പാലക്കാട്: ജില്ലയിലെ പ്ലസ് വണ്‍ അപേക്ഷകരായ 43,920 വിദ്യാര്‍ത്ഥികളില്‍ 24,211 വിദ്യാര്‍ത്ഥികള്‍ക്കാണ് സെക്കന്റ് അലോട്ട്മെന്റോടു കൂടി അലോട്ട്മെന്റ് ലഭിച്ചിരിക്കുന്നതെന്നും സപ്ലിമെന്ററി അലോട്ട്മെന്റിന് മുന്നോടിയായി അവശേഷിക്കുന്നത് വെറും 31 സീറ്റുകള്‍ മാത്രമാണെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. സീറ്റ് ക്ഷാമം മൂലം പുറംന്തള്ളപ്പെടുന്ന ബാക്കിയുള്ള 19,678 വിദ്യാര്‍ത്ഥികള്‍ എന്തു ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം. കേവലമായ ആനുപാതിക സീറ്റ് വര്‍ധന പരിഹാരമല്ലെന്ന് ഓരോ വര്‍ഷവും തെളിയിക്കപ്പെടുകയാണ്. അതിനാല്‍ പുതിയ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകള്‍ പൊതുമേഖലയില്‍ അനുവദിക്കണം. സര്‍ക്കാര്‍,എയ്ഡഡ് സ്ക്കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുകയും സര്‍ക്കാര്‍, എയ്ഡഡ് ഗവ.ഹൈസ്ക്കൂളുകളെ ഹയര്‍ സെക്കന്‍ഡറികളായി ഉയര്‍ത്തണമെന്നും ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മലബാറിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ സമഗ്രമായ വിദ്യാഭ്യാസ പാക്കേജ് നടപ്പിലാക്കണമെന്ന നിര്‍ദേശവും യോഗം മുന്നോട്ട് വെച്ചു.ജില്ല പ്രസിഡന്റ് നവാഫ് പത്തിരിപ്പാല അധ്യക്ഷത വഹിച്ചു.കെ.എം സാബിര്‍ അഹ്സന്, അമീറ മുസ്തഫ, റഷാദ് പുതുനഗരം, ഫിറോസ്.എഫ്.റഹ്മാന് എന്നിവര്‍ സംസാരിച്ചു.