ടുവർഷമായി പഠനം മുടങ്ങിയ വിദ്യാർഥികളെ കണ്ടെത്താൻ പോലും സർക്കാറിന് കഴിയാതെ പോയത് തന്നെ ഇത്തരം ജാതി വിവേചനങ്ങളെ മറികടക്കുന്നതിലെ സർക്കാരിന്റെ പരാജയമാണ്. ഇത്തരത്തിൽ അടിസ്ഥാന വിദ്യാഭ്യാസ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ധാരാളം പിന്നാക്ക പ്രദേശങ്ങൾ സംസ്ഥാനത്തുണ്ട്. അത്തരം പ്രദേശങ്ങളിൽ പ്രത്യേക പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ട്. അയിലൂർ എസ് എം ഹൈസ്കൂളിലെ പഠനാന്തരീക്ഷത്തെ കുറിച്ചും ഹോസ്റ്റലിനെ കുറിച്ചും പരാതി ഉയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ അർച്ചന പ്രജിത്ത്, അഷ്റഫ് കൊണ്ടോട്ടി, മുജീബ് റഹ്മാൻ, വൈസ് പ്രസിഡന്റ് മഹേഷ് തോന്നയ്ക്കൽ എന്നിവർ പങ്കെടുത്തു.